DCBOOKS
Malayalam News Literature Website

രാമായണ ഭരണസങ്കല്പം

ഇന്ത്യയുടെ രാഷ്ട്രഭരണസങ്കല്പം വളരെ വ്യത്യസ്തമായ ഒന്നാണ്; വിശേഷിച്ചും രാമായണത്തില്‍ കാണുന്നതുപോലെ. ആറിലൊന്നു നികുതി പിരിച്ചു രാജ്യഭാരം നിര്‍വ്വഹിക്കുന്ന രാജാവിന് പ്രജകളുടെ കര്‍മ്മഫലത്തിന്റെ ആറിലൊന്നു ലഭിക്കും. ധര്‍മ്മമായാലും അധര്‍മ്മമായാലും പ്രജകളുടെ കര്‍മ്മത്തിന്റെ ആറിലൊന്ന് രാജാവില്‍ വന്നുചേരും. ഏതൊരു രാജ്യത്തും അധര്‍മ്മികളായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട് എങ്കില്‍ ആ രാജാവിന് സ്വര്‍ഗ്ഗപ്രാപ്തി ഉണ്ടാകില്ല എന്നാണ് വിശ്വാസം. അതുകൊണ്ട് പ്രജകള്‍ ധര്‍മ്മനിഷ്ഠരായിരിക്കണം. പ്രജകള്‍ ധര്‍മ്മനിഷ്ഠരാകണമെങ്കില്‍ രാജാവും ധര്‍മ്മനിഷ്ഠനാകണം. എവ്വിധമാണോ രാജാവ് അവ്വിധമായിരിക്കും പ്രജകളും എന്നാണ് ആപ്തവാക്യം.

എന്നാല്‍ പാശ്ചാത്യസങ്കല്പം അങ്ങനെയല്ല. ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരിയെ ലഭിക്കുമെന്നാണ് അവരുടെ വിശ്വാസം. ഭരണാധികാരി ദുര്‍വൃത്തനും ദുരാചാരിയും അധര്‍മ്മിയുമാണെങ്കില്‍ ജനങ്ങള്‍ അവ്വിധമായതുകൊണ്ടാണ് അത്രയ്ക്കു മോശമായ ഭരണാധികാരിയെ ലഭിച്ചത് എന്നാണ് വിശ്വാസം. അതായത് ഭരണാധികാരിയുടെ ദുഷ്‌ചെയ്തികള്‍ക്കു ഉത്തരവാദി ഭരണീയരാണ് എന്നാണ്. അഴിമതിയും സ്വജനപക്ഷപാതവും നടത്തി രാജ്യം കൊള്ളയടിക്കുന്ന ഒരു ഭരണാധികാരി ഒരു രാജ്യത്ത് ഉണ്ടെങ്കില്‍ അതിന് കാരണക്കാര്‍ ഭരിക്കപ്പെടുന്ന ജനങ്ങളാണ് എന്നു സാരം. യുക്തിശൂന്യമായ ഈ വിശ്വാസം അക്രമികളായ എല്ലാ ഭരണാധികാരികള്‍ക്കും അത്താണി ഒരുക്കുന്നു.

ഒരു രാജ്യത്ത് അതിവൃഷ്ടിയും അനാവൃഷ്ടിയും വരള്‍ച്ചയും പ്രകൃതി ക്ഷോഭങ്ങളും പകര്‍ച്ച വ്യാധികളും അകാല മരണങ്ങളും മറ്റും ഉണ്ടായാല്‍ രാജാവിന്റെ ഭരണവൈകല്യമാണ് അതിന് കാരണം എന്നാണ് വാല്മീകി പറയുന്നത്. അത്തരം രാജാക്കന്മാരെ ജനങ്ങള്‍ ഉപേക്ഷിക്കും. ജനങ്ങളാല്‍ ഉപേക്ഷിക്കപ്പെടുന്ന രാജാവ് നരകത്തില്‍ പതിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ട് പ്രകൃതിക്ഷോഭങ്ങളും പകര്‍ച്ചവ്യാധികളും മറ്റും ഇല്ലാതെ രാജ്യം ഭരിക്കുക എന്ന ദുഷ്‌കരമായ കര്‍മ്മമാണ് രാജാവിനെ കാത്തിരിക്കുന്നത്. ദേവഗംഗയെ ഭൂമിയില്‍ എത്തിക്കുന്നതിനു വേണ്ടി ഭഗീരഥ രാജാവ് ചെയ്ത സാഹസവൃത്തികള്‍ ഓര്‍ക്കാവുന്നതാണ്. വരള്‍ച്ചയില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്നു മാത്രമല്ല, തന്റെ ഭരണകാലത്ത് വരള്‍ച്ചയുണ്ടായത് പ്രജകളുടെ കുറ്റം കൊണ്ടല്ല, തന്റെ കുറ്റം കൊണ്ടാണെന്നും ഭഗീരഥന്‍ വിശ്വസിച്ചിരുന്നു.

രാജാവിനും തനിക്ക് തോന്നുംവിധം രാജ്യം ഭരിക്കാനാകില്ല. രാജ്യഭരണവ്യവസ്ഥ അനുസരിച്ചാകണം രാജാവ് രാജ്യഭാരം നിര്‍വ്വഹിക്കേണ്ടത്. പശുപക്ഷി ജാലങ്ങള്‍ക്കും നീതി ലഭിക്കുന്ന വ്യവസ്ഥയാണ് രാജ്യഭരണവ്യവസ്ഥയുടെ അടിത്തറ. പുല്ലിനും പുഴുവിനും അവകളായി ജീവിക്കുവാനുള്ള അവകാശം സംരക്ഷിക്കപ്പെടുന്ന അവസ്ഥയാണ് നീതിവ്യവസ്ഥയുടെ കാതല്‍. ഉത്തരകാണ്ഡത്തിലെ സാരമേയ കഥനം തന്നെ ഉദാഹരണം. മൂന്നു ലോകങ്ങള്‍ക്കും വേണ്ടിവന്നാല്‍ ശത്രുക്കള്‍ക്കും താങ്ങായി നില്ക്കുന്നതാണ് ധര്‍മ്മം എന്ന് ശ്രീരാമ ചന്ദ്രമഹാരാജാവിനെ ഓര്‍മ്മപ്പെടുത്തിയതിനുശേഷം, അകാരണമായി ഒരു വിപ്രന്‍ തന്റെ തലയ്ക്ക് അടിച്ചു എന്നാണ് പറയുന്നത്. കുറ്റാരോപിയെ വിളിച്ചുവരുത്തി വിസ്തരിച്ചു. നിയന്ത്രിക്കാന്‍ വയ്യാത്ത കോപം മൂലം അടിച്ചു പോയതാണെന്ന് വിപ്രന്‍ സമ്മതിച്ചു. തെറ്റു ചെയ്തവനെ ശിക്ഷിച്ചാല്‍ മാത്രമെ പ്രജാസംരക്ഷണം പൂര്‍ത്തിയാകുകയുള്ളൂ.

ഇക്കഥ സൂചിപ്പിക്കുന്ന പ്രധാനപ്പെട്ട കാര്യം രാജ്യം ഭരിക്കുന്ന രാജിവനെ നേരിട്ട് കണ്ട് ആവലാതി പറയാന്‍ ഒരു നായയ്ക്ക് പോലും അവകാശമുണ്ടായിരുന്നു എന്നു മാത്രമല്ല, ഒരു നായയുടെ പോലും പരാതി പരിഹരിക്കാന്‍ രാജാവിന് ബാധ്യത ഉണ്ടായിരുന്നു എന്നുമാണ്. ഏറ്റവും എളിയവന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോഴാണ് രാജധര്‍മ്മം സഫലമാകുന്നത് എന്ന് വിശ്വസിക്കപ്പെട്ടിരുന്നു. നായ പറയുന്ന ഒരു പ്രധാനപ്പെട്ട കാര്യം ശത്രുക്കള്‍ക്ക് പോലും ചില സന്ദര്‍ഭങ്ങളില്‍ രാജാവ് താങ്ങായിരിക്കണമെന്നാണ്. ശത്രുവിന് പോലും അവര്‍ അര്‍ഹിക്കുന്ന നീതി കൊടുക്കുക എന്നത് രാഷ്ട്രധര്‍മ്മാണെന്ന വിശ്വാസമാണ് ഈ രാജധര്‍മ്മം ലക്ഷ്യമാക്കുന്നത്. ശത്രുവിന് രാഷ്ട്രവ്യവഹാരത്തില്‍ ഇടമില്ല എന്ന വിശ്വാസമാണ് പാശ്ചാത്യരാഷ്ട്ര വ്യവഹാര വ്യവസ്ഥകള്‍ എല്ലാം പറയുന്നത്.

ഭരതന്‍ രാജ്യഭാരം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് രാമനെ കാണാന്‍ എത്തുന്നത്. രാജ്യഭരണത്തെക്കുറിച്ചു ഭരതന് രാമന്‍ നല്കുന്ന സുപ്രധാന ഉപദേശം ചാര്‍വ്വാകവിപ്രരെ മാനിക്കണമെന്നതാണ്. ചാര്‍വ്വാകന്മാര്‍ക്ക് ഏറ്റവും നല്ല നിര്‍വ്വചനം നല്കിയിരിക്കുന്നത് ശ്രീനാരായണഗുരുവാണ്. പ്രത്യക്ഷമാത്രവാദികള്‍ എന്നാണ് ചാര്‍വ്വാകന്മാരെ ഗുരു നിര്‍വ്വചിക്കുന്നത്. പ്രത്യക്ഷം എന്നാല്‍ ഇന്ദ്രിയപ്രത്യക്ഷം എന്നു വിവക്ഷ. കണ്ണ്, കാത്, മൂക്ക്, നാക്ക്, ത്വക്ക് എന്നീ ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന അറിവിനെയാണ് ജ്ഞാനമീമാംസകര്‍ പ്രത്യക്ഷം എന്നു പറയുന്നത്. അനുഭവങ്ങളുടെ തുടക്കം പ്രത്യക്ഷത്തിലാണ്. പ്രത്യക്ഷത്തെക്കൂടാതെ, അനുമാനം, ഉപമാനം, അനുഭവലബ്ധി, ശബ്ദം എന്നിങ്ങനെയുള്ള പ്രമാണങ്ങള്‍ വേറെയുണ്ട്. പക്ഷേ, ചാര്‍വ്വാകന്മാര്‍ പ്രത്യക്ഷത്തെ മാത്രമാണ് പ്രമാണമായി അംഗീകരിക്കുന്നത്. അതായത് പ്രത്യക്ഷത്തിന് വിഷയീഭവിക്കാത്തതൊന്നും അനുഭവങ്ങളല്ല എന്നാണ് അവരുടെ നിലപാട്. അതുകൊണ്ട് അര്‍ത്ഥവും കാമവും മാത്രമാണ് അവര്‍ക്ക് പുരുഷാര്‍ത്ഥങ്ങള്‍. ധര്‍മ്മത്തെ അവര്‍ അംഗീകരിക്കുന്നില്ല.

എന്നാല്‍ അയോദ്ധ്യയിലെ രാജ്യഭരണവ്യവസ്ഥയുടെ അടിത്തറ ധര്‍മ്മമാണ്. ആ ധര്‍മ്മത്തെ അംഗീകരിക്കാത്ത ദുഷ്ടപണ്ഡിതരാണ് ചാര്‍വ്വാകന്മാര്‍. അവ്വിധമുള്ള ചാര്‍വ്വാകന്മാരെ ആദരിക്കാനുള്ള ബാധ്യത രാജാവിനുണ്ട് എന്നാണ് രാമന്‍ ഉപദേശിക്കുന്നത്. വിയോജിക്കാനുള്ള മനുഷ്യാവകാശത്തെ രാജാവ് അംഗീകരിച്ച് ആദരിക്കണമെന്ന് സാരം. വിയോജിക്കുക എന്നാല്‍ അധികാരത്തോടു വിയോജിക്കുക എന്നാണര്‍ത്ഥം. അധികാരത്തോടും ഭരണത്തോടും വിയോജിക്കാനുള്ള ഭരണാധികാരികളുടെ ബാദ്ധ്യതയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന ലോകത്തിലെതന്നെ ആദ്യത്തെ ഗ്രന്ഥം രാമായണമായിരിക്കും എന്നു തോന്നുന്നു. അതുകൊണ്ട് ഒക്കെയാണ് രാമായണത്തെ ആദികാവ്യം എന്നു വിശേഷിപ്പിക്കുന്നത്.

പാശ്ചാത്യരാജ്യത്ത് വോള്‍ട്ടയര്‍ പറയുന്നതു വരെ ഇവ്വിധം ഒരു അവകാശം മനുഷ്യര്‍ക്ക് ഉണ്ട് എന്ന് അറിയില്ലായിരുന്നു. യൂറോസെന്‍ട്രിക്ക് ആയ ഒരാള്‍ വോള്‍ട്ടയറാണ് വിയോജിക്കാനുള്ള മനുഷ്യാവകാശത്തെക്കുറിച്ച് പറയുന്നത് എന്നു കരുതുന്നതില്‍ കുഴപ്പമില്ല. കാരണം യൂറോപ്പും യൂറോപ്യരുമാണ് ലോകവിജ്ഞാനത്തിന്റെ കേന്ദ്രമെന്നും യൂറോപ്പിന്റേതല്ലാത്ത എല്ലാ വിജ്ഞാനങ്ങളും അധര്‍മ്മമാണെന്നും വിശ്വസിക്കുന്നവരെയാണ് യൂറോ സെന്‍ട്രിസ്റ്റുകള്‍ എന്നു പറയുന്നത്. രാമായണം വായിച്ചു പഠിക്കുന്ന ഇന്ത്യാക്കാരും വിയോജിക്കുന്നവനെ ആദരിക്കുന്നതാണ് ഭരണത്തിന്റെ ഏറ്റവും സവിശേഷമയ കാര്യം എന്ന സങ്കല്പം യൂറോപ്പിലാണ് ഉണ്ടായത് എന്നു പറയുമ്പോള്‍ അവരുടെ അടിമബോധത്തെയാണ് അവര്‍ സാധൂകരിക്കുന്നത്. വിയോജിക്കുന്നവനെ മാത്രമല്ല, വിരോധികള്‍ക്കും അവര്‍ അര്‍ഹിക്കുന്ന സ്ഥാനം നല്കണമെന്ന ബോധം ഭാരതീയ സംസ്‌കാരത്തിന്റെ സവിശേഷതയായി മാറിയതും രാമായണ സംസ്‌കാരം മൂലമാണ്.

ശ്രീരാമചന്ദ്രന്‍ ചക്രവര്‍ത്തിയായപ്പോള്‍ യുവരാജ സ്ഥാനം ഭരതനായിരുന്നു. ലോകം മുഴുവന്‍ ഏതാണ്ട് രാമഭരണത്തിലായപ്പോള്‍ ധര്‍മ്മസേതു എന്നു പ്രശംസിക്കപ്പെടുന്ന രാജസൂയയജ്ഞം നടത്താന്‍ ശ്രീരാമന്‍ ആലോചിച്ചു. രാജസഭയില്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ ഭരതന്‍ അതിനു സമ്മതം നല്കിയില്ല. രാജസൂയം നടത്തുന്ന രാജാവിന്റെ അധികാരം അംഗീകരിക്കാത്ത രാജാക്കന്മാരെ യുദ്ധത്തില്‍ തോല്പിക്കേണ്ടി വരും. യുദ്ധം നാം ആലോചിക്കുകപോലും ചെയ്യാത്തവിധം ഹിംസയുണ്ടാക്കും. യുദ്ധത്തില്‍ അപരാധികള്‍ മാത്രമല്ല, നിരപരാധികളും കൊല്ലപ്പെടും. നിരപരാധികളെ വധിക്കുന്നത് കൊടിയ അധര്‍മ്മാണ്. അതുകൊണ്ട് രാജസൂയം ഒഴിവാക്കണമെന്ന് ഭരതന്‍ വാദിച്ചു. ശ്രീരാമന്‍ ആ ഉപദേശം സ്വീകരിക്കുകയും രാജസൂയം നടത്തേണ്ടതില്ല എന്നു തീരുമാനിക്കുകയും ചെയ്തു. രാജാവിന്റേയും രാജ്യത്തിന്റെയും ലോകത്തിന്റെയും ഹിതം കാംക്ഷിക്കുന്ന മന്ത്രി രാജാവിന് നല്‌കേണ്ട ഉപദേശമാണ് ഭരതന്‍ രാമന് നല്കിയത്. രാജാവിന് ഇഷ്ടം പറഞ്ഞു കൊടുക്കുന്ന ഭാഗ്യാന്വേഷികളെ ഉപദേഷ്ടുക്കളായി നിയമിക്കുന്ന ഭരണാധികാരികള്‍ അവരെക്കൊണ്ട് തന്നെ നശിക്കും. സീതയെ ആദ്യമേ ബലാല്‍സംഗം ചെയ്യുക, അതിനുശേഷം യുദ്ധത്തിനിറങ്ങിയാല്‍ മതിയെന്നു രാവണനെ ഉപദേശിക്കുന്ന മന്ത്രിയെ ഓര്‍ക്കാവുന്നതാണ്.

ഭരതകുമാരന്റെ ഉള്‍ക്കാഴ്ചയേയും ധര്‍മ്മബോധത്തേയും ഈ സംഭവം ഉദാഹരിക്കുന്നുണ്ട്. രാവണനോട് സീതയെ രാമന് നല്‍കി പ്രശ്‌നം അവസാനിപ്പിക്കണമെന്നു ഉപദേശിച്ച എല്ലാവരെയും വിഭീഷണനടക്കം രാവണന്‍ ശത്രുവായിട്ടാണ് കണ്ടത്. തന്റെ ഇംഗിതത്തിന് വിരുദ്ധമായ കാര്യം ഉപദേശമായി നല്കിയ ഭരതനെ രാമന്‍ ആത്മമിത്രമായിട്ടാണ് കണ്ടത്. രാജാവിന്റെ ഇഷ്ടം നടപ്പിലാക്കുന്നവനല്ല, രാജ്യത്തിന്റെയും ലോകത്തിന്റെയും ഹിതാനുവര്‍ത്തിയായിരിക്കണം രാജാവ് എന്ന മഹാസന്ദേശമാണ് ഭരണാധികാരികള്‍ക്ക് രാമന്‍ നല്കുന്നത്. രാജാവിന്റെ വൈക്തികമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് രാജഭരണ വ്യവസ്ഥയില്‍ സ്ഥാനമുണ്ടാകാന്‍ പാടില്ല എന്ന വിശ്വാസമാണ് രാമരാജ്യധര്‍മ്മത്തിന്റെ അടിസ്ഥാനം. രാവണനാകട്ടെ സ്വന്തം ഇഷ്ടാനിഷ്ടങ്ങളായിരുന്നു രാജധര്‍മ്മം.

ഒരുപക്ഷേ, രാമനോളമോ അതിലധികമോ ഭരണമികവ് ഭരതനുണ്ടായിരുന്നു. രാമനെപോലെ ഭരതനും രാജ്യമോഹിയായിരുന്നില്ല. കൈകേയിലുടെ എല്ലാ മോഹങ്ങളും പൊലിഞ്ഞത്, നിയമപരമായി താന്‍ അര്‍ഹിക്കാത്ത ഭൂമി താന്‍ ഭരിക്കില്ല എന്ന നിലപാടാണ് രാമകഥയുടെ ഗതി മാറ്റിയത്. നന്ദിഗ്രാമില്‍ ജടാമകുടങ്ങള്‍ അണിഞ്ഞ്, ഫലമൂലാദികള്‍ ഭക്ഷിച്ച് രാമപാദുകങ്ങളെ സാക്ഷ്യമാക്കി ധര്‍മ്മാചരണം നടത്തി രാജ്യഭാരം നിര്‍വ്വഹിച്ച ഭരതനു സമാനമായി ഒരാള്‍ വേറെയുണ്ട് എന്നു തോന്നിയില്ല. രാമന്‍ മഹാപ്രസ്ഥാനത്തിനു പോകുന്നതിന്റെ മുന്നൊരുക്കം എന്ന നിലയില്‍ ഭരതനെ രാജാവാക്കാന്‍ തീരുമാനിച്ചു. താന്‍ രാജ്യാര്‍ത്ഥിയല്ല എന്നും രാമനെ കൂടാതെ രാജ്യം മാത്രമല്ല, സ്വര്‍ഗ്ഗം പോലും തനിക്ക് വേണ്ടെന്നും രാജ്യം ലവകുശന്മാര്‍ക്കായി വീതിച്ചു നല്കണമെന്നും ഭരതന്‍ പറഞ്ഞു. നിഷ്‌കാമമായ രാജ്യഭരണ മികവ് എവിടെ കാണാം എന്നു ചോദിച്ചാല്‍ അതു ഭരതനിലുണ്ട് എന്നു പറയാവുന്നതാണ്.

Comments are closed.