DCBOOKS
Malayalam News Literature Website

ആഷിഖ് അബുവിന്റെ പുതിയ ചിത്രം വൈറസിന് വിലക്ക്

കേരളത്തെ ഞെട്ടിച്ച നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംവിധായകന്‍ ആഷിഖ് അബു ഒരുക്കുന്ന പുതിയ ചിത്രം വൈറസിന് സ്റ്റേ. സിനിമയുടെ പ്രദര്‍ശനവും മൊഴിമാറ്റവും നിര്‍ത്തിവെയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എറണാകുളം ജില്ലാ കോടതിയുടേതാണ് നടപടി. ചിത്രത്തിന്റെ പേരും കഥയും മോഷ്ടിച്ചതാണെന്നാരോപിച്ച് സംവിധായകന്‍ ഉദയ് അനന്തന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. വൈറസ് എന്ന പേരില്‍ താന്‍ ഒരു നാടകം നിര്‍മ്മിച്ചിരുന്നതായും അതാണ് ആഷിഖ് അബു സിനിമയാക്കിയതെന്നുമാണ് ഹര്‍ജിക്കാരന്റെ ആരോപണം. ഇതിന്റെ പകര്‍പ്പവകാശം തനിക്കുമാത്രമുള്ളതാണ്. താന്‍ സിനിമ നിര്‍മ്മിക്കാനുദ്ദേശിച്ചപ്പോഴാണ് സമാനമായ ഇതിവൃത്തത്തില്‍ ആഷിഖ് അബുവിന്റെ സിനിമ ചിത്രീകരിക്കുന്നതായി അറിയുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. മമ്മൂട്ടി കേന്ദ്രകഥാപാത്രമായ വൈറ്റിന്റെ സംവിധായകനാണ് പരാതിക്കാരനായ ഉദയ് അനന്തന്‍.

നിപ വൈറസിനെതിരെയുള്ള കേരളത്തിന്റെ പ്രതിരോധത്തിന്റേയും ചെറുത്തുനില്‍പ്പിന്റേയും അതിജീവനത്തിന്റേയും കഥപറയുന്ന വൈറസ് എന്ന ചിത്രത്തില്‍ ആസിഫ് അലി, ടൊവിനോ തോമസ്, പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, കുഞ്ചാക്കോ ബോബന്‍, റഹ്മാന്‍, രേവതി, ഇന്ദ്രജിത്, മഡോണ സെബാസ്റ്റ്യന്‍, പൂര്‍ണിമ ഇന്ദ്രജിത്, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ, ശ്രീനാഥ് ഭാസി തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്.

ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കെ വിലക്ക് നേരിട്ടത് അണിയറ പ്രവര്‍ത്തകരെ ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ്. വിഷു റിലീസായി ചിത്രം ഏപ്രില്‍ 11-ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.

 

Comments are closed.