DCBOOKS
Malayalam News Literature Website

നിത്യ ചൈതന്യയതിയുടെ ചരമവാര്‍ഷിക ദിനം

ആത്മീയതയിലും ശ്രീനാരായണ ദര്‍ശനത്തിലും പാണ്ഡിത്യമുണ്ടായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യ യതി (നവംബര്‍ 2, 1923 മേയ് 14, 1999). ജയചന്ദ്രപ്പണിക്കര്‍ എന്നായിരുന്നു പൂര്‍വ്വാശ്രമ നാമം. ശ്രീനാരായണഗുരുവിന്റെ രണ്ടാം പിന്‍ഗാമിയായി കണക്കാക്കപ്പെടുന്നു (ശ്രീനാരായണഗുരുവിന്റെ പിന്‍ഗാമിയായ നടരാജഗുരുവിനു ശേഷം). ശ്രീനാരായണ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുവാനായി സ്ഥാപിക്കപ്പെട്ട നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു. ഹൈന്ദവ സന്ന്യാസിയായിരുന്നെങ്കിലും ഇതരമതസ്ഥരുടെ ഇടയിലും യതി ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു. ഭൗതികം, അധ്യാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം. തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ അദ്ദേഹം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു.

പത്തനംതിട്ട ജില്ലയിലെ വകയാറിനടുത്തുള്ള മുറിഞ്ഞകല്ലില്‍ 1924 നവംബര്‍ 2നാണ് ജയചന്ദ്രപ്പണിക്കര്‍ ജനിച്ചത്. പിതാവ് പന്തളം രാഘവപ്പണിക്കര്‍ കവിയും അദ്ധ്യാപകനുമായിരുന്നു. ഹൈസ്‌കൂള്‍ മെട്രിക്കുലേഷനു ശേഷം അദ്ദേഹം വീടുവിട്ട് ഒരു സാധുവായി ഭാരതം മുഴുവന്‍ അലഞ്ഞു തിരിഞ്ഞു. ഇന്നത്തെ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട് . ഈ സഞ്ചാരത്തിനിടെ ഗാന്ധിജിയുമായും പ്രശസ്തരായ മറ്റുപല വ്യക്തികളുമായും അടുത്ത് ഇടപഴകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. രമണ മഹര്‍ഷിയില്‍ നിന്ന് നിന്ന് നിത്യ ചൈതന്യ എന്ന പേരില്‍ സന്ന്യാസ ദീക്ഷ സ്വീകരിച്ചു.

സൂഫി ഫക്കീറുമാര്‍, ജൈന സന്ന്യാസികള്‍, ബുദ്ധമത സന്യാസിമാര്‍, രമണ മഹര്‍ഷി തുടങ്ങി വളരെപ്പേരുമായി അദ്ദേഹത്തിന്‍ അടുത്ത ബന്ധമുണ്ടായിരുന്നു. കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം 1947ല്‍ ആലുവ യൂ സീ കോളേജില്‍ തത്ത്വശാസ്ത്രം പഠനത്തിനായി ചേര്‍ന്നു. അതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ തത്വശാസ്ത്രവും മനശാസ്ത്രവും പഠനം തുടര്‍ന്നു. പഠനത്തിനു ശേഷം അദ്ദേഹം കൊല്ലം ശ്രീനാരായണാ കോളേജ് , ചെന്നൈ, (മദ്രാസ്സ് ) വിവേകാനന്ദാ കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായിരുന്നു. ഈ കാലയളവില്‍ അദ്ദേഹം വേദാന്തം, സാംഖ്യം, യോഗം വിദ്യ, മീമാംസ, പുരാണങ്ങള്‍, സാഹിത്യം എന്നിവ പഠിച്ചു.

1951ല്‍ ! നടരാജഗുരുവിനെ തന്റെ ആത്മീയ ഗുരുവായി സ്വീകരിക്കുകയും, നടരാജ ഗുരുവിന്റെ ദേഹവിയോഗത്തിനു ശേഷം, നിത്യ ചൈതന്യ യതി, ശ്രീ നാരായണ ഗുരുവിന്റെയും നടരാജ ഗുരുവിന്റെയും പിന്‍ഗാമിയായി, നാരായണ ഗുരുകുലത്തിന്റെ അധിപസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. നാരായണ ഗുരുകുലത്തിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളിലും ശിഷ്യരെ സ്വന്തം കര്‍മമാര്‍ഗ്ഗം (സ്വധര്‍മ്മം) തിരഞ്ഞെടുക്കുവാന്‍ വഴികാട്ടുന്നതിലും ഗുരു അവസാന നാളുകള്‍ വരെയും വ്യാപൃതനായിരുന്നു.

അദൈ്വത വേദാന്തത്തിന്റെയും ഭാരതീയ തത്വശാസ്ത്രത്തിന്റെയും ഒരു പ്രമുഖ വക്താവായിരുന്നു നിത്യ ചൈതന്യ യതി. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ശൃംഖലയില്‍ മൂന്നാമനായ നിത്യ ചൈതന്യ യതി ഒരു കവിയും ചിന്തകനും മനശാസ്ത്ര വിദഗ്ദ്ധനും എഴുത്തുകാരനുമായിരുന്നു. ശ്രീനാരായണ ഗുരു, നടരാജ ഗുരു, നിത്യ ചൈതന്യ യതി, എന്നീ മൂന്നു ദാര്‍ശനികര്‍ ഇന്ത്യയുടെ ആത്മാവ്, ചിന്ത എന്നിവയെ സാധാരണക്കാരനു മനസ്സിലാവുന്ന ഭാഷയില്‍ പ്രകാശിപ്പിച്ചു. തത്ത്വശാസ്ത്രം, മനശാസ്ത്രം, സൗന്ദര്യ ശാസ്ത്രം, സാമൂഹികാചാരങ്ങള്‍ എന്നിവയെ കുറിച്ച് മലയാളത്തില്‍ 120 പുസ്തകങ്ങളും ആംഗലേയത്തില്‍ 80 പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ബ്രഹ്മ വിദ്യയുടെ ഈസ്റ്റ് വെസ്റ്റ് സര്‍വകലാശാല ചെയര്‍പേര്‍സണായും ‘ലോക പൗരന്മാ!രുടെ ലോക ഗവര്‍ണ്‍മെന്റ്’ എന്ന സംഘടനയുടെ മേല്‍നോട്ടക്കാരനായും അദ്ദേഹം പ്രവര്‍ത്തിച്ചു. അദ്ദേഹം 1999 മേയ് 14നു ഊട്ടിയിലെ തന്റെ ആശ്രമത്തില്‍ സമാധി പ്രാപിച്ചു.

Comments are closed.