DCBOOKS
Malayalam News Literature Website

20-ാമത് ഡി.സി കിഴക്കെമുറി സ്മാരക പ്രഭാഷണവും 44-ാമത് വാര്‍ഷികാഘോഷവും ഒക്ടോബര്‍ 30ന്

ഡി. സി ബുക്‌സ് കേരളത്തിന്റെ വായനാസംസ്‌കാരത്തില്‍ സജീവസാന്നിധ്യമായിട്ട് 44 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഈ വേളയില്‍ ഡി.സി ബുക്‌സിന്റെ വാര്‍ഷികാഘോഷവും 20-ാമത് ഡി.സി കിഴക്കെമുറി സ്മാരക പ്രഭാഷണവും ഒക്ടോബര്‍ 30-ന് സംഘടിപ്പിക്കുകയാണ്. തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വി.കെ ശ്രീരാമന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 30 ചൊവ്വാഴ്ച വൈകിട്ട് 5.30 മുതലാണ് പരിപാടികള്‍ നടക്കുക.

തുടര്‍ന്ന് 20-ാമത് ഡി സി കിഴക്കെമുറി സ്മാരക പ്രഭാഷണം ഡോ. ജെ. ദേവിക നിര്‍വ്വഹിക്കും. ദുരന്താനന്തരകാലവും ചിന്തയുടെ അടിസ്ഥാന പ്രമാണങ്ങളും-2018 ഓഗസ്റ്റിലെ കേരളത്തില്‍നിന്ന് ചിന്തിക്കുമ്പോള്‍ എന്ന വിഷയത്തിലാണ് ഡോ. ജെ.ദേവിക പ്രഭാഷണം നടത്തുന്നത്.

പിന്നീട് ഡി.സി നോവല്‍ പുരസ്‌കാര വിജയികളുടെ പേരുകള്‍ കഥാകൃത്ത് ബെന്യാമിന്‍ വേദിയില്‍ വെച്ച് പ്രഖാപിക്കും. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫ് പുരസ്‌കാരങ്ങള്‍ വിതരണം നടത്തും. കൂടാതെ ഒരുവട്ടം കൂടി ഷോര്‍ട്ട്ഫിലിം മത്സരവിജയികള്‍ക്കുള്ള പുരസ്‌കാര ദാനവും വേദിയില്‍ വെച്ച് നടക്കുന്നതാണ്. സിസ്റ്റര്‍ ജെസ്മി, ദീപാനിശാന്ത്, സംഗീത ശ്രീനിവാസന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിക്കും.

Comments are closed.