DCBOOKS
Malayalam News Literature Website

അമ്മമാര്‍ അറിയാന്‍…

ഡോ.ഷിംന അസീസ്

‘കുട്ടി…അധികസമയം ടി.വി കണ്ടാല്‍ കണ്ണില്‍ കാന്‍സര്‍ വരുംന്ന് വാട്ട്‌സപ്പില്‍ കേശവന്‍ മാമന്‍ അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ കേബിള്‍ കട്ട് ചെയ്തൂട്ടാ…”

വാസ്തവം: ഒന്നര വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ ഒരു തരത്തിലുമുള്ള സ്‌ക്രീന്‍ കാണരുത്. രണ്ട് മുതല്‍ അഞ്ച് വയസ്സ് വരെ ടിവി, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ടാബ് തുടങ്ങിയവയെല്ലാം ഉപയോഗിക്കുന്ന സമയം ചേര്‍ത്ത് നോക്കിയാല്‍ പോലും ഒരു മണിക്കൂറിലധികം സമയം സ്‌ക്രീന്‍ടൈം പാടില്ല. അതിന് ശേഷവും ഈ ഒരു പരിധി കാത്ത് സൂക്ഷിക്കുന്നതാണ് അവരുടെ ബൗദ്ധികവും സാമൂഹികവുമായ വളര്‍ച്ചക്ക് നല്ലത്. പക്ഷേ, ഇതൊന്നും തന്നെ കുഞ്ഞിന് കണ്ണില്‍ കാന്‍സര്‍ വരാതിരിക്കാനല്ല. സ്‌ക്രീന്‍ കുഞ്ഞിന് കണ്ണില്‍ അര്‍ബുദം വരുത്താന്‍ ശേഷിയുള്ളതല്ല. കുഞ്ഞിന് സ്‌ക്രീന്‍ നിയന്ത്രിക്കുക, പക്ഷേ ശരിയായ കാരണം മനസ്സിലാക്കി വേണമത്.

‘പ്രസവം നിര്‍ത്താന്‍ ശസ്ത്രക്രിയ ചെയ്യാനോ? നെവര്‍..!എന്നിട്ട് വേണം എനിക്ക് ഗര്‍ഭപാത്രത്തില്‍ കാന്‍സര്‍ വരാന്‍. ചെയ്യൂലാന്ന് പറഞ്ഞാല്‍ ചെയ്യൂല, ഹും. ‘

വാസ്തവം: പ്രസവം നിര്‍ത്തുന്ന ശസ്ത്രക്രിയ ഗര്‍ഭപാത്രത്തിലെയോ അണ്ഡാശയത്തിലെയോ മറ്റേതെങ്കിലും അവയവങ്ങളിലെയോ അര്‍ബുദത്തിന് കാരണമാകില്ല. സ്ത്രീശരീരത്തില്‍ രണ്ട് അണ്ഡാശയങ്ങളും ഒരു ഗര്‍ഭപാത്രവുമാണുള്ളത്. ഓരോ മാസവും ഒരു അണ്ഡം വീതം ഉണ്ടാകും. ഇത് അണ്ഡവാഹിനിക്കുഴലില്‍ എത്തി ബീജത്തെ കാത്തിരിക്കും. അവിടെ വെച്ച് ബീജസങ്കലനം നടന്നാല്‍ ഗര്‍ഭമുണ്ടാകും. ഈ കുഴലുകളുടെ ചെറിയൊരു ഭാഗം മുറിച്ച് മാറ്റുകയോ കരിയിക്കുകയോ കെട്ടിടുകയോ ചെയ്യുന്നതാണ് സ്ത്രീകളിലെ കുടുംബാസൂത്രണ ശസ്ത്രക്രിയ. അതുവഴി ഗര്‍ഭധാരണം നടക്കുന്നത് തടയും. മാത്രമല്ല, ഇത്തരമൊരു ശസ്ത്രക്രിയ ഒരു കാരണവശാലും അര്‍ബുദത്തിന് ഹേതുവാകില്ല.

‘സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കുന്നത് കാന്‍സറിന് കാരണമാകും. അതു കൊണ്ട് ഇച്ചിരെ ബുദ്ധിമുട്ടിയാലും ഞങ്ങള്‍ക്ക് കോട്ടന്‍ തുണി മതിയേ…’

വാസ്തവം: സാനിറ്ററി നാപ്കിനുകള്‍ക്ക് ഇത്തരമൊരു കുഴപ്പമുണ്ടാക്കുമെന്നതിന് തെളിവുകളില്ല. ഒരിക്കല്‍ മാത്രമുപയോഗിക്കാവുന്ന പാഡ് ഉപയോഗിക്കുമ്പോള്‍ തുണിയെ അപേക്ഷിച്ച് അണുബാധക്കുള്ള സാധ്യത തീരെ കുറവാണ്. വൃത്തിയും ആരോഗ്യവും ഉള്ള ശീലവും പരമാവധി ആറു മണിക്കൂര്‍ വരെ മാത്രം സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കുന്നതാണ്.

Comments are closed.