ഇനി പോലീസിനെ വിളിക്കൂ 112 ല്‍

112അടിയന്തര സാഹചര്യങ്ങളില്‍ പോലീസിനെ വിളിക്കാന്‍ ഇനി ഒരു നമ്പര്‍ മാത്രം മതി. നിലവില്‍ 100 ആയിരുന്നു പോലീസിനെ വിളിക്കാനുള്ള നമ്പര്‍. എന്നാല്‍ ഇനിയത് 112 ആയിരിക്കും. മൂന്നു മാസത്തിനുള്ളില്‍ ഈ സംവിധാനം കേരളത്തില്‍ നിലവില്‍ വരുമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ഇന്ത്യയില്‍ ഇതു നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം കൂടിയാണ് കേരളം.ഏത് അടിയന്തര ഘട്ടത്തിലേക്കും 112ലേക്കു വിളിക്കാം. ആവശ്യമനുസരിച്ച് ഈ കോളുകള്‍ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറുമെന്നു ബെഹ്‌റ വ്യക്തമാക്കി. നിലവില്‍ അടിയന്തര സഹായ നമ്പറുകളായി 101 (അഗ്‌നിശമന സേന), ആംബുലന്‍സ് (102) എന്നിവയും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പുതിയ സംവിധാനം വരുന്നതോടെ ഇവയെല്ലാം 112 എന്ന ഒരു നമ്പറിനു കീഴിലാവും. ഈ നമ്പറിലേക്ക് 24 മണിക്കൂറും വിളിക്കാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അടിയന്തര പ്രതികരണ സംവിധാന പദ്ധതിക്ക് (എന്‍ഇആര്‍എസ്) തുടക്കമിട്ടത്.

നിര്‍ഭയ ഫണ്ടുപയോഗിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 112 എന്ന പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ 36 കോള്‍ സെന്ററുകള്‍ ഇതിനു വേണ്ടി സംസ്ഥാനത്ത് തയ്യാറാക്കും. കോള്‍ വന്നു കഴിഞ്ഞാല്‍ ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വഴി എവിടെ നിന്നാണ് വിളിച്ചതെന്ന് കണ്ടെത്താനാവും. ജിപിഎസ് ഉപയോഗിച്ച് ഈ സ്ഥലത്തേക്കു ഉടന്‍ വാഹനം അയക്കും. ഈ വാഹനങ്ങളിലും ജിപിഎസ് സംവിധാനമുണ്ടാവും. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ സംസ്ഥാനത്തെ ഹൈവേകളില്‍ നിരീക്ഷണത്തിനായി ഉയര്‍ന്ന നിലവാരത്തിലുള്ള ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ബെഹ്‌റ പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ തല്‍സമയം ഈ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനായി കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Categories: LIFESTYLE

Related Articles