സഞ്ജയന്റെ ചരമവാര്‍ഷികദിനം

sep-13പ്രശസ്ത മലയാള സാഹിത്യകാരനായ സഞ്ജയന്‍ 1903 ജൂണ്‍ 13ന് തലശ്ശേരിക്കടുത്ത് ജനിച്ചു. സഞ്ജയന്‍ എന്നത് അദ്ദേഹത്തിന്റെ തൂലികാനാമമാണ്, യഥാര്‍ത്ഥ നാമം മാണിക്കോത്ത് രാമുണ്ണിനായര്‍ (എം. ആര്‍. നായര്‍) എന്നാണ്. ഒതയോത്ത് തറവാട്ടില്‍ മാടാവില്‍ കുഞ്ഞിരാമന്‍ വൈദ്യരും പാറുവമ്മയുമായിരുന്നു മാതാപിതാക്കള്‍. തലശ്ശേരി ബ്രാഞ്ച് സ്‌കൂള്‍, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, പാലക്കാട് വിക്ടോറിയാ കോളേജ്, ചെന്നൈ ക്രിസ്ത്യന്‍ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നവിടങ്ങളിലാണ് പഠിച്ചത്.

1927ല്‍ ലിറ്ററേച്ചര്‍ ഓണേഴ്‌സ് ജയിച്ച സഞ്ജയന്‍ 1936ലാണ് പ്രശസ്തമായ ‘സഞ്ജയന്‍’ എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നത്. 1938 മുതല്‍ 1942 വരെ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായിരുന്ന കാലത്താണ് വിശ്വരൂപം എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിക്കുന്നത്. 1935 മുതല്‍ 1942 വരെ കോഴിക്കോട് കേരളപത്രികയുടെ പത്രാധിപനായിരുന്ന സഞ്ജയന്റെ പ്രധാനകൃതികള്‍ സാഹിത്യനികഷം (രണ്ട് ഭാഗങ്ങള്‍), സഞ്ജയന്‍ (ആറ് ഭാഗങ്ങള്‍), ഹാസ്യാഞ്ജലി, ഒഥല്ലോ (വിവര്‍ത്തനം) തുടങ്ങിയവയാണ്.

അദ്ദേഹത്തിന്റെ സഞ്ജയോപഖ്യാനമെന്ന കവിതയും പ്രസിദ്ധമാണ്. കുഞ്ചന്‍ നമ്പ്യാര്‍ക്കു ശേഷമുള്ള മലയാളത്തിലെ വലിയ ഹാസ്യസാമ്രാട്ടായിട്ടാണ് സഞ്ജയന്‍ അറിയപ്പെടുന്നത്. കവി, പത്രപ്രവര്‍ത്തകന്‍, നിരൂപകന്‍, തത്ത്വചിന്തകന്‍, ഹാസ്യപ്രതിഭ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. 1943 സെപ്റ്റംബര്‍ 13ന് അദ്ദേഹം അന്തരിച്ചു.

Categories: TODAY