DCBOOKS
Malayalam News Literature Website

മേത്തന്‍ എന്ന സ്വത്വബോധവും പരിണാമവും

സഖരിയ തങ്ങള്‍ എഴുതിയ ലേഖനം

പരമൂശാരു പതിവുപോലെ ഓലകീറി മുറ്റത്തു കളമുണ്ടാക്കി വാഴക്കൈകള്‍ നിരത്തി വീരവാദങ്ങളോടെ വിളിച്ചു,”വാടോ മീതിന്‍ മേത്തരേ, തനിക്കിപ്പോഴെന്താ എന്നോടൊരു കൈനോക്കാന്‍ പേടിയാണോ?”
(ഓര്‍മ്മയുടെ അറകള്‍, വൈക്കം മുഹമ്മദ് ബഷീര്‍, സമ്പൂര്‍ണ്ണ കൃതികള്‍, വാള്യം 2, പുറം 1647)

അന്തിച്ചന്തയിലെ സംഭവമറിഞ്ഞ് ഗോപാലന്റെ അച്ഛന്‍ പറഞ്ഞു: ”മേത്തന്മാരു തലേക്കേറി ചെവികടിക്കാനാണോ ഭാവം” (പുറം 13).

കിട്ടന്‍ പറഞ്ഞു: ”വടക്കെങ്ങാണ്ടു മേത്തന്മാരു വഴക്കുണ്ടാക്കുന്നെന്നു കേട്ടിട്ടായിരിക്കും ഇവിടേംതൊടങ്ങിയിരിക്കുന്നത്.”

”സ്വാതന്ത്ര്യവും സ്വരാജ്യവും പിന്നെയാകട്ടെ സാറേ. ഇപ്പോള്‍ ഈ മേത്തന്മാരെയെല്ലാം നാട്ടീന്ന് ഓടിക്കണ്ടതാ ആവശ്യം”എന്നാണു ജോണി പറയുന്നത് (പുറം 50).

“ഹിന്ദുക്കുട്ടിയെ വളര്‍ത്താന്‍ മുസ്ലിമിനെ ഏല്പിച്ചു;’ അക്കൂട്ടത്തിലൊരുത്തന്‍ പറഞ്ഞു:”കൊച്ചിനെ മേത്തനു കൊടുത്തേച്ചു കടന്നു കളഞ്ഞതാ.” (പുറം 68)
”മേത്തച്ചി വളര്‍ത്തിയ കൊച്ചിനെ കൊണ്ടുവരുന്നതിലാണവര്‍ക്ക് എതിര്‍പ്പ്” (പുറം 73)

”മേത്തച്ചിപ്പെണ്ണിനെ മകളാണെന്നും പറഞ്ഞു വീട്ടില്‍ പിടിച്ചു നിര്‍ത്തിയിരിക്കുകയാ” (പുറം. 75) (ഭ്രാന്താലയം (1949), പി.കേശവദേവ്)

മലയാളത്തിലെ എണ്ണം പറഞ്ഞ രണ്ടു സാഹിത്യകാരന്മാരുടെ രചനകളില്‍നിന്നുള്ള വാചകങ്ങളാണ്. വൈക്കം മുഹമ്മദ് ബഷീറും പി. കേശവദേവും ജനിച്ചു വളര്‍ന്നത് യഥാക്രമം വൈക്കത്തും വടക്കന്‍
പറവൂറിലുമാണ്-അവിഭക്ത തിരുവിതാംകൂര്‍ ദേശക്കാര്‍. ആദ്യത്തേതില്‍, ഒരു മുസല്‍മാനെ സ്‌നേഹം കലര്‍ന്ന ബഹുമാനത്തോടെ മേത്തന്‍/മേത്തര്‍ എന്നഭിസംബോധന ചെയ്യുന്നതെങ്കില്‍, തുടര്‍ന്ന് ‘ഭ്രാന്താലയ’ത്തില്‍ മുസ്ലിങ്ങളെ അധിക്ഷേപിക്കുന്ന തരം സംഭാഷണങ്ങളിലാണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത്. കാലാകാലങ്ങളായി സാഹിത്യത്തിലും നാടക – സിനിമാ സംഭാഷണങ്ങളിലെ പ്രകോപന- പരിഹാസരംഗങ്ങളിലും നിത്യജീവിതത്തില്‍, അവരുടെ അഭാവത്തിലുള്ള സാമൂഹിക കൂട്ടുചേരലുകളില്‍ ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും മുസ്ലിങ്ങളെ ഇത്തരത്തില്‍ സംബോധന ചെയ്തു വരുന്നുണ്ട്. ഈയൊരു ചിന്തയില്‍ നിന്നുകൊണ്ട്, കേരള മുസ്ലിം സാംസ്‌കാരിക പരിസരത്തില്‍ മേത്തന്‍ എന്ന സ്വത്വബോധത്തെയും പരിണാമത്തെയും അന്വേഷിക്കുകയാണിവിടെ.

മേത്തന്‍ സ്വത്വബോധം

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്ന മുസ്ലിങ്ങളില്‍ അവരുടെ പ്രാക് പരിഷ്‌കരണഘട്ട (Pre- reformed phase)ങ്ങളെ കുറിക്കുന്നതിന് വിവിധങ്ങളായ പദങ്ങള്‍ അക്കാദമിക സമൂഹം ഉപയോഗിച്ചു വരുന്നുണ്ട്. സമന്വയ ഇസ്‌ലാം (Syncretic Islam), സെന്‍സസ് മുസ്‌ലിം (Census Muslims), നാട്ടു ഇസ്‌ലാം (Folk Islam), ജനകീയ ഇസ്‌ലാം (Popular Islam), ജീവിക്കുന്ന ഇസ്ലാം (Lived Islam) ഇത്യാദി സംജ്ഞകളാല്‍ പരിഗണിക്കപ്പെടാവുന്നവര്‍ വിവിധ ചരിത്രഘട്ടങ്ങളില്‍ പരുവപ്പെട്ടു വന്നിട്ടുണ്ട്. കാലദേശാന്തരങ്ങള്‍ക്കനുസരിച്ച് മണ്ണിനും സമൂഹ മനസ്സിനും ചേര്‍ന്ന ജീവിതക്രമം വാര്‍ത്തെടുത്ത് മത ജീവിതവും സാമൂഹിക ജീവിതവും സാധ്യമാക്കിയവരായിരുന്നു ഇവര്‍. സാമൂഹിക ശാസ്ത്രജ്ഞനായ ഡോ. ഇംതിയാസ് അഹമ്മദിന്റെ നിരീക്ഷണത്തില്‍, സാര്‍വ്വ ലൗകിക സ്വഭാവഗുണത്തോടുകൂടിയ മതമെന്ന നിലയില്‍ അനുസരണാധിഷ്ഠിത പൊ
തുഐക്യം, ലോകത്താകമാനമുള്ള ഇസ്ലാമിക സമൂഹത്തിലേക്ക് അടിച്ചേല്പിക്കാന്‍ കഴിയുമെങ്കിലും കാലികവും പാരിസ്ഥിതികവുമായ ചുറ്റുപാടില്‍ നിന്നും കൊണ്ട് വിശ്വാസ പദ്ധതികള്‍ പരുവപ്പെടുത്തിയെടുക്കുന്നതില്‍ സാധുത കല്പിക്കാവുന്നതാണ്. ഇത്തരത്തില്‍ പരിസ്ഥിതിക്കും കാലത്തിനുമനുസരിച്ച് പരു
വപ്പെട്ടു വന്ന മുസ്ലിം സമൂഹങ്ങള്‍ ദേശത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ശുദ്ധീകരിക്കപ്പെടുകയുണ്ടായി. എങ്കിലും സാമൂഹിക ആന്തരികാന്തരീക്ഷത്തില്‍ അതിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും മുഴങ്ങുന്നത് അനുഭവവേദ്യമാണ്. മാത്രമല്ല, കല്പിതങ്ങളായ ഇത്തരം സമുദായങ്ങള്‍ (Imagined Communities) പിറന്ന മണ്ണില്‍ നിന്നും കടംകൊണ്ട ആചാര വിശ്വാസ പ്രമാണങ്ങള്‍ തങ്ങളുടെ സമുദായത്തിന്റെ ഭാഗമാക്കുക ചിന്തനീയമാണ്. ബനഡിക് ആന്റേഴ്‌സന്‍ അഭിപ്രായപ്പെടുന്നത്, ”ഇസ്ലാമിക് സമൂഹം (Islamic Umah) മിക്കപ്പോഴും കല്പിത സ്വഭാവത്തോടുകൂടി യവയാണ്, കൂട്ടിച്ചേര്‍ക്കലുകള്‍ സാധ്യമാകുന്നത് (വിശുദ്ധ) ഭാഷയിലും ലിപിയിലും കൂടിയാണ്.” ഇത്തരത്തില്‍ കൂട്ടിയോജിപ്പിക്കപ്പെടുന്ന സ്വഭാവ സവിശേഷതകളുള്ള സഞ്ചയങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്ലാ മതവിശ്വാസങ്ങളിലും കാണാന്‍ സാധിക്കുന്നുണ്ട്.

മലബാറിലെ മാപ്പിളമാരുടെ സ്വഭാവസവിശേഷതകള്‍ ഒത്തിണങ്ങിയ ഒരു വിഭാഗം തിരുവിതാംകൂര്‍ – കൊച്ചി തീരപ്രദേശങ്ങളോടു ചേര്‍ന്ന് ജീവിച്ചു വന്നിരുന്നു. ഷാഫി ഇസ്ലാമിക കര്‍മ്മ ശാസ്ത്രം (Shafi School of Islamic Jurisprudence) പിന്തുടര്‍ന്നു വന്നിരുന്ന ഇവരാണ് കൊളോണിയല്‍ കാലഘട്ടത്തില്‍ മേത്തനെന്ന സ്വത്വബോധം – ഒരുതരത്തില്‍ അപമാനിത സ്വത്വബോധം (Stignatized Identity) – പേറി ജീവിച്ചുവന്നിരുന്നത്. മുസ്ലിം സമുദായത്തെ പരക്കെ കുറിക്കുന്നൊരു പേരായിട്ട് പലപ്പോഴും മേത്തനെ ഉപയോഗിച്ചുവന്നിരുന്നു. എന്നിരുന്നാലും മേത്തന്‍ /മേത്തര്‍ എന്നത് ചില രേഖകളില്‍ ഉപവിഭാഗത്തിന്റെയും മറ്റു ചിലതില്‍ വ്യക്തികളുടെ പേരിനൊപ്പം പരപ്രത്യയ (Sufix) മായും കടന്നുവരുന്നുണ്ട്. തിരുവിതാംകൂറില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ലണ്ടന്‍ മിഷന്‍ സൊസൈറ്റിയിലെ മിഷനറിയായിരുന്ന സാമുവേല്‍ മറ്റീര്‍ തന്റെ ‘A Native Life in Travancore’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നത്: ‘മറാത്തയിലെ പരമ്പരാഗത ഗ്രാമമുഖ്യന്മാരെ കുറിക്കുന്നതിനുള്ള മെഹ്ത്തര്‍ (Mehtar) പോലെ ബഹുമാനസൂചകപദമായിട്ട്, മറ്റുള്ളവരില്‍ സ്വാധീന ഇടപെടല്‍ നടത്താന്‍ കഴിയുന്നവരെ കുറിക്കുന്ന പദമാണ് മേത്തന്‍ (Methan); പൂവാറിലെ മുഹമ്മദന്‍ കച്ചവട പ്രമാണിക്കും മറ്റുമായി തിരുവിതാംകൂറിലെ രാജാവ് കല്പിച്ചു നല്‍കിയ ബിരുദമായിരുന്നു ഇതെങ്കിലും പിന്നീട് അവരിലേവരെയും വിനയപൂര്‍വ്വം വിളിക്കുന്ന നാമമായിട്ടിത് പരിണമിച്ചു. മറ്റീറിന്റെ പരാമര്‍ശത്തിലുള്ള മേത്തന്‍ ബിരുദം നേടിയ പൂവാറിലെ കച്ചവടപ്രമാണി മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് തിരുവിതാംകൂറില്‍ സ്വാധീനം ഉറപ്പിച്ചിരുന്ന പോക്കു മൂസാ മരയ്ക്കാരാകാനാണു സാധ്യത. പൂവാറിന്റെ പഴയകാലനാമം പോക്കുമൂസ പുരമെന്നായിരുന്നുവെന്നതും പ്രസ്താവ്യമാണ്. എന്നിരുന്നാലും രാജാകേശവദാസിന്റെ സംരക്ഷകന്‍ കൂടിയായിരുന്ന പാണ്ഡ്യനാട്ടുകാരനായ കച്ചവടപ്രമാണി പോക്കു മൂസയ്ക്ക് മേത്തര്‍ ബിരുദം നല്‍കിയതായി വ്യക്തമാക്കുന്ന രേഖകള്‍ ഒന്നും ലഭിച്ചിട്ടില്ല.

ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലിയില്‍ മേത്തന്‍ എന്നത് തുലുക്കന്മാരിലെ ഒരു വര്‍ഗമായിട്ടും മെഹ്ത്തര്‍ എന്ന പേര്‍ഷ്യന്‍ വാക്കില്‍നിന്ന് ഉത്ഭവിച്ചതാണെന്നും (പുറം 1456) സൂചിപ്പിക്കുന്നതും ശങ്കയുണ്ടാക്കുന്നതാണ്. ഹനഫി കര്‍മ്മ ശാസ്ത്രക്കാരായ തമിഴ് മുസ്ലിങ്ങളായ തുലുക്കന്മാരെ മേത്തന്‍ എന്ന്
ചരിത്രരേഖകളിലൊന്നും പരാമര്‍ശിച്ചിരുന്നില്ല. പകരം റാവുത്തര്‍, ലബ്ബ, തരകന്‍ തുടങ്ങിയ പേരുകളാണു തുലുക്കന്മാരുടെ ഇടയില്‍ ഉപവിഭാഗമായി ഉപയോഗിച്ചിരുന്നത്. 1841- ല്‍ സി.എം.എസ്. മിഷനറിയായിരുന്ന റവ. ജോസഫ് പീറ്റ് രചിച്ച വ്യാകരണ ഗ്രന്ഥത്തില്‍ (A Grammar of the Malayalam Language As spoken in the principalities of Travancore and Cochin, and the Districts of North and South Malabar) ‘മേത്തര്‍’ എന്ന പദം തദ്ദേശിയ മുസ്ലിങ്ങളിലെ ജാതി വിഭജനത്തെ കാണിക്കുന്നതിനുപയോഗിക്കുന്ന പദമാണെന്ന് വ്യക്തമാക്കുന്നുണ്ട.് 1931-ലെ തിരുവിതാംകൂര്‍ സെന്‍സസ് കമ്മീഷണറായിരുന്ന ഡോ. എന്‍. കുഞ്ഞന്‍പ്പിള്ള തന്റെ റിപ്പോര്‍ട്ടില്‍ തിരുവിതാംകൂറിലെ ജാതി തിരിച്ചുള്ള വിവരണം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അദ്ദേഹംരേഖപ്പെടുത്തിയിരിക്കുന്നത്: ‘ഏഴാം നൂറ്റാണ്ടിനു ശേഷം വന്നു ചേര്‍ന്ന അറബി- ഈജിപ്റ്റിയന്‍ കച്ചവടക്കാര്‍ കൊല്ല
ത്തും തിരുവിതാകൂറിന്റെ മറ്റ് ചില തുറമുഖപ്രദേശങ്ങളിലും കോളനികള്‍ സ്ഥാപിക്കുകയുണ്ടായി. ഇത്തരത്തിലുള്ള ആദ്യ കാല മുസ്ലിം കുടിയേറ്റക്കാരുടെ പിന്മുറക്കാരും അവര്‍ വഴി മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരുമാണ് മേത്തന്‍ (ങലവേമി) എന്ന പേരില്‍ അറിയപ്പെടുന്നത്.’ മലയാളം മാതൃഭാഷയായ തദ്ദേശീയരെപ്പോലെ ജീവിച്ചു വരുന്നവരാണിവരെന്നും മരുമക്കത്തായംപോലുള്ള തദ്ദേശീയ ആചാരങ്ങള്‍ പിന്തുടര്‍ന്നു വരുന്നവരും ഇവരുടെ ഇടയില്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

തിരുവിതാംകൂര്‍ പ്രദേശത്താണ് കൂടുതലായും മേത്തര്‍/മേത്തന്‍ പദം മുസ്ലിങ്ങളെ കുറിക്കുവാനായി ഉപയോഗിച്ചു വന്നിരുന്നതെന്ന് ബ്രിട്ടീഷുകാര്‍ നടത്തിയ തിരുവിതാംകൂറിലെ ആദ്യകാല സര്‍വ്വേകള്‍ വ്യക്തമാക്കുന്നു. 1810 മുതല്‍ 1821 വരെ ലഫ്. വാര്‍ഡും കോണറും നടത്തിയ കൊച്ചിന്‍ സര്‍വ്വേയില്‍ മുസല്‍മാന്‍ അഥവാ ജോനകന്‍/ജോനകമാപ്പിള (Jonaghur/ Jonaka Mappulai) എന്നാണ് പ്രതിപാദിക്കുന്നതെങ്കില്‍, 1818 മുതല്‍ 1820 വരെ ഇവര്‍ തന്നെ നേതൃത്വം നല്‍കി നടത്തിയ തിരുവിതാംകൂറിലെ സാമൂഹിക – സാമ്പത്തിക – ഭൂമിശാസ്ത്ര സര്‍വ്വേയില്‍ മുസ്ലിങ്ങള്‍ക്കു പ്രാദേശികാടിസ്ഥാനത്തില്‍ മേത്തന്‍, മൂര്‍, ലബ്ബ എന്നി
ങ്ങനെ വിവരണങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതു പ്രധാനമായും ഇവരെ അനുഗമിച്ച തദ്ദേശീയരായ ഉദ്യോഗസ്ഥര്‍ തരമനുസരിച്ച് പറഞ്ഞു നല്‍കുന്നതാകാനാണു സാധ്യത. ‘തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ജീവിച്ചുവന്ന ആദ്യകാല അറബി കച്ചവടക്കാരുടെ പിന്‍മുറക്കാരാണ് ജോനകര്‍. അവരെ തിരുവിതാംകൂര്‍ ദേശത്ത് മേത്തര്‍ (Maiters) എന്നാണു വിളിച്ചിരുന്നതെന്ന്’ ലഫ്. വാര്‍ഡും കോണറും രേഖപ്പെടുത്തുന്നു7. 1839- ല്‍ ണ.ഒ. ഒീൃഹെല്യ എന്ന ഇംഗ്ലിഷുകാരന്‍ തയ്യാറാക്കിയ ‘മെമ്മോയര്‍ ഓഫ് ട്രാവന്‍കൂര്‍’ എന്ന ഗ്രന്ഥത്തില്‍, കൊയിലോണ്‍ റസിഡന്‍സിയില്‍ നിന്ന് 13 മൈല്‍ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കരുനാഗപ്പള്ളി താലൂക്കില്‍ ജീവിച്ചു വരുന്ന ജനവിഭാഗങ്ങളില്‍ മുഖ്യര്‍ മേത്തന്മാരാണെന്നും അവരുടേതായ ഒരു പള്ളിയും അവിടെ തലയെടുപ്പോടെ നില്‍ക്കുന്നതായും രേഖപ്പെടുത്തുന്നുണ്ട്.

വിവിധ ചരിത്രകാല ഘട്ടങ്ങളില്‍ മുഹമ്മദീയ (മുസ്ലിം) സമുദായങ്ങളില്‍നിന്നുള്ളവര്‍ക്കു മേത്തര്‍ ബിരുദം നല്‍കിയതായും തിരുവിതാംകൂറിലെ ചില നീട്ടുരേഖകളില്‍ കാണാന്‍ സാധിക്കും. എന്നാല്‍, ഇവര്‍ പ്രമാണിമാരോ ഉന്നതകുലജാതരോ ആയിരുന്നില്ല; കരവിരുതുതികഞ്ഞ സാധാരണക്കാരായ കലാകാരന്മാരായിരുന്നു. കൊല്ലവര്‍ഷം 995 കുഭം 9-ന് (1820 ഏ.ഡി) പുറപ്പെടുവിച്ച ഒരു നീട്ടില്‍ തിരുവിതാംകൂര്‍ രാജ കുടുംബാംഗങ്ങള്‍ കൊല്ലത്ത് വന്നു താമസിക്കുമ്പോള്‍ കമ്പം മുതലായ വെടിക്കെട്ടുകള്‍ ഉണ്ടാക്കിയ ആളുകള്‍ക്കു സമ്മാനങ്ങള്‍ കൊടുക്കുവാന്‍ ഖജനാവിനു ചെലവില്ലാത്ത തരത്തില്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ ദിവാന് ഉത്തരവു കൊടുക്കുന്നുണ്ട്. അതിന്‍പ്രകാരം വെടിക്കെട്ടുകാര്‍ക്കെല്ലാം പേരും (ബിരുദവും) കുട
യും ചങ്ങല വിളക്കും വീരചങ്ങലയും കൊടുക്കുവാന്‍ തീരുമാനിച്ചു. അത്തരത്തില്‍ പുരസ്‌കാരത്തിന് അര്‍ഹരായവരില്‍ ചിലര്‍ മുഹമ്മദീയരായിരുന്നു: ‘വെടിക്കെട്ടുക്കാരന്‍ കാക്കാഴത്തുകുഞ്ഞന്‍ മരയ്ക്കാ
ന്‍ കൊച്ചു മേത്തര്‍ക്കു കുടയും വീരചങ്ങലയും ചങ്ങല വിളക്കും കറുപ്പു കുഞ്ഞു എന്ന മേത്തന് കൊച്ചുമേത്തരെന്ന പേരും കുടയും ചങ്ങല വിളക്കും പിറക്കാട്ടു പപ്പു കുഞ്ഞു കൊച്ചുമേത്തര്‍ക്കു വലിയ മേത്തരെന്നു പേരും കുടയും ചങ്ങല വിളക്കും വീരചങ്ങലയും കൊടുപ്പിച്ചു നടത്തിച്ചു കൊള്ളത്തക്ക
വണ്ണം നിദാനം വരുത്തി കൊള്ളുകയും വേണം’ എന്ന് ദിവാന്‍ ജനാര്‍ദ്ദനരായര്‍ വെങ്കിട്ടരായര്‍ക്കു അറിയിപ്പുകൊടുക്കുന്നുണ്ട്. ഇത്തരത്തില്‍ ബിരുദം നേടിയ ചിലര്‍ക്ക് കൊച്ചു മേത്തരെന്നും മേത്തനെന്നും ആദ്യം തന്നെ പേരുണ്ടായിരുന്നുവെന്നതും ശ്രദ്ധിക്കേണ്ടതാണ്. അതിനാല്‍ മേത്തന്‍ എന്നത് സമു
ദായനാമമായി അക്കാലത്ത് സമൂഹത്തില്‍ വ്യാപകമായിരുന്നുവെന്നും മനസ്സിലാക്കുന്നു. മാത്രമല്ല, വിവിധ കാലങ്ങളില്‍ ഇത്തരത്തില്‍ ശ്രദ്ധേയ പ്രവൃത്തികള്‍വഴി രാജാക്കന്മാരുടെ പ്രീതിക്കു പാത്രമായി ത്തീര്‍ന്ന മുസ്ലിങ്ങള്‍ക്ക് മേത്തര്‍ എന്ന ബിരുദം നല്‍കി വന്നിരിക്കാം. ഇത് ഇന്നും തിരു- കൊച്ചി ദേശത്തെ ചില വ്യക്തികള്‍/കുടുംബക്കാര്‍ മേത്തര്‍ എന്നത് പരപ്രത്യയമായി ഉപയോഗിച്ചു വരുന്നതിനു കാരണമായി കരുതാവുന്നത്.

മേത്തന്‍ മണി

മേത്തന്‍ എന്നത് അപമാനിത സ്വത്വബോധമാക്കാനുള്ള കൊളോണിയല്‍-സവര്‍ണ്ണ യുക്തിയുടെ അചുംബിത സൂചനകള്‍ തിരുവിതാംകൂറിന്റെ ഏടുകളില്‍ തെളിഞ്ഞുകാണാം. അതിലൊന്നാണ് പത്‌നാഭസ്വാമി ക്ഷേത്രത്തോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മേത്തന്‍ മണി. ഹൈദരലിയുടെ പടയോട്ടകാലത്ത് മലബാറില്‍നിന്നും ധാരാളം പേര്‍ തിരുവിതാംകൂറില്‍ അഭയം തേടിയിരുന്നുവല്ലോ. ഇക്കാലത്താണ് ധര്‍മ്മരാജാവ് എന്നറിയപ്പെട്ട കാര്‍ത്തിക തിരുന്നാള്‍ രാമവര്‍മ്മ പത്‌നാഭസ്വാമി ക്ഷേത്രത്തോടു ചേര്‍ന്ന് ഒരു നാഴിക മണി സ്ഥാപിച്ചത്. ഈ കൗതുകമണിയില്‍ കൃത്യം 12 മണിയാകുമ്പോള്‍ (മിനിട്ട് സൂചിയും മണിക്കൂര്‍ സൂചിയും ഒന്നിച്ചു വരുമ്പോള്‍) രണ്ടു മുട്ടനാടുകള്‍ കുത്താനെന്നോണം ആഞ്ഞ് അടുക്കുന്നതും നടുക്കുള്ള ഊശാന്‍ താടിക്കാരന്‍ (മേത്തന്‍) നിലവിളിക്കുന്നതും കൗതുക കാഴ്ചയായിരുന്നു. മേത്തന്‍ മണി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മതിലകം രേഖകളില്‍ സൂചിപ്പിക്കുന്നത് (ചുരുണ 1271.02, ഓല 85, കൊ.വ. 946 ചിത്തിര 8.): ‘കൊട്ടാരത്തിന്‍ മണിമാളികയില്‍ നാഴിക മണി സൂത്തിരത്തിന് ഇലക്കം പതിപ്പാന്‍ ചെമ്പുകൊണ്ട് വലിയ തകിടും മേത്തന്റെ തലയും കിടാരണ്ടും തീര്‍പ്പാന്‍ കൂലിവകയ്ക്ക് പണം കൊടുപ്പാന്‍ കല്പനപടി പൂതപ്പാണ്ടി മുത്തുകുമാരു 945 ആണ്ട് തൈ മാസം 30-ന് ഒടുക്കുപണം 400…’8 താടി വച്ച മുസ്ലിം പുരുഷന്റെ മുഖരൂപത്തില്‍ തന്നെ കൊത്തിയ ആ തലയ്ക്ക്
‘മേത്തന്റെ തല’യെന്ന് വിളിക്കുവാന്‍ ഇടവന്നത് അക്കാലത്തെ തദ്ദേശിയ സമുദായ നാമത്തില്‍ നിന്നുതന്നെയായിരിക്കണം. കൂടാതെ, മൈസൂര്‍ പടയോട്ടത്തിന്റെ നീറുന്ന നാളുകളില്‍ അമ്മവഴി തന്റെ ബന്ധുവായ കോലത്തിരിയോട് ഹൈദരലി കാണിച്ച ചെയ്തികള്‍ക്ക് ചെറിയൊരു പ്രതികാരം ധര്‍മ്മരാജാവിന്റെ മനസ്സില്‍ തോന്നിയതിനാലാണ് ഹൈദറിന്റെ പ്രതീകം എന്നോണം ഒരു ഊശാന്‍ താടിക്കാരനെ മുട്ടനാടുകളുടെ നടുക്കായി വിളക്കിച്ചേര്‍ത്തത് എന്നാണ് ഡോ.എം. ജി. ശശിഭൂഷണിന്റെ നിരീക്ഷണം. സമീപവാസികളും മലബാറില്‍ നിന്നെത്തിയ ബ്രാഹ്മണരും മണിയില്‍ കാണുന്ന ഊശാന്‍ താടിക്കാരനെ മേത്തനാക്കി, പ്രചുരപ്രചാരം നല്‍കിയതോടെ ആ കൗതുകമണി ‘മേത്തന്‍ മണി’യായി. കൗതുകമണിയെ മേത്തനെന്ന പേരില്‍നിന്നും ഒഴിപ്പിക്കുവാനായി അതിനെ ‘മേഷമണി’യെന്നും ‘ബൗദ്ധമണി’യെന്നുമാക്കാനുള്ള പരിശ്രമങ്ങള്‍ നടന്നെ
ങ്കിലും ഇപ്പോഴും മേത്തന്‍ മണിയായി തുടരുകയാണത്.

തുടര്‍ന്നു വായിക്കാം

സഖരിയ തങ്ങള്‍ എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം 2019 മെയ് ലക്കം പച്ചക്കുതിരയില്‍

Comments are closed.