ചരിത്ര വിദ്യാർത്ഥികൾക്ക് കൗതുകമുണർത്തി ഇടയ്‌ക്കൽ ഗുഹ

idaykkalകേരളത്തിലെ വയനാട് ജില്ലയിലെ ഒരു ഗ്രാമമാണ് ഇടയ്ക്കല്‍. വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള മലയായ അമ്പുകുത്തി മല എടക്കലില്‍ ആണ് സ്ഥിതിചെയ്യുന്നത്. പ്രാചീന കാലത്തെ നവീന ശിലായുഗ കാലഘട്ടത്തിലെ ഗുഹകളാണ് ഈ മലയുടെ എടുത്തു പറയാവുന്ന സവിശേഷതയായി പറയാവുന്നത്. ക്രിസ്തുവിനു പിന്‍പ് 8,000 വര്‍ഷത്തോളം പഴക്കം ഈ ഗുഹകളിലെ ചുമര്‍ ചിത്രങ്ങള്‍ക്ക് പറയുന്നുണ്ട്. കല്ലില്‍ കൊത്തിയാണ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അമ്പുകുത്തി മലയില്‍ ഏകദേശം 1000 മീറ്റര്‍ ഉയരത്തിലാണ് ഈ ഗുഹകള്‍. ഗുഹകള്‍ സന്ദര്‍ശിക്കുവാനായി ഇടക്കലില്‍ ഇറങ്ങി ഏകദേശം ഒരു കിലോമീറ്റര്‍ കാല്‍നടയായി മല കയറേണ്ടതുണ്ട്.

കല്‍പറ്റയില്‍ നിന്നും 25 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. ഇത് ഭൂമിശാസ്ത്രപരമായി ഒരു ഗുഹ അല്ല. മറിച്ച്, മലയിലെ പാറകളിലെ 96 അടി നീളവും 22 അടി വീതിയുമുള്ള ഒരു വിടവാണ് ഇത്. മുകളില്‍ നിന്ന് ഒരു വലിയ പാറ വന്നു വീണ് ഒരു മേല്‍ക്കൂര തീര്‍ത്ത് ഗുഹയുടെ പ്രതീതി ജനിപ്പിക്കുന്നു എന്നേ ഉള്ളൂ. പാറയില്‍ കൊത്തിയ മൃഗങ്ങളുടെയും മനുഷ്യര്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുടെയും ചിത്രങ്ങള്‍ ശിലായുഗത്തില്‍ സാംസ്‌കാരികമായി വളരെ ഉയര്‍ന്ന ഒരു ജനത ഇവിടെ ജീവിച്ചിരുന്നു എന്നതിന് തെളിവാണ്. ഫ്രെഡ് ഫോസെറ്റ് എന്ന ബ്രിട്ടീഷുകാരനാണ് ഈ ഗുഹകള്‍ കണ്ടെത്തിയത്. ഇടക്കല്‍ ഗുഹയുടെ ഏറ്റവും അടുത്തുള്ള പട്ടണം സുല്‍ത്താന്‍ ബത്തേരി ആണ്. ഇവിടെനിന്ന് 12 കിലോമീറ്റര്‍ അകലെയാണത്. കേരളത്തിലെ ചരിത്ര, പുരാവസ്തു ഗവേഷകർക്ക് ഒരു നിധിയാണ് ഇടയ്‌ക്കൽ ഗുഹ.

Categories: LIFESTYLE