DCBOOKS
Malayalam News Literature Website

കെ തായാട്ടിന്റെ ചരമവാര്‍ഷികം

സാഹിത്യകാരനും, നാടകനടനും, നാടകകൃത്തുമായിരുന്നു തായാട്ട് കുഞ്ഞനന്തന്‍ എന്ന കെ.തായാട്ട്. സ്‌കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹത്തിന് സാഹിത്യമേഖലയിലെ വിവിധ പുരസ്‌കാരങ്ങള്‍ക്ക് പുറമേ മികച്ച അധ്യാപകര്‍ക്കുള്ള കേന്ദ്രസംസ്ഥാന അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 1927 ഫെബ്രുവരി 17ന് പാനൂരിനടുത്ത പന്ന്യന്നൂരില്‍ ചാത്തു നമ്പ്യാരുടെയും ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ചു. പ്രമുഖ എഴുത്തുകാരനായിരുന്ന തായാട്ട് ശങ്കരന്‍, സാമൂഹ്യപ്രവര്‍ത്തകനായിരുന്ന തായാട്ട് ബാലന്‍ എന്നിവര്‍ സഹോദരന്മാരും മീനാക്ഷിയമ്മ സഹോദരിയുമാണ്. കുന്നുമ്മല്‍ ഹയര്‍ എലിമെന്ററി സ്‌കൂള്‍, ബി.ഇ.എം.പി. ഹൈസ്‌കൂള്‍, ഗവ. ഹൈസ്‌കൂള്‍ കതിരൂര്‍, ഗവ. ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

അധ്യാപക ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ടാക്കീസിലെ ടിക്കറ്റ് വില്പനക്കാരനായും സബ് രജിസ്ട്രാര്‍ ഓഫീസ് ഗുമസ്തനായും മിലിട്ടറി ക്യാമ്പില്‍ നോണ്‍ ഓപ്പറേറ്ററായും മദിരാശി ജനറല്‍ ആശുപത്രിയില്‍ ഗുമസ്തനായും ജോലി ചെയ്തു. കോഴിക്കോട് റേഡിയോ സ്റ്റേഷനിലും ജോലി ചെയ്തിട്ടുണ്ട്. കോഴിക്കോട് പുതിയറയിലെ പുന്നശ്ശേരി യു.പി. സ്‌കൂള്‍, ചൊക്ലി ലക്ഷ്മീവിലാസം എല്‍.പി. സ്‌കൂള്‍ എന്നിവിടങ്ങളിലെ ഏതാനും മാസങ്ങളുടെ അധ്യാപകവൃത്തിക്ക് ശേഷം 1952ല്‍ പാനൂര്‍ യു.പി. സ്‌കൂളിലെത്തി. ഇതേ സ്‌കൂളില്‍ പ്രധാനാധ്യാപകനായിരിക്കേ 1982ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. 2011 ഡിസംബര്‍ 5 ന് അന്തരിച്ചു.

Comments are closed.