DCBOOKS
Malayalam News Literature Website

കെ രാഘവന്‍ മാസ്റ്ററുടെ ജന്മവാര്‍ഷികം

1914 ഡിസംബര്‍ 2 ന് കണ്ണൂര്‍ തലശേരിയില്‍ എം കൃഷ്ണന്‍ നായരുടേയും നാരായണിയുടേയും മകനായാണ് കെ രാഘവന്‍ മാസ്റ്റര്‍ ജനിച്ചത്. സംഗീതപഠനത്തിനു ശേഷം ആകാശവാണിയില്‍ സംഗീതവിഭാഗത്തില്‍ ജീവനക്കാരനായി. തംബുരു ആര്‍ട്ടിസ്റ്റായിട്ടായിരുന്നു ആകാശവാണിയിലെത്തിയത്. കരിയറിന്റെ തുടക്കം ചെന്നൈ ഓള്‍ ഇന്ത്യാ റേഡിയോയിലായിരുന്നുവെങ്കിലും കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ആകാശവാണി നിലയങ്ങളില്‍ പ്രവര്‍ത്തിച്ചു.

1951ല്‍ പുറത്തിറങ്ങിയ പുള്ളിമാനാണ് മാഷ് സംഗീത സംവിധാനം നിര്‍വഹിച്ച ആദ്യ ചിത്രം. 1954ല്‍ പുറത്തിറങ്ങിയ നീലക്കുയിലിലൂടെ ചലച്ചിത്രഗാന രംഗത്തു സജീവമായി. രാരിച്ചന്‍ എന്ന പൗരന്‍, നായരു പിടിച്ച പുലിവാല്, അമ്മയെക്കാണാന്‍ , രമണന്‍ , കൊടുങ്ങല്ലൂരമ്മ, കള്ളിച്ചെല്ലമ്മ, നിര്‍മാല്യം, മാമാങ്കം, കടത്തനാടന്‍ അമ്പാടി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു. 60ല്‍പ്പരം ചിത്രങ്ങളില്‍നിന്നായി നാന്നൂറിലെറെ ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

1977ല്‍ ആദ്യത്തെ അവാര്‍ഡ് പൂജക്കെടുക്കാത്ത പൂക്കളി ലെ ഗാനത്തിന് ലഭിച്ചു. 80ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡും 1986ല്‍ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചു. തോട്ടടുത്ത വര്‍ഷം കെപിഎസിയുടെ നാടക ഗാനങ്ങള്‍ക്ക് പ്രഫഷനല്‍ അവാര്‍ഡും നേടി. 1998ല്‍ കമുകറ പുരുഷോത്തമന്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹത്തെ അതേ വര്‍ഷം തന്നെ സംസ്ഥാനം ജെ സി ഡാനിയല്‍ പുരസ്‌കാരവും നല്‍കി. 2010 ല്‍ ഭാരതസര്‍ക്കാര്‍ രാഘവന്‍ മാസ്റ്ററെ പത്മശ്രീ നല്‍കി ആദരിച്ചു.

 

Comments are closed.