DCBOOKS
Malayalam News Literature Website

പോരാട്ടത്തിന്റെ പെണ്‍വീര്യം; ഓര്‍മ്മകളില്‍ ഗൗരി ലങ്കേഷ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. തീവ്രഹിന്ദുരാഷ്ട്രീയത്തിന്റെ ശക്തയായ വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷ് 2017 സെപ്റ്റംബര്‍ അഞ്ചിന് രാത്രി എട്ട് മണിയോടെയാണ് സ്വന്തം വീടിന് മുന്നില്‍വെച്ച് ഒരുസംഘം ആളുകളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. എഴുത്തുകാരനും കോളമിസ്റ്റുമായിരുന്ന പിതാവ് പി. ലങ്കേഷിന്റെ മകളായ ഗൗരി, ലങ്കേഷ് പത്രിക എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരുന്ന ടാബ്ലോയ്ഡിന്റെ എഡിറ്ററായിരുന്നു.

കര്‍ണാടകയില്‍ എം.എം കല്‍ബുര്‍ഗിയും, മഹാരാഷ്ട്രയില്‍ നരേന്ദ്ര ധബോല്‍ക്കറും, ഗോവിന്ദ് പന്‍സാരെയും കൊല്ലപ്പെട്ടതിന് സമാനമായിരുന്നു ഗൗരി ലങ്കേഷിന്റെ കൊലപാതകവും. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും ജാതിവ്യവസ്ഥയുടെയും കടുത്ത വിമര്‍ശകയായിരുന്നു അവര്‍. സാമൂഹികവും രാഷ്ട്രീയവുമായ അനീതികള്‍ക്കെതിരെ തന്റെ പ്രസിദ്ധീകരണമായ ലങ്കേഷ് പത്രികയില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഗൗരി ലങ്കേഷ് സ്വീകരിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് ഹിന്ദുത്വവാദികളുടെ നിരന്തരഭീഷണികള്‍ നേരിട്ടിരുന്നു. ഗൗരിയുടെ കൊലപാതവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്.

അതേസമയം ഗൗരി ലങ്കേഷിന്റെ ചരമവാര്‍ഷിക ദിനം പിന്നിടുമ്പോള്‍ ഗൗരിയുടെ സുഹൃത്തുക്കള്‍ പുതിയൊരു ടാബ്ലോയിഡ് പുറത്തിറക്കാനുള്ള പദ്ധതിയിലാണ്. ന്യായ പാത എന്ന പേരില്‍ ആഴ്ച തോറും പുറത്തിറക്കാന്‍ പോകുന്ന ഈ ടാബ്ലോയിജ് ഗൗരിയും പിതാവും പുറത്തിറക്കിയിരുന്ന ആഴ്ചപ്പതിപ്പിന് സമാനമായി പരസ്യങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കും.

ഗൗരി ലങ്കേഷിന്റെ എഴുത്തും ജീവിതവും ആസ്പദമാക്കി ചന്ദന്‍ ഗൗഡ എഡിറ്റ് ചെയ്ത ഞാന്‍ ഗൗരി ഞങ്ങള്‍ ഗൗരി എന്ന കൃതി ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments are closed.