സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 1500 സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ ശുപാർശ

schools

സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 1500 സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യുഐപി യോഗം ശുപാര്‍ശ ചെയ്തു. യോഗത്തില്‍ ഡിപിഐയാണ് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ കണക്ക് വച്ചത്.

പുതിയ അധ്യായന വര്‍ഷം മുതല്‍ സംസ്ഥാനത്ത് അനധികൃതമായി വിദ്യാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. ദേശീയ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കിയതിനാല്‍ സംസ്ഥാനത്തിന്റെ അംഗീകാരമില്ലാതെ വിദ്യാലയങ്ങള്‍ നടത്താനുമാകില്ല. നിലവില്‍ ഒരു വിധത്തിലുള്ള അംഗീകാരവുമില്ലാത്ത 1500 ഓളം വിദ്യാലയങ്ങള്‍ ഉണ്ടെന്നാണ് ഡിപിഐ യോഗത്തില്‍പറഞ്ഞത്. തുടര്‍ന്ന് ഇവ അടിയന്തിരമായി അടച്ചുപൂട്ടാന്‍ പ്രതിനിധികള്‍ ആവശ്യപ്പെടുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമുള്ള സ്കൂളുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. രക്ഷിതാക്കളും കുട്ടികളും വഞ്ചിതരാകാതിരിക്കാനാണ് അംഗീകാരമുള്ള സ്കൂളുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ യോഗം തീരുമാനിച്ചത്. യോഗത്തില്‍ അധ്യാപക സംഘടനാപ്രതിനിധികളും പങ്കെടുത്തു.

Categories: GENERAL