‘വികെഎന്‍ കഥകള്‍’ക്കും നാടകാവിഷ്‌കാരം

drama

പയ്യന്‍ കഥകളിലൂടെ മലയാളക്കരയുടെ പ്രതിഭാസമായിത്തീര്‍ന്ന ഹാസ്യസാമ്രാട്ട് വികെഎന്നിന്റെ കൃതികള്‍ക്കും നാടകാവിഷ്‌കാരം ചമച്ചിരിക്കുകയാണ് മലപ്പുറം ജില്ലയിലെ ജ്വാല വടക്കുംപുറം. വിവാഹപ്പിറ്റേന്ന് എന്ന കഥയെ മുന്‍നിര്‍ത്തി ചാത്തന്‍സ്, സിംഗപ്പൂര്‍ കല്യാണം തുടങ്ങിയ പ്രസിദ്ധങ്ങളായ വി കെ എന്‍ കൃതികളെയും കഥാപാത്രങ്ങളെയും കോര്‍ത്തിണക്കിയാണ് ‘ദോശാംശു’ എന്ന നാടകം ഒരുക്കിയിരിക്കുന്നത്.

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍നിന്ന് നാടകപഠനത്തില്‍ മാസ്റ്റര്‍ബിരുദം നേടിയ മേയ്ബി സ്റ്റാന്‍ലിയാണ് നാടകം രചിച്ചതും സംവിധാനം ചെയ്തതും. മേയ്ബിയുടെ നാലാമത് പ്രധാന നാടകമാണ് ദോശാംശു. സംഗീത നാടക അക്കാദമിയുടെ അമച്വര്‍ നാടകമത്സരത്തില്‍ അവതരിപ്പിക്കപ്പെട്ട കഥ കഥ കസ്തൂരി, ജഹനാര, മരപ്പാവകള്‍ തുടങ്ങിയവയാണ് മറ്റു പ്രധാന നാടകങ്ങള്‍.

ജ്വാല വടക്കുംപുറത്തിന്റെ പ്രധാന സംഘാടകകൂടിയാണ് മേയ്ബി. മക്കള്‍ നിരഞ്ജനും നീലാംബരിക്കുമൊപ്പം പങ്കാളി പി കെ സുഭാഷും പ്രധാന വേഷത്തില്‍ അരങ്ങിലെത്തുന്നു. ആദികേശവന്‍, എമില്‍മോഹന്‍, റിയ, ദേവാനന്ദ്, ഹൃദ്യ, ജിഷ്ണു, ജിഷ്ണുപ്രസാദ്, അക്ഷയ്, അജേഷ്, അപര്‍ണ, അമൃത, ഹരിത, ഷീജ, അഭിലാഷ്, വിജയരാഘവന്‍, വേലായുധന്‍, രവീന്ദ്രന്‍, മോഹനന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സംഗീത സംവിധാനം പ്രസാദ്, ശരത്. രംഗവസ്തുക്കള്‍ സി പി മോഹനനും ദീപവിതാനവും നിയന്ത്രണവും ഉണ്ണിയും നിര്‍വഹിച്ചു. അരുണ്‍ വി പിയാണ് സംഘനേതൃത്വം.

ഗ്രാമങ്ങളിലേക്കുള്ള ഉദ്യോഗസ്ഥരുടെ വരവ് ആധുനികതയുടെ വരവായി തിരിച്ചറിഞ്ഞ ഒരു കാലത്തിന്റെ കഥകൂടിയാണ് വിവാഹപ്പിറ്റേന്ന്. ഈ കാലഘട്ടത്തിന്റെ നീറുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പറയാതെ അവയില്‍നിന്ന് ഒഴിഞ്ഞുമാറി കഴിഞ്ഞകാലത്തെ ഏതോ കഥ പറയുന്നു എന്ന ചാത്തന്‍സിന്റെ തനതു പുച്ഛത്തോടെയാണ് നാടകം തുടങ്ങുന്നത്. എന്നാല്‍, കഥ കാര്യത്തോടടുക്കുന്നതിന് കാണികള്‍ക്ക് അധികനേരം കാത്തിരിക്കേണ്ടിവരുന്നില്ല. അമ്മുക്കുട്ടിയുടെ നായരായി ഒരു ‘ഏഡിന്‍ഷ്‌പെക്ടര്‍’ വരുന്ന വിവരം നാടൊന്നാകെ പരക്കുന്നു. ആ കല്യാണത്തിന്റെ കാഴ്ചകളിലൂടെയും വിശേഷങ്ങളിലൂടെയുമാണ് നാടകം വളരുന്നത്. അമ്മായിയുടെ നൂറുനൂറുപദേശങ്ങള്‍ കേട്ട് ആദ്യരാത്രി ഏറെ തയ്യാറെടുപ്പോടെ, ഏതു പദം പാടണമെന്ന വേവലാതിയോടെ മണിയറയിലെത്തുന്ന അമ്മുക്കുട്ടിക്ക് വരന്റെ കൂര്‍ക്കംവലി കേട്ട് ഉറങ്ങേണ്ടിവരുന്നു. നേരം വെള്ളകീറുമ്പോള്‍ സുഭാഷിതത്തോടെ ഉണരുന്ന ഏഡേമാന് തറവാടിന്റെയൊന്നാകെ സല്‍ക്കാരത്തില്‍ പൊറുതിമുട്ടുന്നു. പല്ലുതേപ്പുമുതല്‍ കുളിയും കഴിപ്പുംവരെ പൊതുപ്രദര്‍ശനത്തിനു തയ്യാറാണെന്ന് ഉറക്കെ വിളംബരം ചെയ്യുന്ന ഒരു കാലസന്ധിവരെ കഥ വളരുന്നു.

കാക്കി കളസത്തില്‍ ഏഡേമാന്‍ കല്യാണമണ്ഡപത്തിലെത്തിയില്ലല്ലോ എന്ന് വിഷമിക്കുന്ന നാട്ടുകാരുടെയും വീട്ടുകാരുടെയും ഉത്സാഹത്തിന്റെകൂടെയാണ് നാടകത്തിന്റെ ഗതിവേഗം കൈവരിക്കുന്നത്. നടപ്പ് തറവാടിത്തഘോഷണങ്ങളെയും ജാതിക്കോയ്മയെയും സദാചാരസങ്കല്‍പ്പങ്ങളെയും നിര്‍ത്തിപ്പൊരിക്കാന്‍ തക്ക ശേഷിയുള്ള ക്രിയകളെ ആസ്വാദ്യകരമാംവിധം കണ്ണിചേര്‍ത്താണ് ദോശാംശു ഒരുക്കിയിട്ടുള്ളത്. പല തലമുറകള്‍ അരങ്ങിലെത്തുന്ന ദോശാംശു ഒരു കല്യാണക്കഥ മാത്രമല്ല, ഒരു ദേശത്തിന്റെ ശീലങ്ങളുടെയുംകൂടി കഥയാണ് പറഞ്ഞുവെയ്ക്കുന്നത്.

Categories: ART AND CULTURE