DCBOOKS
Malayalam News Literature Website

ഇലവന്‍ മിനിറ്റ്‌സ്- പൗലോ കൊയ്‌ലോ

 

അക്ഷരങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന ബ്രസീലിയന്‍ നോവലിസ്റ്റ് പൗലോ കൊയ്‌ലോയുടെ മറ്റൊരു വിസ്മയമാണ് ഇലവന്‍ മിനിറ്റ്‌സ്. ആത്മാര്‍ത്ഥ പ്രണയവും രതിയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സംഘര്‍ഷഭരിതമാവുന്ന മരിയയുടെ ജീവിതമാണ് ഇലവന്‍ മിനിറ്റ്‌സ്.

അനശ്വരമായ പ്രണയത്തിന്റെ സ്വപ്‌നങ്ങള്‍ നെയ്ത് അതില്‍ ജീവിച്ച ബ്രസീലിയന്‍ പെണ്‍കുട്ടിയാണ് മരിയ. അപ്രതീക്ഷിതമായി നഷ്ടപ്പെട്ട തന്റെ ആദ്യ പ്രണയത്തിന്റെ ആഘാതത്തില്‍ ഇനിയൊരിക്കലും ആത്മാര്‍ത്ഥപ്രണയത്തില്‍ വീഴുകയില്ലെന്ന് അവള്‍ ശപഥം ചെയ്തു. പ്രണയം ദുഃഖം മാത്രമെ സമ്മാനിക്കു എന്ന് വിശ്വസിച്ച അവള്‍, പ്രശസ്തി നേടുന്നതിനായി സ്വിറ്റസര്‍ലണ്ടില്‍ എത്തുന്നു. സ്വപ്‌നതുല്യമായ ജീവിതം മോഹിച്ച അവളുടെ ജീവിതം മാറിമറിയുന്നത് അവള്‍ക്ക് വേശ്യയായി മാറേണ്ടി വരുന്നതിലൂടെയാണ്. ലൈംഗികതയില്‍ ആസക്തി കണ്ടെത്തുന്ന അവളുടെ ജീവിതം സംഘര്‍ഷഭരിതമാവുന്നത് റാല്‍ഫ് എന്ന ചിത്രകാരനെ പരിചയപ്പെടുന്നതിന് ശേഷമാണ്.

2003 ല്‍ പുറത്തിറങ്ങിയ കൃതി അമ്പത്തിമൂന്ന് ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2009 ലാണ് ജോണി എം. എല്‍ വിവര്‍ത്തനം ചെയ്ത ഇലവന്‍ മിനിറ്റ്‌സ് മലയാളത്തില്‍ പുറത്തിറങ്ങിയത്. ഈ പുസ്തകത്തിന്റെ ഒന്‍പതാം പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.

ആല്‍ക്കെമിസ്റ്റ്, അക്രയില്‍നിന്നും കണ്ടെടുത്ത ലിഖിതങ്ങള്‍, അഡല്‍റ്റ്‌റി, തീര്‍ത്ഥാടനം, ഫിഫ്ത് മൗണ്ടന്‍, പോര്‍ട്ടോബെല്ലോയിലെ മന്ത്രവാദിനി , പീദ്ര നദിയോരത്തിരുന്നു ഞാന്‍ തേങ്ങി തുടങ്ങി പൗലോ കൊയ്‌ലോയുടെ പതിനേഴ് കൃതികള്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments are closed.