ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തിരിതെളിഞ്ഞു

33-ാമത് ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് കോട്ടയത്ത് തുടക്കമായി. സാഹിത്യ നിരൂപകന്‍ എം കെ സാനു പുസ്തകമേള ഉദ്ഘാടനം ചെയ്തു. അക്ഷരങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും എക്കാലവും പ്രാധാന്യമുണ്ടെന്നും അറിവിനെ അന്വേഷിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നത് അക്ഷരങ്ങളോടുള്ള പ്രതിപത്തിയാണെന്നും ഉദ്ഘടന പ്രസംഗത്തില്‍ എം കെ സാനു പറഞ്ഞു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ നഗരസഭ അധ്യക്ഷ ഡോ. പി ആര്‍ സോന ദര്‍ശനവാണിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രദര്‍ശനവും ഉദഘാടനം ചെയ്തു. കലാസന്ധ്യ ബാലതാരം മീനാക്ഷിയും നിര്‍വ്വഹിച്ചു. ചടങ്ങില്‍ കോട്ടയം പ്രൊവിഷ്യല്‍ ഡോ. ജോര്‍ജ് ഇടയില്‍, ദര്‍ശന ഡയറക്ടര്‍ ഫാ.ജസ്റ്റിന്‍ കാളിയാനില്‍ ഫാ. തോമസ് പുതുശ്ശേരി, തേക്കിന്‍ കാട് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

പുസ്തകമേളയില്‍ നവംബര്‍ 19ന് ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തുന്ന കുട്ടികളുടെ പ്രസംഗമത്സരവും ചോദ്യോത്തരവും നടക്കും. തുടര്‍ന്ന് ശാസ്ത്രമേളയും ഉച്ചയ്ക്ക് ആര്‍ സംഗീതയുടെ ഒറ്റയ്‌ക്കൊരാള്‍, കെ ബി പ്രസന്നകുമാറിന്റെ ഹിമവഴിയിലെ ബുദ്ധസഞ്ചാരങ്ങള്‍ എന്നീ പുസ്തകങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും നടക്കും. വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഡോ.കെ എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വയലാര്‍ ശരത്ചന്ദ്രവര്‍മ മുഖ്യപ്രഭാഷണം നടത്തും.

രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് എട്ടുവരെയാണ് മേള സന്ദര്‍ശിക്കാനുള്ള അവസരമുള്ളത്‌.

Categories: LATEST EVENTS