DCBOOKS
Malayalam News Literature Website

മുന്‍ഷി പരമുപിള്ള ചരമവാര്‍ഷിക ദിനം

ആദ്യകാല മലയാള ചലച്ചിത്രങ്ങളുടെ കഥാ-തിരക്കഥാകൃത്തും നാടകകൃത്തും പത്ര പ്രവര്‍ത്തകനുമായിരുന്നു മുന്‍ഷി പരമുപിള്ള എന്നറിയപ്പട്ടിരുന്ന ആര്‍.കെ. പരമേശ്വരന്‍ പിള്ള (1894-6 ജൂണ്‍ 1962). അടൂര്‍ പെരിങ്ങനാട് അമ്മകണ്ട കരയില്‍ കോപ്പാരേത്തു വീട്ടില്‍ കൊച്ചുകുഞ്ഞു പിള്ളയുടെയും ഉമ്മിണിയമ്മയുടെയും മകനായി ജനിച്ചു. ഇ വി കൃഷ്ണപിള്ള അദ്ദേഹത്തിന്റെ അയല്‍വാസിയും ആത്മ മിത്രവുമായിരുന്നു. ഏഴാം ക്ലാസ് ജയിച്ചു മുന്‍ഷിയായി. കെ.സി. കേശവ പിള്ളയുടെ ‘സദാരാമ’ നാടകത്തില്‍ അഭിനയിച്ചു. ഇടക്കാലത്ത് അധ്യാപക വൃത്തി ഉപേക്ഷിച്ചെങ്കിലും, വീണ്ടും ജോലിക്ക് കയറി.

സുപ്രഭ, ആറടിമണ്ണ്, തിരിച്ചടി, കള്ളന്‍ ഞാനാ എന്നിങ്ങനെ അദ്ദേഹത്തിന്റെ ഒട്ടനവധി നാടകങ്ങള്‍ പ്രശസ്ത നാടകക്കമ്പനികള്‍ നിരവധി വേദികളില്‍ അവതരിപ്പിക്കുകയും, നാടക കൃത്ത് , ഹാസ്യകാരന്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രശസ്തനാവുകയും ചെയ്തു. പ്രസന്ന എന്ന ആദ്യകാല മലയാള സിനിമയുടെ കഥാകൃത്ത് മുന്‍ഷിയായിരുന്നു. ചിത്രം പക്ഷിരാജ സ്റ്റുഡിയോസ് മലയാളത്തിലും തമിഴിലും നിര്‍മ്മിച്ചപ്പോള്‍ മുന്‍ഷി ആയിരുന്നു മലയാളം തിരക്കഥ എഴുതിയത്. വനമാല, സന്ദേഹി, കാഞ്ചന, കാലം മാറുന്നു, തസ്‌കര വീരന്‍ എന്നീ സിനിമകള്‍ക്കും കഥ, തിരക്കഥ, സംഭാഷണം, എന്നിവ എഴുതി. മുന്‍ഷിയുടെ ജനപ്രിയ നാടകം ‘സുപ്രഭ’യുടെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു ‘മണമകള്‍’ എന്ന തമിഴിലെ സൂപ്പര്‍ ഹിറ്റ് സിനിമ. ഇതിന്റെ കഥ എഴുതിയത് മുന്‍ഷി പരമു പിള്ളയും സംഭാഷണം മു. കരുണാനിധിയുമായിരുന്നു.

സി.വി. കുഞ്ഞുരാമന്റെ നവജീവനില്‍ ആണ് മുന്‍ഷി എഴുതിത്തുടങ്ങിയത്. പ്രസന്നകേരളം, നവസരസന്‍ , ജ്വാല എന്നീ മാസികകളുടെ പത്രാധിപരായിരുന്നു മുന്‍ഷി. സരസന്‍ മാസികയിലൂടെ മുന്‍ഷി നടത്തിയ സാമൂഹ്യ വിമര്‍ശനം അന്നത്തെ ഭരണാധികാരികളെ അലോസരപ്പെടുത്തി. ഉത്തരവാദ ഭരണ കാലത്ത് സര്‍ സി.പിയെ വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം എഴുതിയതിനു മാസിക പലതവണ നിരോധിക്കപ്പെട്ടു. ഓരോ തവണയും അദ്ദേഹം പുതിയ പേരുകളില്‍ മാസിക ഇറക്കി.

അദ്ദേഹം മൂന്നു വിവാഹങ്ങള്‍ കഴിച്ചു. ആദ്യ ഭാര്യയെ ഉപേക്ഷിച്ചു. രണ്ടാമത്തെ ഭാര്യ രത്‌നമയീദേവി. മൂന്നു മക്കള്‍ ആയിരുന്നു അവര്‍ക്ക്. ശാരദാ മണി ദേവി, ജ്യോതീന്ദ്ര നാഥ ദീക്ഷിത്. നരേന്ദ്ര നാഥ ദീക്ഷിത്. എന്നിവര്‍. പിന്നീട് രത്‌നമയീദേവിയുമായി മുന്‍ഷി അകന്നു.അവസാന കാലത്ത് അദ്ദേഹം മുറപ്പെണ്ണായ ലക്ഷ്മിക്കുട്ടി അമ്മയോടൊപ്പമായിരുന്നു താമസം.

Comments are closed.