DCBOOKS
Malayalam News Literature Website

ഒ.വി വിജയന്റെ ചരമവാര്‍ഷികദിനം

എഴുത്തിലും വരയിലും വായനയിലും മലയാളികള്‍ക്ക് ഇതിഹാസതുല്യമായ ദര്‍ശനം പകര്‍ന്നു തന്ന കഥാകാരനായിരുന്നു ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി വിജയന്‍. ചെറുകഥാരംഗത്തും നോവല്‍ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം മലയാള സാഹിത്യത്തില്‍ പകരക്കാരില്ലാത്ത ഇതിഹാസകാരനായി. ആനന്ദ്, എം മുകുന്ദന്‍, കാക്കനാടന്‍ എന്നിവരുടെ സമകാലികനായാണ് ഒ.വി വിജയന്‍ സാഹിത്യരംഗത്തേക്ക് എത്തിയത്. ഒരു ഭൂമികയില്‍ തന്നെ നിലയുറപ്പിക്കാതെ മനുഷ്യമനസ്സുകളിലേക്കും സമൂഹത്തിലേക്കും ഒരുപോലെ കണ്ണുനട്ട് അവിടുന്ന് ആര്‍ജ്ജിച്ചെടുത്ത സംഭവങ്ങളെ തന്മയത്വത്തോടെ ആവിഷ്‌ക്കരിക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധപതിപ്പിച്ചത്.

1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയില്‍ മലബാര്‍ എം.എസ്.പിയില്‍ ഉദ്യോഗസ്ഥനായിരുന്ന വേലുക്കുട്ടിയുടേയും കമലാക്ഷിയമ്മയുടേയും മകനായി ഒ.വി. വിജയന്‍ ജനിച്ചു. മദ്രാസിലെ പ്രസിഡന്‍സി കോളജില്‍ നിന്ന് ഇംഗ്‌ളീഷില്‍ എം.എ. ജയിച്ച ശേഷം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായി. കടുത്ത ഇടതുപക്ഷവിശ്വാസിയായിരുന്ന വിജയന്‍ അക്കാലത്ത് തന്നെ എഴുത്തിലും കാര്‍ട്ടൂണ്‍ ചിത്രരചനയിലും താല്പര്യം പ്രകടമാക്കിയിരുന്നു. തുടര്‍ന്ന് അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് ശങ്കേഴ്‌സ് വീക്കിലിയിലും പേട്രിയറ്റ് ദിനപത്രത്തിലും കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്തു. പിന്നീട് സ്വതന്ത്ര പത്രപ്രവര്‍ത്തകനായിരുന്നു.

സാഹിത്യലോകത്തിന് അനശ്വരമായ അനവധി കൃതികള്‍ സമ്മാനിച്ച ഒ.വി വിജയനെത്തേടി കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍, മുട്ടത്തുവര്‍ക്കി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്‌കാരം, പത്മശ്രീ തുടങ്ങി നിരവധി ബഹുമതികളെത്തി. 2003ല്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമില്‍നിന്ന് പത്മഭൂഷനും അദ്ദേഹം സ്വീകരിച്ചു. മധുരം ഗായതി, ഖസാക്കിന്റെ ഇതിഹാസം തുടങ്ങി ആറ് നോവലുകളും,ഒ വി വിജയന്റെ കഥകള്‍, എന്റെ പ്രിയപ്പെട്ട കഥകള്‍ തുടങ്ങി പതിമൂന്ന് കഥാസമാഹാരങ്ങളും, ഇതിഹാസത്തിന്റെ ഇതിഹാസം, ഒ വി വിജയന്റെ ലേഖനങ്ങള്‍ എന്നിങ്ങനെ പന്ത്രണ്ട് ലേഖന സമാഹാരങ്ങളും ആക്ഷേപഹാസ്യം, കാര്‍ട്ടൂണ്‍, സ്മരണ എന്നിങ്ങനെ നിരവധി പുസ്തകങ്ങള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഒ.വി. വിജയന്‍ സെലക്റ്റഡ് ഫിക്ഷന്‍ 1998 ല്‍ പെന്‍ഗ്വിന്‍ ഇന്ത്യ (വൈക്കിങ്ങ്)യും ഡിസി ബുക്‌സും ചേര്‍ന്ന് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌

2005 മാര്‍ച്ച് 30ന് ഹൈദരാബാദില്‍ വെച്ച് ഒ.വി. വിജയന്‍ അന്തരിച്ചു.

Comments are closed.