ആശയങ്ങളുടെ സംഘര്‍ഷസമന്വയങ്ങളുമായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍

klf

ദേശഭാവനകള്‍ സാഹിത്യത്തില്‍, വിശ്വസാഹിത്യം, മിത്തും നോവലും, വായന, സംഭാഷണം, ആദിവാസികളുടെ അതിജീവനം, ജനാധിപത്യവും ലൈംഗിക ന്യൂനപക്ഷും, കേരള ചരിത്രം വീണ്ടും വായിക്കുമ്പോള്‍, ശ്രേഷ്ഠ മലയാളം തുടങ്ങി നൂറുകണക്കിന് വൈവിധ്യമാര്‍ന്ന വിഷയങ്ങളും…തീ പാറുന്ന ചിന്തകളും സ്വതന്ത്ര സംവാദവിദാങ്ങളുമായി കേരളത്തിലെ..ഇന്ത്യയിലെ..ലോകത്തിലെ എഴുത്തുകാര്‍ ഒന്നിക്കുന്നു…

ഭിന്നരുചികളായ വായനക്കാരുടെ ഒത്തുകൂടല്‍. പല തലങ്ങളില്‍ പല വിധങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടെ പരസ്പരസംവാദവും സഹൃദയരുമായുള്ള സംഭാഷണവും. പുസ്തകങ്ങളുടെ അവതരണവും ചര്‍ച്ചയും. ആശയങ്ങളുടെ സംഘര്‍ഷസമന്വയങ്ങള്‍. സമകാലീന സാഹിത്യപ്രസ്ഥാനങ്ങളുടെയും പ്രവണതകളുടെയും വിലയിരുത്തല്‍. സാഹിത്യത്തിന്റെ വര്‍ത്തമാന – ഭാവികളെക്കുറിച്ചുള്ള പ്രത്യാശകളും ആശങ്കകളും. മലയാളഭാഷയുടെ നിലനില്‍പ്പിനും വികാസത്തിനുമായുള്ള ഉള്ളുതുറന്ന ആലോചനകള്‍. എഴുത്തിലെ പല തലമുറകള്‍ തമ്മിലുള്ള ആശയക്കൈമാറ്റങ്ങള്‍. ഇതര സാഹിത്യങ്ങളുമായുള്ള താരതമ്യങ്ങളും സംവാദങ്ങളും. പരിഭാഷയുടെ ശാസ്ത്രവും പ്രത്യയശാസ്ത്രവും സ്വാധീനവും പ്രാധാന്യവും. നവീനതയ്ക്കായുള്ള തുറന്ന അന്വേഷണങ്ങള്‍. കഥ, നോവല്‍, കവിത, നാടകം, സിനിമ, വിമര്‍ശനം, വിജ്ഞാനം ഇവയുടെ പാരമ്പര്യങ്ങളും ആധുനികമുന്നേറ്റങ്ങളും മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍. ഒപ്പം കലയും സംഗീതവും സമൃദ്ധമാക്കുന്ന സായാഹ്നങ്ങള്‍. അങ്ങനെ വിനോദവും വിജ്ഞാനവും സൗഹൃദവും പകരുന്ന നാലു ദിവസങ്ങളാണ് കോഴിക്കോടിന്റെ മണ്ണില്‍ ഇനി വരാന്‍ പോകുന്നത്.

ഫെബ്രുവരി 2 മുതല്‍ 5 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ തുറന്ന വേദികളിലാണ് തീ പാറുന്ന ചിന്തകളും വിഭിന്ന പ്രത്യയശാസ്ത്രങ്ങളും കണ്ണിനും മനസ്സിനും കുളിര്‍മയേകുന്ന കലാകാഴ്ചകളുമായി ഇരുന്നൂറില്‍പരം എഴുത്തുകാരും സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകരും തുറന്ന സംഭാഷണത്തിലേര്‍പ്പെടുന്നത്. എഴുത്തുകാര്‍ക്ക് മാത്രമല്ല സാഹിത്യപ്രേമികള്‍ക്കും വായനക്കര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ഇതില്‍ പങ്കാളികളാകാം.

കേരളത്തിലെ ഏറ്റവുംവലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ (klf-2017)പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് www.keralaliteraturefestival.com എന്ന വെബ് സൈറ്റില്‍ ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യാം..