DCBOOKS
Malayalam News Literature Website

കൽപന ചൗള ഓർമ്മയായിട്ട് 19 വർഷം

ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ഇന്ത്യൻ വംശജയായ കൽപന ചൗള ഓർമയായിട്ട് 19 വർഷം. 2003 ഫെബ്രുവരി ഒന്നിലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിലാണ് കൽപന മരണമടഞ്ഞത്.

1962 ജൂലൈ ഒന്നിന് ഹരിയാനയിലെ കർണാലിലായിരുന്നു കൽപനയുടെ ജനനം. 1982ൽ പഞ്ചാബ് എൻജിനീയറിങ് കോളജിൽ നിന്ന് എയറോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. നാസയുടെ എസ് ടി എസ്-87 എന്ന ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായായിരുന്നു കൽപനയുടെ ആദ്യ ശൂന്യാകാശ യാത്ര. ആദ്യയാത്രയിൽ 375 മണിക്കൂറുകളോളം കൽപന ബഹിരാകാശത്തു ചിലവഴിച്ചു.

കല്‍പനയുടെ രണ്ടാമത്തെയും അവസാനത്തേതുമായിരുന്ന ബഹിരാകാശ പര്യടനം 2003 ജനുവരി 16നായിരുന്നു. ബഹിരാകാശ യാത്രകളില്‍ അനുഭവപ്പെടുന്ന ഭാരമില്ലായ്മയെ പറ്റിയുള്ള ഗവേഷണമായിരുന്നു STS-107 എന്ന ഈ കൊളംബിയ ദൗത്യത്തിന്റെ ലക്ഷ്യം. ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷയ്ക്കുവേണ്ടിയായിരുന്നു നാസ ഈ പഠനം നടത്തിയത്.

2003 ഫെബ്രുവരി ഒന്നിന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ തിരിച്ചിറങ്ങാൻ സെക്കൻഡുകൾ അവശേഷിക്കുമ്പോൾ സാങ്കേതിക തകരാറുകൾ കാരണം കൊളംബിയ പൊട്ടിത്തെറിക്കുകയായിരുന്നു.

Comments are closed.