DCBOOKS
Malayalam News Literature Website

ധര്‍മ്മനിഷ്ഠയില്‍ ഭരതനും രാമനൊപ്പം 

സ്വന്തം തെറ്റുകൊണ്ടല്ലാതെ ശിക്ഷിക്കപ്പെട്ടവനാണ് ഭരതന്‍. കൈകേയി ഭരതന് വേണ്ടി രാജ്യം ചോദിച്ചതിലും രാമനെ വനവാസത്തിന് അയച്ചതിലും ഭരതന് ഒരുപങ്കും ഉണ്ടായിരുന്നില്ല. അമ്മ വീട്ടില്‍ നിന്നും തിരിച്ച് അയോദ്ധ്യയിലെത്തിയപ്പോഴാണ് ഈ വിവരങ്ങള്‍ ഭരതന്‍ അറിയുന്നത്. തന്റെ പിതാവിന്റെ മരണം, താന്‍ ദൈവത്തിന് തുല്യം കരുതിയിരുന്ന രാമന്റെ വനവാസം, ആഹ്ലാദഭരിതമായിരുന്ന അയോദ്ധ്യയുടെ അധപതനം, ഇതെല്ലാം അറിഞ്ഞ ഭരതന്‍ നടുങ്ങി. അയോദ്ധ്യയിലെ പ്രധാനികളോടെല്ലാം നേരില്‍ക്കണ്ട് തനിക്കിതിലൊന്നും യാതൊരു പങ്കുമില്ലെന്നും ഭരതന്‍ കണ്ണീരോടെ പറഞ്ഞ് അമ്മയുടെ തെറ്റിന് മാപ്പു ചോദിച്ചു. ഇതിനിടയില്‍ ഭരതന്‍ അന്ന് അറിയാതിരുന്ന കാര്യം ക്ഷുഭിതനായ ദശരഥന്‍ കൈകേയിയോടൊപ്പം ഭരതനെയും ഉപേക്ഷിച്ചുകൊണ്ട് നടത്തിയ ശാപവചനങ്ങളാണ്.

സ്വന്തം അച്ഛനാല്‍ അകാരണമായി ഉപേക്ഷിക്കപ്പെടാന്‍ ശപിക്കപ്പെട്ടവന്‍ കൂടിയായിരുന്നു ഭരതന്‍. ദശരഥന്‍ അങ്ങനെ ഒരിക്കല്‍ കൂടി മോശം രാജാവാണെന്നു തെളിയിക്കുകയായിരുന്നു ഈ ശാപവചനങ്ങളിലൂടെ. രാജാവായ ദശരഥന് എന്തും ചെയ്യാന്‍ അധികാരമില്ല. അതുകൊണ്ട് കൈകേയിയല്ല ആര് ആവശ്യപ്പെട്ടാലും രഘുവംശ രാജാക്കന്മാരുടെ നിയമപ്രകാരം നിലനില്ക്കുന്ന ദായക്രമം തെറ്റിച്ചുകൊണ്ട് മൂത്തമകനായ രാമന്‍ ജീവിച്ചിരിക്കെ രണ്ടാമനായ ഭരതന് രാജ്യം നല്കാന്‍ അധികാരമില്ല. തനിക്ക് അധികാരമില്ലാത്ത കാര്യം താന്‍ ചെയ്യില്ല എന്നു പറഞ്ഞുകൊണ്ട് ദശരഥന് കൈകേയിയെ പിന്‍തിരിപ്പിക്കാവുന്നതായിരുന്നു. അതിനുപകരം ഇല്ലാത്ത അധികാരം ഉപയോഗിക്കാനായി രാജാവിനെ നിര്‍ബന്ധിക്കുന്നവളുടെ കാല് പിടിക്കാനാണ് കാമമോഹിതനായ ദശരഥന്‍ തീരുമാനിച്ചത്. ഒരു കുറ്റവും ചെയ്യാത്ത മൂത്തമകനെ വിചാരണപോലും ഇല്ലാതെ കാട്ടിലേക്ക് നാടുകടത്തി. അതുപോലെ യാതൊരു തെറ്റും ചെയ്യാത്ത ഭരതനെ ശപിക്കുകയും ചെയ്തു. രാജ്യത്തെ നിയമത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ രാജാവിനെ അനധികൃതിയമായി സ്വാധീനിക്കുന്നവളെ ശിക്ഷിക്കാതെ തന്നെ ജയിലില്‍   അടച്ച് രാജ്യം നേടാന്‍ മകനെ ഉപദേശിക്കുന്ന തരത്തില്‍ ദശരഥന്റെ രാജധര്‍മ്മബോധം വികൃതമാക്കുകയും ചെയ്തു.

നിയമപ്രകാരം താന്‍ അര്‍ഹിക്കാത്ത രാജ്യം സ്വീകരിക്കാന്‍ ഭരതന്‍ വിസമ്മതിച്ചു. നിയമപ്രകാരം അര്‍ഹിക്കാത്ത എന്തും കയ്യേല്‍ക്കുന്നത് മോഷണം തന്നെയാണ്. ഒരു മോഷ്ടാവായി രാജ്യഭാരമേല്ക്കാന്‍ ഭരതന്‍ തയ്യാറായിരുന്നില്ല. അതുകൊണ്ട് അയോദ്ധ്യയിലെ ആര്‍ഭാടങ്ങളെല്ലാം കയ്യൊഴിഞ്ഞ് നന്ദിഗ്രാമത്തില്‍ ശ്രീരാമപാദുകത്തെ പട്ടാഭിഷേകം ചെയ്തു ശ്രീരാമന് വേണ്ടി ഭരതന്‍ രാജ്യപാലനം നടത്തി. ഒടുവില്‍ പതിനാലാം വര്‍ഷത്തിലെ അവസാന ദിവസങ്ങള്‍ എത്തിച്ചേര്‍ന്നു. രാവണവധത്തിനുശഷം ഇന്ദ്രസഹായത്തോടെ സ്വര്‍ഗ്ഗവാസിയായ ദശരഥനെ കണ്ടപ്പോള്‍ കൈകേയി ഭരതനിലും ഉള്ള ശാപം പിന്‍വലിക്കണമെന്ന് രാമന്‍ അപേക്ഷിച്ചു. ദശരഥന്‍ അത് സമ്മതിക്കുകയും ചെയ്തു. അങ്ങനെ പതിനാലുവര്‍ഷം നീണ്ടു നിന്നതും അകാരണമായി സ്വന്തം പിതാവ് തന്നില്‍ പതിപ്പിച്ചതുമായ ശാപത്തില്‍ നിന്നും ഭരതന്‍ വിമുക്തനായി.

യുദ്ധാവസാനം വിഭീഷണന്‍ ലങ്കാധിപതിയായി സ്ഥാനമേറ്റു. സര്‍വ്വസാമഗ്രികളും ഉപയോഗിച്ച് കുളികഴിഞ്ഞ് ഉത്തമവസ്ത്രങ്ങള്‍ ധരിക്കണമെന്ന് ജടാമകുടധാരിയും സന്യാസവേഷം ധരിച്ചവനുമായ രാമനോട്, വിഭീഷണന്‍ ആവശ്യപ്പെട്ടു. എന്നാല്‍, താന്‍ ഭരതനോടൊപ്പം മാത്രമേ ഉത്തമവസ്ത്രം ധരിക്കുകയുള്ളൂ എന്ന് അപ്പോള്‍ രാമന്‍ വിഭീഷണനോട് പറഞ്ഞു. സീതാലക്ഷ്മണ സമേതനായി രാമനും, സുഗ്രീവ വിഭീഷണന്മാരും മാരുതി ഉള്‍പ്പെടെയുള്ളവരും അവരുടെ മന്ത്രിമാരും പരിവാരങ്ങളുമെല്ലാം പുഷ്പക വിമാനത്തില്‍ കയറി അയോദ്ധ്യയിലേക്ക് പുറപ്പെട്ടു. രാമന്‍ തന്റെ ദൂതനായി മാരുതിയെ മുന്നേ അയച്ചു. തന്റെ ആഗമനവൃത്താന്തവും നടന്ന സംഭവങ്ങളും എല്ലാം പറഞ്ഞ് ഭരതനെ അറിയിക്കാനും സൂക്ഷ്മ നിരീക്ഷണം നടത്തി ഭരതന്റെ ഉള്‍വിചാരങ്ങള്‍ അറിഞ്ഞുവരാനും മാരുതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. പതിന്നാലു വര്‍ഷക്കാലം അധികാരത്തിന്റെ സുഖസൗകര്യങ്ങള്‍ അനുഭവിച്ച ഭരതന്റെ മനസ്സില്‍ മാറ്റം ഉണ്ടായിട്ടുണ്ടോ എന്നറിയുകയായിരുന്നു അതുകൊണ്ട് രാമന്‍ ലക്ഷ്യമാക്കിയത്. അധികാരത്തിന്റെ ആര്‍ഭാടവും സൗകര്യങ്ങളുമെല്ലാം പലരുടേയും മനസ്സില്‍ മാറ്റം ഉണ്ടാക്കാവുന്നതാണ്. ഒരിക്കല്‍ അധികാരം രുചിച്ചവന്‍ അതില്‍ നിന്നും വിട്ടുവരുവാന്‍ വൈമനസ്യം കാണിക്കുന്നതും അധികാര ലഹരി കൊണ്ടാണ്. ഭരതനേയും അതു ബാധിച്ചിരുന്നോ എന്ന് പരീക്ഷിച്ചറിയുകയും അങ്ങനെയാണെങ്കില്‍ അയോദ്ധ്യയിലേക്ക് കയറാതിരിക്കുകയും ചെയ്യുക എന്നതായിരുന്നു രാമന്റ നിശ്ചയം.

ഹനുമാന്‍ നന്ദിഗ്രാമത്തില്‍ കണ്ടത് ബ്രഹ്മര്‍ഷിതുല്യനായ ഒരു തപോധനനെയാണ്. സഹോദര വിയോഗദുഃഖത്താല്‍ പീഡിതനും ജടാഭാരത്തോടുകൂടിയവനും ഫലമൂലാദികള്‍ ഭക്ഷിച്ച് അചഞ്ചലാത്മാവായി ജീവിക്കുന്ന സന്ന്യാസിയെയാണ് നന്ദി ഗ്രാമത്തില്‍ മാരുതി കണ്ടത്. ധര്‍മ്മം മനുഷ്യരൂപമെടുത്തവനെ പോലെ കാവി വസ്ത്രധാരികളായ സേനാനായകര്‍ക്കൊപ്പം രാമപാദുകങ്ങളെ മുന്‍നിര്‍ത്തി രാജ്യഭാരം നടത്തുന്ന ഋഷിവര്യനായ ഭരതകുമാരനെയാണ് മാരുതി കണ്ടത്. ഭരതന്റെ നന്ദിഗ്രാമ ആശ്രമത്തിലെത്തിയ രാമനെ സൂര്യനെ എന്നപോലെ ഭരതന്‍ നമസ്‌കരിച്ചു. രാമന്‍ ഭരതനെ ആനന്ദത്തോടെ ആലിംഗനം ചെയ്തു. രാമപാദുകങ്ങളെ ഭരതന്‍ സ്വന്തം കൈ കൊണ്ട് എടുത്ത് ഭക്തിയോടെ രാമപാദങ്ങളില്‍ ചേര്‍ത്തു. രാമന്‍ സൂക്ഷിക്കാനേല്പിച്ച മുതല്‍ താനിതാ തിരിച്ചു നല്കുന്നു എന്നുപറഞ്ഞ് ഭരതന്‍ രാജ്യം രാമനെ ഏല്പിച്ചു. അതോടെ തന്റെ ജന്മം സഫലമായി എന്നും ഭരതന്‍ പറഞ്ഞു.

ഭരതന്റെ ഭരണകാലം ഭരണ മികവിന്റെ കാലം കൂടിയായിരുന്നു. ഭണ്ഡാരം, ധാന്യപ്പുര, ഗൃഹം, സൈന്യം എന്നിവയെല്ലാം പത്തിരട്ടിയിലധികം അക്കാലത്ത് വര്‍ധനവുണ്ടായി. ക്രമസമാധാന നില ഭദ്രമായിരുന്നു. ധനധാന്യ സമൃദ്ധിയില്‍ അയോദ്ധ്യയും അയോദ്ധ്യാവാസികളും സന്തുഷ്ടരായിരുന്നു. രാമനുണ്ടായിരുന്നില്ല എന്ന ഒരു കുറവല്ലാതെ മറ്റൊരു കുറവും അയോദ്ധ്യയില്‍ ഉണ്ടായിരുന്നില്ല. തന്റെ അമ്മയായ കൈകേയിയോട് രാമന്‍ തന്നെ ഏല്പിച്ച രാജ്യം താന്‍ തിരിച്ചു നല്‍കിയിരിക്കുന്നു എന്ന് ഭരതന്‍ പറഞ്ഞു. ഭരണഭാരം താങ്ങാനും രാമമാര്‍ഗ്ഗം ഏറ്റെടുക്കാനും തനിക്കാവില്ല. ലോകാരാധ്യനായ രാഘവാ അങ്ങ് അഭിഷിക്തനായാലും എന്നു ഭരതന്‍ പറഞ്ഞപ്പോള്‍ രാമന്‍ ശുഭാസനത്തില്‍ ഇരുന്നു. ഭരതന്റെ രാജ്യഭാരം ഋഷി നടത്തിയ യജ്ഞമായിരുന്നു. ഭരതന്‍ തന്റെ സമസ്ത സിദ്ധികളെയും എല്ലാ സ്ഥാവര ജംഗമങ്ങളുടേയും ശ്രേയസ്സിനായി സമര്‍പ്പിച്ചു. രാമന്‍ കാനനവാസത്തിലൂടെ യോഗക്ഷേമം പ്രാവര്‍ത്തികമാക്കിയപ്പോള്‍ ഭരതന്‍ രാജ്യപരിപാലനത്തിലൂടെ അതേകാര്യം അനുവര്‍ത്തിച്ചു. രാമന്‍ പഞ്ചവടിയിലെ രാമാശ്രമത്തില്‍ ജീവിച്ച് ധര്‍മ്മപരിപാലനം നടത്തിയപ്പോള്‍ നന്ദിഗ്രാമില്‍ ആര്‍ഭാടങ്ങളെ വര്‍ജ്ജിച്ച് ഫലമൂലാദികള്‍ മാത്രം ഭക്ഷിച്ച് ഭരതന്‍ രാജ്യപരിപാലനം നടത്തി. അധികാരത്തിന്റെ പകിട്ട് താമരയിലയിലെ ജലംപലെ ഭരതനെ സ്പര്‍ശിച്ചില്ല.

രാജ്യഭാരം നിഷ്‌കാമകര്‍മ്മമായി മാറുമ്പോള്‍ എന്താകും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഭരതന്റെ രാജ്യഭരണ മികവ്. സുമന്ത്രന്‍ പൂട്ടിയ രഥത്തിലേറിയാണ് രാമന്‍ അയോദ്ധ്യയിലേക്ക് പുറപ്പെട്ടത്. കുതിരകളുടെ കടിഞ്ഞാന്‍ കൈകളിലേന്തി ഭരതന്‍ തേര്‍ തെളിച്ചു. ധര്‍മ്മവിഗ്രഹമായ രാമന്റെ അയോദ്ധ്യാ പ്രവേശനത്തിന് ധര്‍മ്മം മാനുഷവേഷത്തിലിരിക്കുന്ന ഭരതന്‍ തേര്‍ തെളിച്ചു നയിക്കുന്നത് ഉചിതം തന്നെ. ഇന്ദ്രിയ മനസ്സുകളാകുന്ന കുതിരകളെ ആത്മശക്തി കൊണ്ട് നിയന്ത്രിച്ചു നിലയ്ക്ക് നിര്‍ത്തുന്ന ഭരതന് മര്യാദാ പുരുഷോത്തമനെ അധികാരത്തിലെത്തിക്കാന്‍ കഴിയും. വെണ്‍കൊറ്റക്കുട പിടിച്ച് ശത്രുഘ്‌നനും വെണ്‍ചാമരം വീശിക്കൊണ്ട് ലക്ഷ്മണനും നിന്നു. ദശരഥന്റെ നാല് മക്കള്‍ ഒരുമിച്ച് ഒരു രഥത്തില്‍ അയോദ്ധ്യയുടെ ഭരണഭാരം ഏല്ക്കാനായി എത്തിച്ചേര്‍ന്നു.

കിഴക്കേ സമുദ്രത്തില്‍ നിന്നും അഭിഷേകത്തിനുള്ള ജലം സുഷേണന്‍ കൊണ്ടുവന്നു. ഋഷഭന്‍ തെക്കേ സമുദ്രത്തില്‍ നിന്നും ഗവയന്‍ പടിഞ്ഞാറെ സമുദ്രത്തില്‍ നിന്നും അഭിഷേക ജലം എത്തിച്ചു. മാരുതിയാണ് വടക്കേ സമുദ്രത്തില്‍ നിന്നും അഭിഷേക ജലവുമായി എത്തിയത്. അക്കാലത്തെ ഭാരതത്തിലെ അഞ്ചു നദികളില്‍ നിന്നും പുണ്യജലം സംഭരിച്ചു. വസിഷ്ഠനായിരുന്നു ശ്രീരാമ പട്ടാഭിഷേകത്തിന് കാര്‍മ്മിക നേതൃത്വം നല്കിയത്. മഹര്‍ഷിമാര്‍ വന്‍ സംഘമായി പങ്കെടുത്തു. ഋതിക്കുകളും ബ്രാഹ്മണരും വൈശ്യരുമെല്ലാം ആചാരം അനുസരിച്ച് സ്വസ്ഥാനങ്ങളില്‍ നിന്നുകൊണ്ട് പട്ടാഭിഷേകത്തില്‍ പങ്കുകൊണ്ടു. സുഗ്രീവനും വിഭീഷണനും വെണ്‍ചാമരം വീശി ചടങ്ങില്‍ ഭാഗഭാക്കായി. മുപ്പതുകോടി സ്വര്‍ണ്ണനാണയം ദാനം ചെയ്തു. ഒരു ലക്ഷം കുതിരകളും പശുക്കളും വേറെയും. രാമന്‍ നിര്‍ബന്ധിച്ചെങ്കിലും ലക്ഷ്മണന്‍ യുവരാജാവായില്ല. യുവരാജ പദവി ഭരണനിപുണനായ ഭരതനു തന്നെ നല്കി.

പതിന്നാലു വര്‍ഷം മുന്‍പ് നടക്കാതെ പോയ ശ്രീരാമപട്ടാഭിഷേകം ഭരതന്‍ പതിന്നാലം വര്‍ഷം തന്റെ നേതൃത്വത്തില്‍ നടത്തി. തന്റെ അമ്മ ചെയ്ത തെറ്റിന് പരിഹാരം കണ്ടെത്തി. ഇതോടെയാണ് ഭരതന്റെ രാജ്യഭാരം പൂര്‍ത്തിയായത്. ചെയ്യാത്ത തെറ്റിന് ശിക്ഷയേല്ക്കുകയും അറിയാത്ത കാര്യത്തിന് പഴി കേള്‍ക്കുകയും ചെയ്ത ഭരതന്‍ അചഞ്ചലമായ ധര്‍മ്മബോധത്താല്‍ പ്രചോദിതനായി തന്നെയും തന്റെ വംശത്തെയും ധര്‍മ്മനാശത്തില്‍ നിന്നും രക്ഷപ്പെടുത്തി. ധര്‍മ്മാനുഷ്ഠാനത്തില്‍ ഭരതന്‍ രാമനെക്കാള്‍ ഒട്ടും താഴെയല്ല.

Comments are closed.