DCBOOKS
Malayalam News Literature Website

ദ്രാവിഡഭാഷകളുടെ ഉദ്ഭവം 4500 വര്‍ഷം മുമ്പെന്ന് പഠനം

കേരളീയരുടെ മാതൃഭാഷയായ മലയാളമുള്‍പ്പെടുന്ന ദ്രാവിഡഭാഷാകുടുംബത്തിലെ വിവിധഭാഷകളുടെ ഉദ്ഭവം 4500 വര്‍ഷം മുമ്പാണെന്ന്
അന്താരാഷ്ട്രസംഘത്തിന്റെ പഠനം. ഇന്ത്യയുടെ തെക്കും മധ്യഭാഗങ്ങളിലുമായി കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ദ്രാവിഡഭാഷാകുടുംബത്തില്‍ എണ്‍പതിലേറെ ഭാഷകളാണുള്ളത്. 22 കോടിയിലേറെപ്പേര്‍ ഈ ഭാഷകള്‍ സംസാരിക്കുന്നുണ്ട്. കന്നഡ, മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകള്‍ക്ക് നൂറ്റാണ്ടുകളുടെ സാഹിത്യപാരമ്പര്യമുണ്ട്. ഈ നാലുഭാഷകളില്‍ ഏറ്റവും പഴക്കം തമിഴിനാണ്. ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ദി സയന്‍സ് ഓഫ് ഹ്യൂമന്‍ ഹിസ്റ്ററി, ദെഹ്‌റാദൂണ്‍ വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലെ ഗവേഷകര്‍ സംയുക്തമായി നടത്തിയ ഭാഷാഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍.

ദ്രാവിഡ ഭാഷ സംസാരിക്കുന്നവരില്‍നിന്ന് നേരിട്ടുസ്വീകരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഗവേഷണഫലം റോയല്‍ സൊസൈറ്റി ഓപ്പണ്‍ സയന്‍സ് ജേണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. യൂറേഷ്യയുടെ മുന്‍ചരിത്രം മനസ്സിലാക്കുന്നതിനായി ദ്രാവിഡ ഭാഷകളെക്കുറിച്ചുള്ള പഠനം അനിവാര്യമാണെന്ന് മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഗവേഷക ആന്‍മേരി വെര്‍കെര്‍ക് പറയുന്നു. മറ്റുഭാഷകളെ സ്വാധീനിക്കുന്നതില്‍ ഇവ നിര്‍ണായകമായി എന്നതിനാലാണിത്. ദ്രാവിഡഭാഷകളുടെ ഭൂമിശാസ്ത്രപരമായ ഉദ്ഭവത്തെയോ അവയുടെ വ്യാപനം ആരംഭിച്ചത് എന്നുമുതലാണ് എന്നതിനെക്കുറിച്ചോ കൃത്യതയില്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍നിന്നുള്ളവരാണ് ദ്രാവിഡര്‍. 3500 വര്‍ഷങ്ങള്‍ക്കുമുന്‍പ് ആര്യന്മാര്‍ വരുംമുന്‍പേ ഇവര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുണ്ടായിരുന്നുവെന്ന് ഗവേഷണം പറയുന്നു. ഇന്നുകരുതുന്നതിനേക്കാള്‍ ഏറെമുന്‍പ് ദ്രാവിഡ ഭാഷണകള്‍ക്ക് പാശ്ചാത്യനാടുകളില്‍ പ്രചാരം കിട്ടിയിരുന്നുവെന്നും ഗവേഷണത്തിലുണ്ട്. അതിനൂതന സ്റ്റാറ്റിസ്റ്റിക്‌സ് രീതികളുപയോഗിച്ചാണ് ദ്രാവിഡ ഭാഷകളുടെ ഉദ്ഭവം 4000 മുതല്‍ 4500 വരെ വര്‍ഷങ്ങള്‍ മുന്‍പാണെന്ന് കണ്ടെത്തിയത്.

അഫ്ഗാനിസ്താന് പടിഞ്ഞാറുമുതല്‍ ബംഗ്ലാദേശിന് കിഴക്ക് വരെയുള്ള ദക്ഷിണേഷ്യയുടെ ഭാഗങ്ങളില്‍ ദ്രാവിഡ, ഇന്തോയൂറോപ്യന്‍, സിനോടിബറ്റന്‍ തുടങ്ങിയവ ആറു ബൃഹദ് ഭാഷാകുടുംബങ്ങളിലായി അറുന്നൂറിലേറെ ഭാഷകളാണ് നിലവിലുള്ളത്.

Comments are closed.