മാര്‍ച്ച് 6മുതല്‍ വടകരയില്‍ ഡി സി പുസ്തകോത്സവവും സാഹിത്യോത്സവവും

vadakaraപുസ്തകങ്ങളുടെ പൂക്കാലവും സാഹിത്യത്തിന്റെ വ്യത്യസ്തകാഴ്ചപാടുകളുമായി മാര്‍ച്ച് 6 മുതല്‍ 12 വരെ വടകര ടൗണ്‍ഹാളില്‍ ഡി സി ബുക്‌സ് പുസ്തകോത്സവവും സാഹിത്യോത്സവവും സംഘടിപ്പിക്കുന്നു.

സാഹിത്യസാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ, ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സാഹിത്യോത്സവവും അതിനോടനുബന്ധിച്ചുള്ള പുസ്തകോത്സവവും അക്ബര്‍ കക്കട്ടില്‍ അനുസ്മരണവും മാര്‍ച്ച് 6 ന് വൈകിട്ട് 5ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. വടകര ഡി ഇ ഒ വത്സല, എഇഒ മാരായ എം വേണു
ഗോപാന്‍, എ പ്രദീപ് കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ പ്രഭാകരന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വടകര മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ ശ്രീധരന്‍ വായന പ്രതിജ്ഞചൊല്ലിക്കൊടുത്താണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. തുടര്‍ന്ന് പത്മശ്രീ മീനാക്ഷിയമ്മയെ ചലച്ചിത്രതാരം ലിയോണ ലിഷോയ് ആദരിക്കും. കടത്തനാട്ട് നാരായണന്‍, ആര്‍ ബല്‍റാം, പി ഹരീന്ദ്രനാഥ്, ശശികുമാര്‍ പുറമേരി, കെ വി ശശി, ടി രാജന്‍, രാജന്‍ ചെറുവാട്ട് എന്നിവര്‍ സന്നിഹിതരായിരിക്കും.

സാഹിത്യോത്സവത്തിന്റെ രാണ്ടാം ദിവസമായ മാര്‍ച്ച് 7ന് വൈകിട്ട് 5 മണിക്ക് സദാചാരം ശരീരം ആനന്ദം എന്ന വിഷയത്തെക്കുറിച്ച് ബി അരുന്ധതി, ലാസര്‍ ഷൈന്‍, ലിജീഷ്‌കുമാര്‍, അപര്‍ണ പ്രശാന്തി എന്നിവര്‍ പങ്കെടുക്കുന്ന ചര്‍ച്ച നടക്കും.

മാര്‍ച്ച് 8ന് വൈകിട്ട് 5ന് പുനത്തില്‍ കുഞ്ഞബ്ദുള്ളയെ കുറിച്ച് സംസാരിക്കാന്‍ കഥാകൃത്ത് ടി പത്മനാഭന്‍ എത്തും. കല്‍പ്പറ്റ നാരായണന്‍, കെ ശ്രീധര്‍, വീരാന്‍കുട്ടി, കെ എ ഫ്രാന്‍സിസ്, വി ടി മുരളി, ടി രാജന്‍ മാസ്റ്റര്‍, കെ വി ശശി, രാജേന്ദ്രന്‍ എടത്തുംകര, ടി പി കൃഷ്ണദാസ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് എ കെ അബ്ദുള്‍ ഹക്കീം എഡിറ്റുചെയ്ത ശിലയില്‍ തീര്‍ത്ത സ്മാരകങ്ങള്‍-എന്ന പുസ്‌കപ്രകാശനവും സംവാദവും നടക്കും.

സാഹിത്യോത്സവത്തോടനുബന്ധിച്ച് നടത്തുന്ന പുസ്തകമേളയില്‍ ഇന്ത്യയക്കകത്തും പുറത്തുമുള്ള മികച്ച പ്രസാധകരുടെ ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല അവ 50 ശതമാനം വരെ വിലക്കിഴിവിലും വാങ്ങാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.