ദേശീയ നാടകോത്സവത്തിന് തിരശീല ഉയർന്നു

khasak

ഒ.വി. വിജയന്റെ ഖസാക്കിനെ വേദിയിൽ പുനരാവിഷ്കരിച്ചു കൊണ്ട് അനന്തപദ്മനാഭന്റെ മുന്നിൽ ദേശീയ നാടകോത്സവത്തിന് തിരശീല ഉയർന്നു. രവിയും കൂമൻകാവും ചെതലിയും അപ്പുക്കിളിയും മൈമുനയും അള്ളാപ്പിച്ച മൊല്ലാക്കയുമൊക്കെ അനശ്വരതയിൽനിന്ന് പറന്നിറങ്ങി അരങ്ങുണർത്തുകയായിരുന്നു. ദീപൻ ശിവരാമൻ സംവിധാനം ചെയ്ത് തൃക്കരിപ്പൂർ കെ.എം.കെ സ്മാരക കലാസമിതി അരങ്ങിലെത്തിച്ച ഖസാക്കിന്റെ ഇതിഹാസം എന്ന ഉദ്ഘാടന നാടകം തലസ്ഥാനം ആവേശത്തോടെ സ്വീകരിച്ചു.

അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ അങ്കണത്തിൽ മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം നിർവഹിച്ചത്. നാടകങ്ങൾ സമ്മാനിച്ച അറിവിന്റെ അക്ഷയഖനിയാണ് ആധുനിക കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയ വികാസത്തിന് ആക്കംകൂട്ടിയതെന്ന് മന്ത്രി പറഞ്ഞു. നാടകകലയോട് അതിനാൽത്തന്നെ കേരളീയർക്ക് എന്നും അഭിനിവേശമുണ്ട്. ആധുനിക മാദ്ധ്യമങ്ങളുടെ സ്വാധീനത്തിൽ പോലും അത് കൊഴിഞ്ഞുപോകുന്നില്ലെന്ന് നാടകവേദിയിലേക്കുള്ള നീണ്ട ക്യൂ വ്യക്തമാക്കുന്നതായും മന്ത്രി പരാമർശിച്ചു. തനതു നാടക കലയുടെ ആചാര്യൻ കാവാലം നാരായണപ്പണിക്കരുടെ സ്മരണയ്ക്കു മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ടാണ് നാടകോത്സവത്തിന് തിരശീല ഉയർന്നത്. എട്ടു ദിവസങ്ങളിലായി ഒൻപതു ഭാഷകളിലെ 17 നാടകങ്ങൾ അരങ്ങിലെത്തും. ടാഗോർ തിയേറ്ററിലാണ് നാടകങ്ങൾ അവതരിപ്പിക്കുന്നത്. പ്രഭാഷണങ്ങളും ചർച്ചകളും നാടൻപാട്ടുകളും ഉണ്ടാകും. ഇന്ന് വൈകിട്ട് 5ന് ന്യൂഡൽഹി പപ്പറ്റ് ആർട്സ് ട്രസ്റ്റ് അവതരിപ്പിക്കുന്ന മഹാഭാരത എന്ന ഹിന്ദി നാടകമാണ് അരങ്ങിലെത്തുന്നത്. രാത്രി എട്ടിന് കാവാലം സ്റ്റേജിൽ ബഹുഭാഷാ നാടകമായ മെഷീൻസ് അവതരിപ്പിക്കും.