ആമിര്‍ ഖാന്റെ ‘ദംഗല്‍’ ഹിറ്റിലേക്ക് കുതിക്കുന്നു

ameerക്രിസ്മസ് റിലീസായെത്തിയ ആമിര്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രം ദംഗല്‍’ രാജ്യമെമ്പാടുമുള്ള തിയേറ്ററുകളില്‍ കൈയ്യടി നേടി കുതിക്കുകയാണ് ,ആദ്യ ദിനം തന്നെ ചിത്രം 29.78 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നുമായി 59 ലക്ഷമാണ് ലഭിച്ചത്.ഇന്ത്യയില്‍ മാത്രം 4300 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം റിലീസാകുന്നതിന് മുമ്പ് തന്നെ 40 ശതമാനം ടിക്കറ്റുകള്‍ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ വിറ്റഴിച്ചിരുന്നു. കേരളത്തില്‍പ്പോലും ഓണ്‍ലൈന്‍ വഴിയുള്ള മള്‍ട്ടിപ്ലെക്‌സ് ടിക്കറ്റുകള്‍ വളരെ പെട്ടെന്ന് വിറ്റഴിയുന്നുണ്ട്.

ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ആദ്യദിനകളക്ഷന്‍ നേടിയ ‘സുല്‍ത്താനെ’ മറികടക്കാന്‍ പക്ഷേ’ദംഗലി’നായില്ല. 36.54 കോടിയായിരുന്നു സല്‍മാന്‍ ചിത്രത്തിന്റെ റിലീസ് ദിനത്തില്‍ നേടിയത്. എന്നാല്‍ ഈ വര്‍ഷത്തെ ആദ്യദിന കളക്ഷനില്‍ ഇതുവരെ രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന ചിത്രങ്ങളെ ആമിര്‍ഖാന്‍ ചിത്രം മറികടന്നു. എം.എസ്.ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി (21.30 കോടി), ഷാരൂഖ് ഖാന്റെ ഫാന്‍ (19.20 കോടി) എന്നിവയെയാണ് ദംഗല്‍ പിന്നിലാക്കിയത്.

നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളായ ഗീതാ ഫോഗാട്ടിന്റെയും ബബിതാ കുമാരിയുടെയും പിതാവായ ഗുസ്തിചാമ്പ്യനും പരിശീലകനുമായ മഹാവീര്‍ ഫോഗാട്ടിനെയാണ് ദംഗലില്‍ ആമിര്‍ അവതരിപ്പിക്കുന്നത്. ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മുതിര്‍ന്ന രണ്ടു കുട്ടികളും ഗുസ്തിക്കാരാണ്. ഫാത്തിമ ഷെയ്ക്ക്, സാന്യ മല്‍ഹോത്ര എന്നിവരാണ് മുതിര്‍ന്ന പെണ്‍കുട്ടികളുടെ റോളില്‍ അഭിനയിക്കുന്നത്.

Categories: MOVIES