DCBOOKS
Malayalam News Literature Website

ആരോഗ്യ (അ)സംബന്ധം

ഡോ.ഷിംന അസീസ്

‘മൂന്ന് പ്രസവം കഴിഞ്ഞു. മൂന്നാമത്തേത് സിസേറിയന്‍ ആയിരുന്നു. അതിന് ശേഷം സഹിക്കാന്‍ വയ്യാത്ത നടുവേദന. നടുവിന് കുത്തുന്ന സൂചി ഭയങ്കര പ്രശ്‌നാണ് ഡോക്ടറെ…’

‘അയ്‌ശെരി’. ഡോക്ടര്‍ കണ്ണ് മിഴിച്ചു.

വാസ്തവം: ഗര്‍ഭകാലത്ത് ശരീരത്തിലുള്ള പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണ്‍ എല്ലാ സന്ധികളേയും പേശികളേയും അയയ്ക്കും. ഓരോ ഗര്‍ഭകാലത്തും അമ്മയ്ക്ക് 10-13 വരെ കിലോ ഭാരം കൂടും. ഇത് കാരണം സ്വാഭാവികമായിത്തന്നെ അമ്മക്ക് നടുവേദന വരും. പ്രസവശേഷവും അല്‍പം നാളുകള്‍ ഇത് തുടരും. ഇതിന് സിസേറിയന്‍ സമയത്ത് മരവിപ്പിക്കാന്‍ ഉപയോഗിക്കുന്ന സ്‌പൈനല്‍ അനസ്‌തേഷ്യയുമായി യാതൊരു ബന്ധവുമില്ല. അതേ സൂചിയാണ് അരയ്ക്ക് കീഴ്‌പ്പോട്ടുള്ള മിക്കവാറും എല്ലാ സര്‍ജറികള്‍ക്കും ആണിനും പെണ്ണിനും ഉപയോഗിക്കുന്നത്. അവര്‍ക്കൊന്നുമില്ലാത്ത നടുവേദന നമുക്കെന്തിനാ അമ്മേ? ചുമ്മാ ആ കുഞ്ഞുവാവയേം കളിപ്പിച്ച് ഇരിക്കെന്നേ…

‘എന്ന് മാത്രവുമല്ല, ഓപ്രേഷന്‍ കഴിഞ്ഞിട്ട് റെസ്റ്റ് ഒട്ടും കിട്ടീല. ചെറുതിന്റെ മീതെയുള്ളോന് ഒരു വയസ്സാവുന്നതേയുള്ളൂ.’

‘ഓഹോ’

വാസ്തവം: പ്രസവം കഴിഞ്ഞ് അറ്റന്‍ഷനില്‍ മലര്‍ന്ന് കിടക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല കേട്ടോ. എത്രയും പെട്ടെന്ന് എഴുന്നേറ്റ് നടക്കുകയും ചെറിയ ജോലികളിലേക്ക് മടങ്ങുകയും ചെയ്യുന്നത് വഴി ശരീരത്തിന്റെ സ്വാഭാവികതാളത്തിലേക്കും ജീവിതത്തിലേക്കും തിരിച്ച് വരാനുള്ള ആരോഗ്യം തിരിച്ച് കിട്ടുകയാണ് ചെയ്യുക. മറ്റൊരു കാര്യം കൂടി, കഴിവതും ഒരു പ്രസവം കഴിഞ്ഞ് അടുത്ത കുഞ്ഞിനെക്കുറിച്ച് ചിന്തിക്കുന്നത് ആദ്യത്തെ കുഞ്ഞ് ഏറ്റവും ചുരുങ്ങിയത് രണ്ട് വര്‍ഷം മുലപ്പാല്‍ കുടിച്ച് അവനോ അവളോ സ്‌കൂളില്‍ പോകാന്‍ പ്രായമാകുമ്പോഴാകട്ടെ. അടുപ്പിച്ചുള്ള പ്രസവങ്ങള്‍ ആദ്യത്തെ കുഞ്ഞിന് മുലപ്പാലും അമ്മയുടെ സാമീപ്യവും കിട്ടുന്നത് കുറയ്ക്കും, ആദ്യപ്രസവം കഴിഞ്ഞ് അധികനാളുകളായിട്ടില്ലാത്ത അമ്മയേയും അതു വഴി ഗര്‍ഭസ്ഥശിശുവിനേയും പൂര്‍ണ ആരോഗ്യത്തോടെ ഗര്‍ഭകാലത്തിലേക്ക് കടക്കുന്നത് ഇല്ലാതാക്കുകയും ചെയ്യും.

‘നിങ്ങളെങ്ങനെയാ ഇത്രേം ഭാരം കൂടിയത്? ഇവിടുന്ന് ഡിസ്ചാര്‍ജ് ചെയ്യുമ്പോ ഇത്രേം ഇല്ലായിരുന്നല്ലോ?’

‘അതിപ്പോ, പെറ്റ് കഴിഞ്ഞാല്‍ നന്നാവണ്ടേ?’

‘നിങ്ങള്‍ മുന്നേ ചീര്‍ത്തായിരുന്നോ?’

‘അതല്ല.

വാസ്തവം: പ്രസവം കഴിഞ്ഞ് ‘വണ്ണം വെക്കണം’ എന്നത് വെറും മിഥ്യാധാരണയാണ്. ആരോഗ്യമില്ലാത്ത വണ്ണമല്ല, രോഗങ്ങളില്ലാത്ത സ്വാഭാവികമായ ശരീരഭാരത്തിലേക്ക് എത്രയും വേഗം തിരിച്ചെത്തുക എന്നതാണ് സുപ്രധാനം. സാധാരണ കഴിക്കുന്നതിലും ഒരല്പം കൂടുതല്‍ മാത്രമേ അമ്മിഞ്ഞ കൊടുക്കുന്ന അമ്മക്ക് വേണ്ടൂ. ഏതാണ്ട് അഞ്ഞൂറ് കിലോകാലറി. ഒരു ഇത്തിരിക്കുഞ്ഞന്‍ കപ്പിലെ ചോറ് ഏതാണ്ട് ഇരുനൂറ് കിലോകാലറി ആണെന്നിരിക്കേ, നമ്മള്‍ പ്രസവിച്ചു കിടക്കുന്ന അമ്മക്ക് നല്‍കുന്നത് എത്രയിരട്ടിയാണ് എന്ന് ഒന്നോര്‍ത്ത് നോക്കണം. കുഞ്ഞുവാവയുമായി അടുക്കേണ്ട ഈ മനോഹരകാലം അമിതഭക്ഷണം കൊണ്ട് അമ്മക്ക് ഭാവിയില്‍ പ്രമേഹത്തിനും രക്താതിമര്‍ദ്ദത്തിനും കൊളസ്‌ട്രോള്‍ കൂടുന്നതിനും അടിത്തറയിടാനുള്ള നേരമാകരുത്.

Comments are closed.