‘എഞ്ചിനീയറിങ് പഠനം സാധ്യതകളും അവസരങ്ങളും’

engg

വിദ്യാര്‍ത്ഥികള്‍ പുതിയ പാതകളിലേയ്ക്ക് തിരിയുന്ന സമയമാണ് ഇപ്പോള്‍. പത്താംക്ലാസ്സിനു ശേഷം ഏത് മേഖല തിരഞ്ഞെടുക്കുന്നു എന്നതിനെ ആശ്രയിച്ചാണ് പിന്നീടുള്ള പുരോഗതി. പൊതുവില്‍ വിദ്യാര്‍ത്ഥികള്‍ നോട്ടമിടുന്ന മേഖലയാണ് എഞ്ചിനീയറിങ്. ഓരോവര്‍ഷവും പതിനഞ്ചുലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് എഞ്ചിനീയറിങ് കോളജുകളില്‍ നിന്നും പഠിച്ചിറങ്ങുന്നത്. ഇവയില്‍, അറുപതിനായിരത്തിലധികം മലയാളി വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ക്കിടയില്‍ അഭൂതപൂര്‍വ്വമായ മാറ്റമാണ് ഈ രംഗത്തുണ്ടായത്. ഐ.ടി. മേഖല കരുത്തുപ്രാപിച്ചതോടുകൂടി ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ വര്‍ഷംതോറും സൃഷ്ടിക്കപ്പെട്ടു. നാടൊട്ടുക്ക് കൂണ്‍കണക്കിന് എഞ്ചിനീയറിങ് കോളജുകള്‍ മുളച്ചുപൊന്തി. ഈ മാറ്റം ഗുണത്തോടൊപ്പം ദോഷവും നല്‍കുന്നു. കോളെജുകളും പഠനവിഭാഗവും തിരഞ്ഞെടുക്കുമ്പോള്‍ കൃത്യമായ ധാരണ നമ്മുക്കുണ്ടാകണം.

എഞ്ചിനീയറിങ് പഠനം താല്പര്യപൂര്‍വ്വം തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികളില്‍പോലും, തങ്ങള്‍ തിരഞ്ഞെടുക്കുന്ന വിഷയത്തിന്റെ ഉള്ളടക്കം, സാധ്യതകള്‍ തുടങ്ങിയ കാര്യങ്ങളില്‍ വേണ്ടത്ര അവബോധം കാണാറില്ല. പ്രത്യേകിച്ച്, ഗ്രാമാന്തരീക്ഷത്തില്‍നിന്നും പ്രവേശനം തേടിയെത്തുന്ന വിദ്യാര്‍ത്ഥികളില്‍ ഇന്റര്‍നെറ്റിന്റെയും മറ്റും പ്രചാരം വേണ്ടത്രയുണ്ടായിട്ടും, ഇത്തരം ഒരു അവബോധം ഇന്നും അന്യം തന്നെ. അപക്വവും, യാഥാര്‍ഥ്യബോധത്തിന്റെ പിന്‍ബലം ഇല്ലാത്തതുമായ അഭിപ്രായങ്ങളും, ഉപദേശങ്ങളും കേട്ട് പലരും കുഴിയില്‍ ചാടിയ അനുഭവങ്ങളും നിരവധിയാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്ത വിദ്യാര്‍ത്ഥികള്‍ ചൂഷണം ചെയ്യപ്പെട്ട സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

book-2അതുപോലെ, എഞ്ചിനീയറിങ് പഠനത്തിനുശേഷം. ഐ.ടി. ജോലി എന്നൊരു സ്ഥിതിയും വിവരസാങ്കേതികവിസ്‌ഫോടനത്തിന്റെ ഫലമായി, നിര്‍ഭാഗ്യകരമെന്നുപറയട്ടെ, ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. ചില ഉന്നത സ്ഥാപനങ്ങളിലൊഴികെയുള്ള കലാലയങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പഠനവിഷയം പാടേ വിസ്മരിച്ച് ഐ.ടി.യിലേക്ക് ചേക്കേറുന്നു. ജോലിലഭ്യതയിലുള്ള ഏറ്റക്കുറച്ചിലുകള്‍ക്കൊപ്പം എഞ്ചിനീയറിങ് പഠനത്തിനുശേഷം എന്ത് എന്നതിനെക്കുറിച്ച് നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള അജ്ഞതയും കാരണമാണ്. ഇക്കാര്യത്തില്‍ വേണ്ടത്ര മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിക്കാനുള്ള അവസരങ്ങളും തുലോം വിരളമാണ് എന്നതാണ് വസ്തുത.

ഈ അവസ്ഥയിലാണ് എഞ്ചിനീയറിങ് പഠനത്തെക്കുറിച്ച് . അരുണാനന്ദ് റ്റി എ തയ്യാറാക്കിയിരിക്കുന്ന എഞ്ചിനീയറിങ് പഠനം സാധ്യതകളും അവസരങ്ങളും എന്ന പുസ്തകം തികച്ചും പ്രസക്തമാകുന്നത്. അരുണാനന്ദ് എന്‍.ഐ.ടി. കാലിക്കറ്റില്‍ നിന്നും എം.ടെക് ബിരുദം നേടിയതിനുശേഷം ഇപ്പോള്‍ ബംഗളുരുവിൽ പ്രമുഖ ഐ.ടി. സ്ഥാപനത്തില്‍ എഞ്ചിനീയര്‍ ആയി സേവനമനുഷ്ടിക്കുന്നു. ഉന്നതവിദ്യാഭ്യാസം, കരിയര്‍ മേഖലകളില്‍ അരുണാനന്ദിന്റെ പഠനാര്‍ഹമായ നിരവധി ലേഖനങ്ങള്‍ ഇതിനോടകം പ്രമുഖ പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

മൂന്ന് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിന് ഒരുങ്ങുന്ന ഒരു വിദ്യാര്‍ത്ഥി അവശ്യം അറിഞ്ഞിരിക്കേണ്ട എല്ലാകാര്യങ്ങളും സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. എഞ്ചിനീയറിങ് പ്രവേശനത്തിന് മുന്നോടിയായി ഉടലെടുക്കുന്ന സംശയങ്ങള്‍ക്കുള്ള വിശദീകരണങ്ങളും, ബി.ടെക് പഠനകാലം ഫലപ്രദവും, വിജയകരവും ആക്കി മാറ്റുവാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉപരിപഠന – ജോലിസാധ്യതകളും എഞ്ചിനീയറിങ് പ്രവേശനം സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും സാധാരണയായി ഉണ്ടാകുന്ന സംശയങ്ങള്‍ക്കുള്ള മറുപടിയും ഉള്‍പ്പെടുന്ന പുസ്തകം മികച്ച വഴികാട്ടിയാകുന്നു.

Categories: Editors' Picks, LITERATURE