DCBOOKS
Malayalam News Literature Website

ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ചരമവാര്‍ഷികദിനം

കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയുമായ ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാട് 1909 ജൂണ്‍ 14-ന് പെരിന്തല്‍മണ്ണയ്ക്കു സമീപം ഏലംകുളം മനയില്‍ ജനിച്ചു. യോഗക്ഷേമസഭയുടെ യുവജനവിഭാഗത്തിന്റെ നേതാവായാണ് തുടക്കം. നിയമലംഘനപ്രസ്ഥാനത്തില്‍ പങ്കെടുത്ത ഇ.എം.എസ് 1934-ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതിലും പ്രധാനപങ്കുവഹിച്ചു.

ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലേറിയ ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ സാരഥിയും ഇദ്ദേഹമായിരുന്നു. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ മുഖ്യമന്ത്രിയായി. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ.എം നേതാവായി. 1967-ല്‍ രണ്ടാംവട്ടവും മുഖ്യമന്ത്രിയായി. നല്ലൊരു ചിത്രകാരനും സാഹിത്യകാരനും കൂടിയാണ് ഇ.എം.എസ്. കേരളം മലയാളികളുടെ മാതൃഭൂമി, ഗാന്ധിയും ഗാന്ധിസവും, ഇന്ത്യാചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം തുടങ്ങിയവ ഇദ്ദേഹത്തിന്റെ രചനകളാണ്. 1998 മാര്‍ച്ച് 19-ന് അദ്ദേഹം അന്തരിച്ചു.

Comments are closed.