ജൂലിയസ് സീസറായി ട്രംപ്; നാടകം വിവാദമാകുന്നു

DRAMA-TROMP

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ജൂലിയസ് സീസറാക്കി അവതരിപ്പിക്കുന്ന നാടകം വിവാദമാകുന്നു. വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാതമായ നാടകം ജൂലിയസ് സീസറിനെ കാലികമായി അവതരിപ്പിക്കുന്നതിരെ പ്രതിഷേധവും വ്യാപകമാകുന്നു. ന്യൂയോര്‍ക് നഗരത്തിലെ ഷേക്‌സ്പിയര്‍ ഇന്‍ ദി പാര്‍ക് പരിപാടിയിലാണ് ഈ നാടകം അവതരിപ്പിച്ചത്. കഴിഞ്ഞ മൂന്നു ദിവസമായി ഈ നാടകം അരങ്ങേറുന്നു. ഷേക്‌സ്പീരിയന്‍ നാടകത്തിന്റെ പതിവുകളില്‍ നിന്നു മാറിയ വേഷവും രീതിയുമൊക്കെയായിരുന്നു നാടകത്തില്‍. എന്നാല്‍ കഥ ജൂലിയസ് സീസറിന്റേതു തന്നെ.

കോട്ടും ടൈയുമൊക്കെ അണിഞ്ഞാണ് സീസറടക്കമുള്ള കഥാപാത്രങ്ങള്‍ വേദിയില്‍ എത്തുന്നത്. സീസറിന്റെ സംസാരവും പെരുമാറ്റവുമൊക്കെ ട്രംപിനെ ഓര്‍മിപ്പിക്കും. ഒരു കഥാപാത്രത്തിന് ട്രംപിന്റെ ഭാര്യ മെലാനിയുടെ വസ്ത്ര ധാരണ ശൈലിയും പെരുമാറ്റരീതിയും നല്‍കിയിരിക്കുന്നു.

ബ്രൂട്ടസ് അടക്കമുള്ള സുഹൃത്തുക്കള്‍ സീസറിനെ വധിക്കുന്ന രംഗം ഈ നാടകത്തിലും അവതരിപ്പിച്ചതാണ് പ്രതിഷേധം ശക്തമാകാന്‍ കാരണം. ട്രംപിനെപ്പോലെ തോന്നുന്ന കഥാപാത്രം കുത്തേറ്റ് വീഴുന്നുന്നു. പിന്നീടുള്ള ചില സംഭാഷണങ്ങളാവട്ടെ ഇപ്പോഴത്തെ അമേരിക്കന്‍ ഭരണത്തിലെ പ്രശ്‌നങ്ങളോട് സാമ്യമുള്ളതും.TROMP

മെയ് 21നായിരുന്നു ഈ നാടകത്തിന്റെ ആദ്യ അവതരണം. കഴിഞ്ഞ ദിവസം നാടകം അവതരിപ്പിച്ചപ്പോള്‍ രണ്ടു പേര്‍ വേദിയിലേക്ക് ഓടിക്കയറി പ്രതിഷേധിക്കാന്‍ ശ്രമിച്ചു. അതിലൊരാള്‍ വനിതാ മാധ്യമപ്രവര്‍ത്തകയാണ്. എന്നാല്‍ പോലീസ് തക്ക സമയത്ത് ഇടപെട്ടതിനാല്‍ ഇരുവര്‍ക്കും വേദിയില്‍ കയറാന്‍ കഴിഞ്ഞില്ല.

ട്രംപിനെ നിങ്ങള്‍ കൊല്ലുന്നു എന്ന് ഉറക്കെ പറഞ്ഞാണ് ഇവര്‍ പ്രതിഷേധിച്ചത്. നാടകത്തിനെതിരെ അമേരിക്കയിലെ പ്രധാന മാധ്യമങ്ങളും എഴുതിത്തുടങ്ങി. ഇതോടെ ബാങ്ക് ഓഫ് അമേരിക്കയും ഡെല്‍റ്റ എയര്‍ലൈന്‍സും നാടകത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നു പിന്മാറിയതായാണ് വിവരം.

2012-ല്‍ ‘ദ ആക്ടിങ് കമ്പനി’ എന്ന നിര്‍മാണ കമ്പനി അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമയെ മാതൃകയാക്കി ജൂലിയസ് സീസര്‍ നാടകം അവതരിപ്പിച്ചിരുന്നു.

Categories: ART AND CULTURE, GENERAL