DCBOOKS
Malayalam News Literature Website

ടി പത്മനാഭന് ദേശാഭിമാനി പുരസ്‌കാരം

സാമൂഹ്യസാംസ്‌കാരികസാഹിത്യ മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള രണ്ടാമത് ദേശാഭിമാനി പുരസ്‌കാരം ചെറുകഥാകൃത്ത് ടി പത്മനാഭന്. ചെറുകഥാ സാഹിത്യത്തിനും മലയാള ഭാഷയ്ക്കും നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

2018 മാര്‍ച്ച് ആദ്യവാരം കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷമാണ് ദേശാഭിമാനി പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. എം ടി വാസുദേവന്‍ നായര്‍ക്കായിരുന്നു ആദ്യ പുരസ്‌കാരം.

പുരസ്‌കാര സമര്‍പ്പണത്തോടനുബന്ധിച്ച് കണ്ണൂരില്‍ ഒരാഴ്ച നീളുന്ന അതിവിപുലമായ ടി പത്മനാഭന്‍ സാഹിത്യോത്സവം സംഘടിപ്പിക്കുമെന്നും ദേശാഭിമാനി ചീഫ് എഡിറ്റര്‍ എം വി ഗോവിന്ദന്‍ അറിയിച്ചു.

ദേശാഭിമാനി പുരസ്‌കാരം ലഭിച്ചതില്‍ അതീവ സന്തുഷ്ടനാണെന്ന് ടി പത്മനാഭന്‍ പറഞ്ഞു . ‘കഥയെഴുത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തില്‍ ലഭിച്ച പുരസ്‌കാരം വലിയ അംഗീകാരമായി കാണുന്നു, ദേശാഭിമാനിയോട് ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നു. ഇക്കാലമത്രയും ഒരെഴുത്തുകാരനെന്നനിലയില്‍ സത്യസന്ധത പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഇനിയും അങ്ങനെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Comments are closed.