DCBOOKS
Malayalam News Literature Website

‘പടിഞ്ഞാറെ കൊല്ലം ചോരക്കാലം’; കഥ വന്ന വഴിയെപ്പറ്റി കഥാകൃത്ത്

തെക്കുള്ള കൊല്ലം; ആ കാലം ചോരക്കാലം.

ഞാനന്ന് ഒന്നാം കൊല്ലം ഡിഗ്രിക്കു പഠിക്കുകയാണ്; കൊല്ലം എസ്.എന്‍. കോളജില്‍.

രാത്രി. അര്‍ധരാത്രി കഴിഞ്ഞിരിക്കണം. മൂത്രമൊഴിക്കാന്‍ എഴുന്നേറ്റതാണ്. എന്റെ വീടിനു പിന്നാലേ വിശാലമായ വയലാണ്. പരിസരത്ത് ആള്‍പ്പാര്‍പ്പ് കുറവാണ്. എന്നിട്ടും ഒന്നിനെയും ഭയമില്ലാത്ത കാലമാണ്.

മൂത്രമൊഴിച്ചുകൊണ്ടുനില്‍ക്കേ, ദൂരെ വയലില്‍നിന്ന് വെളിച്ചം. തീ. വയലിന്റെ കരയില്‍ ദൂരെ പാവങ്ങളായ ചില മനുഷ്യരുടെ കുടിലുകളുണ്ട്. ഒരു ഞെട്ടലുണ്ടായി. എനിക്ക് എട്ടോ ഒന്‍പതോ വയസ്സുള്ളപ്പോഴുള്ള ഒരു തീ ഓര്‍മ്മയെയാണ് ആ കാഴ്ച തട്ടിയുണര്‍ത്തിയത്. അന്ന്…

രാത്രി ഒന്‍പതു മണി കഴിഞ്ഞു. അച്ഛന്‍ എന്തോ വായിച്ചു പാതിക്കു മയങ്ങിക്കിടക്കുകയാണ്. ഞാന്‍ ചോറുണ്ടു. എനിക്കു കൈകഴുകാനായി അമ്മ അടുക്കളവാതില്‍ തുറക്കുകയാണ്. പെട്ടെന്നാണ് തീയുടെ നാളം. അതിന്റെ ചൂടു നെഞ്ചില്‍ കടന്നിട്ടെന്നവിധം നമ്മളൊന്ന് ഞെട്ടുകയാണ്. എന്റെ അപ്പൂപ്പന്റെ അനിയന്റെ കുടുംബമാണവിടെ താമസിക്കുന്നത്. അവിടത്തെ പയ്യന്‍ പൊടിമോനും ഞാനും രണ്ടാം തലമുറയിലെ സഹോദരന്മാര്‍ മാത്രമല്ല, അടുത്ത കൂട്ടുകാരുമാണ്. ആ ആധിയെ പെരുക്കി തീ കത്തിക്കേറിത്തുടങ്ങുകയാണ്. അമ്മ, അച്ഛനെ നിലവിളിച്ചുകൊണ്ടുണര്‍ത്തി. അച്ഛന്‍ നെഞ്ചത്തു കിടന്ന വാരിക വലിച്ചെറിഞ്ഞ് ഓടിവന്നു. അലറിവിളിച്ച് ആളെക്കൂട്ടി. ഭാഗ്യം. ചായ്പ് മാത്രമേ കത്തിയുള്ളൂ.

ആ ഓര്‍മ്മവിട്ട് ഇപ്പോള്‍… ഈ രാത്രിയില്‍…

ദാ വയലില്‍ കാണുന്ന ആ പ്രകാശത്തിന് ഒന്‍പതാം വയസ്സില്‍ കണ്ട തീയുടെ വ്യാപ്തിയൊന്നുമില്ല. ഇരുട്ട് അന്നുമിന്നും പേടിയുള്ള സാധനമല്ല. സത്യത്തില്‍ കഴിഞ്ഞ പത്തിരുപത്തിമൂന്നു വര്‍ഷക്കാലത്തിനിടയില്‍ ഞാന്‍ പകലിനെക്കാള്‍ കണ്ടത് രാത്രിയെയുമാണ്. ഉദ്യോഗം അപ്പടിയായിരുന്നു. ഇരുട്ടുപത്രാധിപര്‍.

ഞാന്‍ മെല്ലെ വയലിനു നേരേ നടന്നു.

തീയുടെ ഉറവിടം തിട്ടപ്പെടുത്തണം. ഞരുഞരാ ശബ്ദം കേള്‍ക്കുന്നു. ആരോ ഓലക്കാലുകള്‍ വലിച്ചുപറിക്കുന്നതാണ്. മടലു കിടന്ന് കിയോം കിയോം എന്ന് ശബ്ദമുണ്ടാക്കുന്നു.

അങ്ങെത്തിയില്ല. അതിനു മുന്‍പ് ഇരുട്ടില്‍നിന്നൊരു ശബ്ദം, ‘എന്തെടാ?’ പരിചയമുള്ള ശബ്ദം. പക്ഷേ, ആരുടേതെന്ന് തിട്ടപ്പെടുത്താന്‍ കഴിഞ്ഞില്ല. അതിനുമുന്‍പ് അടുത്ത താക്കീത്: ‘ങാ. കേറിപ്പോ അകത്ത്.’
ഞാന്‍ അറിയാതെ പറഞ്ഞു:

‘അവിടെ തീ.’

‘ങാ. പന്തമാണ്. കേറിപ്പോ. ശബ്ദം കേട്ടാല്‍ ഇറങ്ങിവരരുത്. മനസ്സിലായോ.’ഞാനെന്തോകൂടി പറയാനായി തുടങ്ങി.

ഇരുട്ടില്‍നിന്ന് പിന്നെ കേട്ടതൊരു ആട്ടാണ്: ‘കേറിപ്പോടാ അകത്ത്.’

ആ ടോണ്‍ എനിക്കിഷ്ടപ്പെട്ടില്ല. ഞാന്‍ അന്യരുടെ പ്രദേശത്തല്ല നില്‍ക്കുന്നത്. അവരാണ് അതിക്രമിച്ചു കടന്നവര്‍. അവര്‍ ഉടയനോട് പറയുന്നു: ‘കേറിപ്പോടാ അകത്തെന്ന്.’

പക്ഷേ, ഈ ഇരുട്ടില്‍ നമ്മളത്ര സേഫല്ല. അത്രമാത്രം ചങ്കൂറ്റവുമില്ല.

തിരിച്ചുപോകാതെ നിവൃത്തിയില്ല.

ഞാന്‍ വേഗം കയറി കതകടച്ചു. അച്ഛന്‍ അകത്തു കിടന്നുറങ്ങുന്നുണ്ട്. വിളിക്കണോയെന്നു വിചാരിച്ചു. വേണ്ട. അച്ഛന്‍ കാര്യങ്ങളെ വല്ലാതെ വൈകാരികമായി സമീപിക്കുന്ന ആളാണ്. ആ ശബ്ദത്തിന്റെ ഉടമയെ ഓര്‍ത്തെടുക്കാന്‍ ഇന്നുവരെയും പറ്റിയിട്ടില്ല. കാരണം, ആ ശബ്ദത്തില്‍ ക്രൂരത കലര്‍ന്നുണ്ടായ ഒരു ദാഹമുണ്ടായിരുന്നു. അത് അയാളെ മനുഷ്യനല്ലാതാക്കി മാറ്റിയിരുന്നു. അതാണ് പരിചയമുണ്ടെന്ന് ഉറപ്പായിട്ടും എനിക്ക് തിട്ടപ്പെടുത്താന്‍ കഴിയാതിരുന്നത്. നല്ലത്. അത്തരക്കാരെ തിരിച്ചറിയേണ്ടതില്ല.

അതായിരുന്നു 1992-ലെ ഇരവിപുരം ലഹളക്കാലം.
മറക്കാനാവില്ല.

അതിന്റെ ഒരു തീത്തുമ്പ് എന്റെ ഗ്രാമത്തിലായിരുന്നു. അതിനായുള്ള പന്തംകെട്ടലായിരുന്നു അവിടെ നടന്നിരുന്നത്. അന്ന് ഞാന്‍ പഠിച്ചു. മതം, വര്‍ഗം എന്നിവ കലര്‍ന്നാല്‍പ്പിന്നെ വ്യവസ്ഥയൊന്നുമില്ല. എന്റെ പുരയിടത്തില്‍ നീ നില്‍ക്കും. എന്റെ ഓലക്കാല്‍ കൂട്ടിക്കെട്ടി നീ ചൂട്ടും കറ്റയുമുണ്ടാക്കും. എന്റെ ഓലക്കാലുകൊണ്ട് നീ എന്റെ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മതത്തിന്റെ പേരു പറഞ്ഞു വേദനയുണ്ടാക്കും. ഞാനനുവദിക്കില്ലെന്ന് പറയാനാവില്ല. അങ്ങനെയെങ്കില്‍ വര്‍ഗത്തിനുള്ളിലെ ശത്രുവായി കണ്ട്, ആദ്യം നിന്റെ പക എന്റെമേല്‍ പതിക്കും. അവര്‍ വലിയ സംഘമായി കടപ്പുറം ഭാഗത്തേക്ക് പോകാനുള്ള ഒരുക്കമായിരുന്നിരിക്കണം.

എനിക്ക് രണ്ടു ദിവസമായി അതിന്റെ അങ്കലാപ്പുണ്ട്. കടപ്പുറത്തിനടുത്തുള്ള ട്യൂട്ടോറിയലിലാണ് ഞാന്‍ പത്താം ക്ലാസില്‍ ട്യൂഷനു പോയത്. എന്റെ ഒരു പടം ആദ്യമായി അച്ചടിച്ചത്, ഏതെങ്കിലും വീക്കിലിയിലല്ല. കടപ്പുറത്തിനടുത്തുള്ള ഒരു ട്യൂട്ടോറിയലിന്റെ നോട്ടീസിലാണ്. പത്തില്‍ സാമാന്യം തരക്കേടില്ലാത്ത മാര്‍ക്ക് നേടിയവരുടെ രണ്ടു വലിയ ചിത്രത്തിലൊന്ന് എന്റേതായിരുന്നു. അന്ന് കടപ്പുറത്തു കൂടി, കടലാക്രമണം തടയാന്‍ കൂട്ടിയിട്ടിരുന്ന പാറയില്‍ ഒട്ടിച്ചിരുന്ന എന്റെ ചിത്രം അഭിമാനത്തോടെ നോക്കി കണ്ടിട്ടുണ്ട്. അപ്പോള്‍ കടല്‍ക്കാറ്റിന് ഒരു പ്രത്യേക തണുപ്പായിരുന്നു. ആ തീരത്ത് എന്റെകൂടെ പഠിച്ച പലരുണ്ട്.

ആറാം വയസ്സില്‍ ഇരവിപുരം കടപ്പുറത്തു വന്നൊരു തിര എന്നെ എടുത്തുകൊണ്ടു മടങ്ങിയതാണ്. തിരിച്ചുകിട്ടുമെന്നു കരുതിയതല്ല. ഒരു തിര മടങ്ങിച്ചെല്ലും മുന്‍പ് മറ്റൊരു തിര ഇടനേരത്തു കയറിവരും ചിലപ്പോള്‍. ആ ഇടവേളയിലാണ് ആരോ രക്ഷിച്ചത്. മുതിര്‍ന്നപ്പോള്‍ ഒരു ക്രിസ്മസ് ദിനത്തില്‍ കടപ്പുറത്ത് ചെന്നപ്പോള്‍ ആഘോഷത്തിന്റെ ലഹരിയില്‍ തീരത്തെ ചില കൂട്ടുകാര്‍ എന്നെ പൊക്കിയെടുത്ത് കടലിലെറിഞ്ഞു. പിന്നെ മറന്നുപോയി. എനിക്ക് നീന്താനറിയില്ല. കരയില്‍ ഒപ്പം വന്ന ആള്‍ കരഞ്ഞു വിളിച്ചതുകൊണ്ട് രക്ഷപ്പെട്ടു. അങ്ങനെ രണ്ടു തവണ ഇരവിപുരം കടപ്പുറത്തെ വെള്ളം ഞാന്‍ നിറയെ കുടിച്ചിട്ടുണ്ട്. അന്ന് കുടിച്ച ഉപ്പിന്റെ തുമ്പാണ് ഇന്ന് ഞാനീ കഥയായി കക്കിവയ്ക്കുന്നത്. എന്റെ കടലാണ് അത്. അഥവാ എന്റെയും കടലാണ് അത്.

പൊലീസ് വെടിവയ്പുണ്ടായി. ഒരാള്‍ മരിച്ചു. കുറച്ചു പേര്‍ക്ക് പരി ക്കേറ്റു. പെട്ടെന്നുതന്നെ ജനം അതിന്റെ അപകടം മനസ്സിലാക്കി. ലഹള പെട്ടെന്നൊതുങ്ങി.

എന്റെ ചെറിയഗ്രാമത്തില്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ പലതു നടന്നിട്ടുണ്ട്. പൊലീസ് പിക്കറ്റും ബന്തവസ്സിനുമിടയിലൂടെ കുട്ടിയെന്ന നിലയില്‍ ഞാന്‍ സൈക്കിള്‍ ചവിട്ടി പോയിട്ടുണ്ട്. നക്‌സലൈറ്റ് വര്‍ഗീസിനെ കൊല്ലേണ്ടിവന്ന പൊലീസുകാരന്‍ രാമചന്ദ്രന്‍നായര്‍ അന്ന് ഞങ്ങളുടെ ഗ്രാമത്തില്‍ ബന്തവസ് ഏര്‍പ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നുവെന്ന് പിന്നീടദ്ദേഹത്തിന്റെ ആത്മകഥയില്‍ വായിച്ചിട്ടുണ്ട്.

രാഷ്ട്രീയകൊലപാതകംപോലെയല്ല, വര്‍ഗീയകലാപകാലത്തെ പൊലീസ് വേറേയാണ്. രാഷ്ട്രീയ കൊലപാതകത്തിന്റെ അലകള്‍ തീരുമ്പോള്‍ പൊലീസ് മടങ്ങിപ്പോകും. വര്‍ഗീയകലാപം നടന്നാല്‍ പൊലീസ് മടങ്ങിപ്പോകില്ല. 26 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇനിയും മടങ്ങിയില്ല. അന്ന് പൊലീസ് എയ്ഡ് പോസ്റ്റ് ഇട്ടതാണ്. പിന്നെ ഇരവിപുരത്ത് പൊലീസ് സ്‌റ്റേഷന്‍ വന്നു. ഇനി തീരദേശസ്‌റ്റേഷന്‍ വരുന്നു. രണ്ടോ മൂന്നോ ദിവസംകൊണ്ട് മനുഷ്യര്‍ ചെയ്ത അരുതായ്ക. പിന്നീടവര്‍ അതേക്കുറിച്ച് ഓര്‍ക്കാനേ നിന്നില്ല. ഞാന്‍ ഇരവിപുരത്തോടു ക്ഷമിക്കൂ എന്നു പറഞ്ഞ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിലേക്ക് ഒരു കുറിപ്പയച്ചത് ഓര്‍ക്കുന്നു. വന്നില്ല. എങ്കിലും എനിക്കെന്റെ വേദന പകര്‍ത്താന്‍ ശ്രമിച്ചതിന്റെ സന്തോഷം തോന്നിയിരുന്നു.

ഓര്‍ക്കണം. ഞാന്‍ ആറാം വയസ്സില്‍, അയല്‍വീട്ടില്‍ പിടിച്ച തീയും മറ്റൊരു വര്‍ഗീയലഹളയുടെ ഭാഗമായിരുന്നു. കണക്കുതീര്‍ക്കാന്‍ കണ്ണില്‍ കണ്ട വീട് ലാക്കാക്കുക എന്നതാണ് ഇത്തരം അവസരങ്ങളില്‍ വര്‍ഗീയവാദികള്‍ ചെയ്യുക. അത് ഇരവിപുരം ലഹളയില്‍ ഉള്‍പ്പെട്ട മതക്കാര്‍ തമ്മിലായിരുന്നു. മറ്റൊരു രീതിയായിരുന്നു. രണ്ടുതരം തീക്കളി. അന്ന് ആറാം വയസ്സില്‍ ഇപ്പുറത്തെ വീടായിരുന്നു അവര്‍ ലക്ഷ്യംവച്ചിരുന്നതെങ്കില്‍… അതായത് ഞങ്ങളുടെ വീടായിരുന്നു എങ്കില്‍… നേരത്തേ അത്താഴം കഴിക്കാന്‍ തോന്നിയിരുന്നു എങ്കില്‍…ഒരല്പം നേരംകൂടി നേരത്തേ എന്റെ വീട്ടിലെ വിളക്കണഞ്ഞിരുന്നു എങ്കില്‍… ഒരുപക്ഷേ, ആ ഓലയും പലകയും ചേര്‍ന്ന വീട്ടില്‍ ഒരു അച്ഛനും അമ്മയും രണ്ടു മക്കളും എളുപ്പം വെന്തുദഹിക്കുമായിരുന്നു.

ഇതാണ് ഈ കഥയിലെ എന്റെ പശ്ചാത്തലം. പക്ഷേ, ‘ചോരക്കാലം’ എന്ന കഥയില്‍ ഇരവിപുരത്തെ ആ വര്‍ഗീയകലാപം ഒരു സീനില്‍ കടന്നു പശ്ചാത്തലമായി വന്നു കിടക്കുന്നതേയുള്ളൂ. അത്തരമൊരു അസ്വസ്ഥതയെ സംക്രമിപ്പിക്കേണ്ട കാര്യമില്ലെന്നു തോന്നി. എങ്കിലും ആ വേവ് ചില്ലറയായിരുന്നില്ലെന്ന് മനസ്സിലാക്കാനാണ് ഇതെഴുതിയത്. ആ വേവിന്റെ ചൂട് ഭാഗ്യവശാല്‍ നമ്മളില്‍ സ്‌നേഹമാണ് ഉണ്ടാകേണ്ടതെന്ന ധാരണയാണ് വളര്‍ത്തിയത്. സ്പര്‍ധയെ അത് എരിച്ചുകളഞ്ഞു. ഇത്തരം പച്ച അനുഭവങ്ങളില്‍ പലതിലൂടെയും കടന്നു പോയതുകൊണ്ടായിരിക്കും, എന്റെ കഥകളില്‍ പ്രണയത്തിന്റെ സ്വഭാവം അധികം ഉണ്ടാകാറില്ല. നനുത്ത സ്പര്‍ശം കുറവാണ്. ഇതില്‍ പക്ഷേ, പറയേണ്ടിവന്നു. അപ്പോള്‍ പ്രണയത്തിന് മറ്റൊരു ഭാവം വന്നു. വായനക്കാരില്‍ കുറച്ചുപേര്‍ക്ക് അതിലെ ഇമ്പം കിട്ടിയതില്‍ സന്തോഷം. അതിനെ ദൃശ്യവത്കരിക്കാന്‍ ആവശ്യക്കാര്‍ വന്നു. നല്ലതെന്നു തോന്നിയ മികച്ച ഒരാളിനെ ഏല്പിച്ചുവിട്ടിട്ടുണ്ട്…

തുടര്‍ന്നു വായിക്കാം

ജി.ആര്‍ ഇന്ദുഗോപന്‍ രചിച്ച പടിഞ്ഞാറേകൊല്ലം ചോരക്കാലം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.