DCBOOKS
Malayalam News Literature Website

സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി ആര്‍ ചന്ദ്രദത്ത് അന്തരിച്ചു

കോസ്റ്റ്‌ഫോര്‍ഡ് ഡയറക്ടറും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ടി ആര്‍ ചന്ദ്രദത്ത് (75) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 3.40നായിരുന്നു അന്ത്യം. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം കാന്‍സര്‍ അടക്കമുള്ള പല രോഗങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. ശാരീരിക അവശതകളെ വെല്ലുവിളിച്ച് അവസാന കാലം വരെ പൊതുരംഗത്ത് നിറഞ്ഞു നിന്നു അദ്ദേഹം. ഏതാനും ദിവസമായി കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തൃപ്രയാര്‍ ഗവ. ശ്രീരാമ പോളിടെക്‌നിക്ക് അധ്യാപകനായിരുന്ന ചന്ദ്രദത്ത് എന്‍ജിഒ യൂണിയന്റെയും കെജിഒയുടെയും ജില്ലാ ഭാരവാഹിയായും എഫ്എസ്ഇടിയുയുടെ ജില്ലാ സെക്രട്ടറിയുമായും പ്രര്‍ത്തിച്ചു. നാട്ടിക മേഖലയില്‍ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുത്ത നേതാക്കളിലൊരാളും പാര്‍ടി പൊന്നാനി താലൂക്ക് സെക്രട്ടറിയുമായിരുന്ന ടി കെ രാമന്റെയും ഇ ആര്‍ കുഞ്ഞിപ്പെണ്ണിന്റെയും മകനാണ്. പാര്‍ടി പിളര്‍ന്നപ്പോള്‍ ചന്ദ്രദത്ത് സിപിഐ എമ്മില്‍ ഉറച്ചു നിന്നു. 1962 മുതല്‍ 72 വരെ സിപിഐ എം തളിക്കുളം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായി.

വലപ്പാട് ഗവ. ഹൈസ്‌കൂള്‍, തൃപ്രയാര്‍ ശ്രീരാമ പോളിടെക്‌നിക്ക്, അലഹബാദ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ ടെക്‌നോളി ആന്റ് എഞ്ചിനിയറിങ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.എഞ്ചിനിയിറിങില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്‌ളോമ നേടിയ അദ്ദേഹത്തിന് പഠിച്ച ശ്രീരാമ പോളിയില്‍ തന്നെ 1969ല്‍ തല്‍കാലിക അധ്യാപകനായി. 1972ല്‍ ജോലി സ്ഥിരമായി സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായപ്പോള്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് വീട്ട് സര്‍വീസ് സംഘടന നേതാവായി. 1973ല്‍ 64 നാള്‍ നീണ്ട ജീവനക്കാരുടെയും അധ്യപാകരുടെയും സമരത്തിന്റെ നേതൃനിരയില്‍ ചന്ദ്രദത്തുണ്ടായി. 1998ല്‍ സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം വീണ്ടും സിപിഐ എമ്മില്‍ സജീവമായി. ഇപ്പോഴും സിപിഐ എം അംഗമായിരുന്നു.

1985ല്‍ തൃശൂര്‍ ആസ്ഥാനമായി മുന്‍ മുഖ്യമന്ത്രി സി അച്യൂതമേനോന്‍ മുന്‍കൈ എടുത്തു സ്ഥാപിച്ച കോസ്റ്റ്‌ഫോര്‍ഡിന്റെ (സെന്റര്‍ ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി ഫോര്‍ റൂറല്‍ ഡെവലപ്‌മെന്റ്) തുടക്കം മുതല്‍ തന്നെ ഡയറക്ടറായി പ്രവര്‍ത്തിച്ചു. പ്രതിഫലമൊന്നും വാങ്ങാതെയാണ് ഇക്കാലമത്രയും ഈ സ്ഥാനത്ത് അദ്ദേഹം തുടര്‍ന്നത്. ചെലവു കുറഞ്ഞ കെട്ടിട നിര്‍മാണം, ഊര്‍ജ സംരക്ഷണം, സ്ത്രീ ശാക്തീകരണം, തുടങ്ങിയ മേഖലകളില്‍ ചന്ദ്രദത്തിന്റെ നേതൃത്വത്തില്‍ ശ്രദ്ധേയമായ സംഭാവനയാണ് കോസ്റ്റ്‌ഫോര്‍ഡ് നല്‍കിയത്. തളിക്കുളം വികാസ് ട്രസ്റ്റിന്റെ ചെര്‍മാനുമാണ്. ഇഎംഎസിന്റെ ജന്മദിനത്തോടനുബന്ധിച്ച് 19 വര്‍ഷമായി തൃശൂരില്‍ നടന്നുവരുന്ന ദേശീയ രാഷ്ട്രീയ, പ്രത്യയശാസ്ത്ര സംവാദ പരിപാടിയായ ഇഎംഎസ് സ്മൃതിയുടെ മുഖ്യസംഘാടകനാണ്.

 

Comments are closed.