ബിരുദദാന ചടങ്ങിൽ അപ്പാറാവുവിനെതിരെ കൈകെട്ടി പ്രതിഷേധിച്ച ഡോ.സുങ്കണ വെല്‍പുല ഇനി കേരളത്തിന്റെ മിസ്റ്റർ മരുമകൻ

suguna-1കൊല്ലം : ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ നടന്ന ബിരുദ ദാന ചടങ്ങില്‍ രോഹിത് വെമുലയുടെ മരണത്തില്‍ പ്രതിഷേധിച്ച് വൈസ് ചാന്‍സലര്‍ അപ്പാറാവുവിന്റെ കൈയ്യില്‍ നിന്ന് ബിരുദം സ്വീകരിക്കാതെ അമര്‍ശം അറിയിച്ച ഡോ.സുങ്കണ വെല്‍പുലയുടെ പ്രതിഷേധത്തിന് ഇനി ഒരു മലയാളി ടച്ച്.

ആന്ധ്ര സ്വദേശിയായ സുങ്കണ വെല്‍പുല കൊല്ലം ശൂരനാട് സ്വദേശിനി എംഡി ധന്യയെ വരണമാല്യം അണിയിച്ചതോടെ ഇന്ത്യയൊട്ടാകെ ചർച്ചയായ ആ പ്രതിഷേധ സ്വരം കേരളത്തിനും സ്വന്തമായി. പെരിന്തല്‍മണ്ണയിലെ സ്വകാര്യ കൊളേജ് അധ്യാപികയായ ധന്യ എഴുത്തിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. കൊല്ലം ആനയടിയില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങിലാണ് സുങ്കണ്ണയും ധന്യയും വിവാഹിതരായത്. മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ ഒഴിവാക്കിയാണ് ഇരുവരും വിവാഹിതരായത്.

ബിരുദദാന ചടങ്ങില്‍ ഹൈദരബാദ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അപ്പാറാവുവിന് മുന്നില്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാതെ കൈകെട്ടി നിന്ന് പ്രതിഷേധിച്ച സുങ്കണ്ണ വെല്‍പുലയെ കൈയ്യടിയോടെയാണ് അന്ന് ക്യാമ്പസ് സ്വാഗതം ചെയ്തത്. സര്‍വ്വകലാശാല അധികൃതരുടെ സമീപനത്തില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത രോഹിത് വെമുലയ്‌ക്കൊപ്പം ഹൈദരാബാദ് സര്‍വ്വകലാശാലയുടെ നടപടി നേരിട്ട നാല് പേരില്‍ ഒരാളായിരുന്ന സുങ്കണ്ണ വെല്‍പുലയുടെ വിസിക്കെതിരായ നിശബ്ദ പ്രതിഷേധം ഇന്ത്യയൊട്ടാകെ ചര്‍ച്ചയായിരുന്നു.

ആനയടിയില്‍ അംബേദ്കറുടെ അയ്യങ്കാളിയുടെയും ഫോട്ടോയ്ക്ക് മുന്നില്‍ പുഴ്പാര്‍ച്ചന നടത്തി ദീപം തെളിയിച്ചാണ് സുങ്കണ്ണയും ധന്യയും ഒന്നിച്ചുള്ള ജീവിതമാരംഭിച്ചത്.പ്രണയം രണ്ടു സംസ്ഥാനങ്ങളുടെയും , സംസ്കാരങ്ങളുടെയും അതിർവരമ്പുകൾ ഭേദിച്ചു. അംബേക്കര്‍ സ്റ്റുഡന്റ് ഫെഡറേഷന്‍ നേതാവായ സുങ്കണ്ണ ഇപ്പോള്‍ ബോംബെ ഐഐടിയില്‍ ഗവേഷണം നടത്തുകയാണ്

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ അംബേദ്കര്‍ അസോസിയേഷന്‍ നേതാവായിരുന്ന സുങ്കണ്ണ പതിനെട്ടാമത് ബിരുദദാന ചടങ്ങിലാണ് വൈസ് ചാന്‍സലര്‍ക്കെതിരെ പ്രതിഷേധം അറിയിച്ച് അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്ന് ബിരുദം ഏറ്റുവാങ്ങാതിരുന്നത്. പേര് വിളിച്ചതിന് പിന്നാലെ വേദിയിലെത്തിയ വെല്‍പുല വിസിയില്‍ നിന്നും ബിരുദം വാങ്ങില്ലെന്ന നിലപാടെടുത്തു. ഇക്കാര്യം വിസിയോട് തന്നെ നേരിട്ട് പറയുകയും ചെയ്തു. പ്രതിഷേധത്തെ സദസ്സില്‍ ഇരുന്ന വിദ്യാര്‍ത്ഥികള്‍ കയ്യടികളോടെയാണ് വരവേറ്റു. തുടര്‍ന്ന് അധ്യക്ഷ വേദിയില്‍ ഇരുന്ന പ്രോ വൈസ് ചാന്‍സലര്‍ വിപിന്‍ ശ്രീവാസ്തവ വന്നാണ് വെല്‍പുലയ്ക്ക് ബിരുദം കൈമാറിയത്.

സുങ്കണ വെല്‍പുല വീഡിയോ കാണാം

 

 

Categories: GENERAL