മനുഷ്യസ്‌നേഹത്തിന്റെ കലയാണ് നാടകം; മണികണ്ഠന്‍

manikandanമനുഷ്യസ്‌നേഹത്തിന്റെ കലയാണ് നാടകമെന്ന് ചലച്ചിത്രനാടക നടന്‍ മണികണ്ഠന്‍. നടനായതുകൊണ്ടാണ് നല്ല മനുഷ്യനാകാനും സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും എനിക്കുകഴിയുന്നത്. “നാടകത്തെ ഹൃദയത്തോളം സ്‌നേഹിച്ചാല്‍ നാടകം ആ സ്‌നേഹം തിരിച്ചുതരും. അതാണ് തനിക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. നാടകമാണ് എന്റെ ഭാഷ. നടനായി നില്‍ക്കുമ്പോഴാണ് നന്നായി സംസാരിക്കാന്‍ കഴിയുന്നത്. പൊതുവേദിയില്‍ താന്‍ സംസാരിച്ചുപഠിക്കുകയാണെന്നും മണികണ്ഠന്‍ പറഞ്ഞു. എറണാകുളം ടൗണ്‍ഹാളില്‍ ചൊവ്വാഴ്ച ആരംഭിച്ച ഏകാങ്ക നാടകമത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മണികണ്ഠന്‍.

ബ്ലോക്ക് പ്രസിഡന്റ് എം ജെ ഷിനീഷ് അധ്യക്ഷനായി. നാടകകൃത്തും സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാനുമായ സേവ്യര്‍ പുല്‍പ്പാട്ട്, സംഗീത നാടക അക്കാദമി മുന്‍ വൈസ് ചെയര്‍മാന്‍ ടി പി എബ്രഹാം, ജൂറി അംഗം മദന്‍ ബാബു, സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. എം അനില്‍കുമാര്‍, ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് സതീഷ്, പി എന്‍ സീനുലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് ചക്കക്കുരു, വരൂ കഞ്ഞികുടിച്ചിട്ടു പോകാം, കള്ളനും പൊലീസും, ഹാര്‍മോണിയം, ധൂമ തിരശ്ശീല, പൂക്കാലം കൊതിച്ച പൂമ്പാറ്റകള്‍ എന്നീ നാടകങ്ങള്‍ അരങ്ങേറി. ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിനു മുന്നോടിയായി  നടത്തുന്ന നാടകമത്സരം ബുധനാഴ്ചയും തുടരും. പകല്‍ രണ്ടിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണംചെയ്യും. ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന നാടകങ്ങള്‍ക്കും മികച്ച നടന്‍, നടി, രചയിതാവ് എന്നിവര്‍ക്കുമാണ് പുരസ്‌കാരങ്ങള്‍. സമാപനസമ്മേളനം ജോണ്‍ ഫെര്‍ണാണ്ടസ് എംഎംഎ ഉദ്ഘാടനംചെയ്യും. ചടങ്ങില്‍ ജനപക്ഷ നാടകത്തിന് അമൂല്യ സംഭാവന നല്‍കിയ കലാകാരന്‍ രതീശന്‍ മാസ്റ്ററെ ആദരിക്കും.

Categories: ART AND CULTURE, GENERAL