DCBOOKS
Malayalam News Literature Website

പിഎസ്എല്‍വിസി40 ബഹിരാകാശത്തേക്ക് കുതിച്ചു; ഇന്ത്യക്കിത് അഭിമാനനേട്ടം

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആര്‍ഒ) നൂറാമത് ഉപഗ്രഹവുമായി പിഎസ്എല്‍വിസി40 ബഹിരാകാശത്തേക്ക് കുതിച്ചു. ഐഎസ്ആര്‍ഒയുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വിസി40 വിജയകരമായി വിക്ഷേപിച്ചത്. രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ 42-ാമതു ദൗത്യമാണിത്. ഇന്ത്യയുടെ കൂടാതെ അമേരിക്ക, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി–സി40 വിക്ഷേപിച്ചത്. റോഡ് മാപ്പിങ്, തീരദേശ നിരീക്ഷണം, ലാന്‍ഡ് മാപ്പിങ് തുടങ്ങിയവയില്‍ വലിയ മുന്നേറ്റമാണ് ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.

വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒയെയും ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ബഹിരാകാശ ഗവേഷണ രംഗത്തെ ഈ കുതിപ്പ് രാജ്യത്തെ കര്‍ഷരും മല്‍സ്യ തൊഴിലാളികളും ഉള്‍പ്പെടെയുള്ള പൗരന്‍മാര്‍ക്ക് ഗുണകരമായി ഭവിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.രാജ്യത്തിനുള്ള പുതുവര്‍ഷ സമ്മാനമാണിതെന്ന് സ്ഥാനമൊഴിയുന്ന ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എ.എസ്. കിരണ്‍ കുമാര്‍ വ്യക്തമാക്കി. ഇതിനു മുന്‍പുള്ള പിഎസ്എല്‍വി വിക്ഷേപണത്തില്‍ നാം ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. അതെല്ലാം വിജയകരമായി പരിഹരിച്ചെന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ പരീക്ഷണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരീക്ഷണത്തിനു പിന്നാലെ ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനായി ഡോ. കെ.ശിവന്‍ ഇന്ന് ചുമതലയേല്‍ക്കും.

 

Comments are closed.