DCBOOKS
Malayalam News Literature Website

ആശ്രയിച്ചാല്‍ രാവണനും അഭയം നല്‍കും

വിഭീഷണന്റെ കിരീടധാരണച്ചടങ്ങ് നടന്നത് കിഷ്‌കിന്ധയില്‍ വെച്ചായിരുന്നു. സ്വരാജ്യത്തുനിന്നും ബഹിഷ്‌കൃതനായിരിക്കെ മറ്റൊരു രാജ്യത്ത് വെച്ച് കിരീടധാരണം നടത്താനും വിഭീഷണന് അവസരം ലഭിച്ചു. വിഭീഷണനെ കിരീടം ധരിപ്പിച്ചത് ശ്രീരാമനാണ്. സുഗ്രീവരാജാവും അംഗദനും ഹനുമാനും ഉള്‍പ്പെടെയുള്ള വാനരസൈന്യം ആഹ്ലാദാരവത്തോടെ വിഭീഷണനെ അഭിവാദ്യം ചെയ്തു. അപ്പോള്‍ ലങ്കാമഹാരാജ്യത്തിന് രണ്ട് ചക്രവര്‍ത്തിമാരും രണ്ട് സൈന്യങ്ങളും ഉണ്ടായി.

വിഭീഷണനും അദ്ദേഹത്തിന്റെ വിശ്വസ്തരായ നാല് മന്ത്രിമാരുമാണ് ജീവരക്ഷയ്ക്കായി ലങ്കയില്‍ നിന്നും രാമസന്നിധിയില്‍ എത്തിയത്. ലങ്കയുടേയും രാവണന്റേയും ജീവരക്ഷയ്ക്കായി പറഞ്ഞ ധര്‍മ്മഭാഷണങ്ങള്‍ രാവണന് അസ്വീകാര്യമായപ്പോള്‍ മറ്റുമാര്‍ഗ്ഗമില്ലാതെയാണ് കുടുംബത്തെ ലങ്കയില്‍ ഉപേക്ഷിച്ചുകൊണ്ട് രാമനെ അഭയം പ്രാപിക്കാനായി വിഭീഷണനും സംഘവും എത്തിയത്. ശത്രുപക്ഷത്തുനിന്നും എത്തിയ ശത്രുരാജാവിന്റെ അനുജനാണ് വിഭീഷണന്‍. രാമസേനയിലെ നീക്കങ്ങള്‍ അറിഞ്ഞ് രാവണനെ ധരിപ്പിക്കാനായി വന്നചാരനാകാം. ആശ്രയഭാവത്തില്‍ ചെന്നു രഹസ്യങ്ങള്‍ അറിഞ്ഞ് ചെല്ലാന്‍ രാവണന്‍ നിയോഗിച്ചതാകാനും സാധ്യതയുണ്ട്. അതുമല്ലെങ്കില്‍ സൈന്യത്തില്‍ കടന്നുകൂടി രാത്രിയില്‍ കൂമന്‍ കാക്കകളെ വധിക്കുന്നതുപോലെ രാമസൈന്യത്തെ നശിപ്പിക്കാനും ഇടയുണ്ട്. സര്‍വ്വോപരി കൊടുക്രൂരനായ രാവണന്റെ അനുജനുമാണ്. അതുകൊണ്ട് അഭയം നല്കരുത് എന്നു കണിശമായി തന്നെ സുഗ്രീവന്‍ പറഞ്ഞു.

ഗുണദോഷ വിചിന്തനം നടത്തിയതിനുശേഷം ഗുണമുണ്ടെങ്കില്‍ മാത്രം സ്വീകരിക്കുകയും അല്ലെങ്കില്‍ തിരസ്‌കരിക്കുകയും വേണമെന്ന അഭിപ്രായക്കാരനായിരുന്നു അംഗദന്‍. ഗുണദോഷ സമ്മിശ്രങ്ങള്‍ പരീക്ഷിച്ചറിയുകയും വേണം. ഒരാള്‍ ചാരനാണോ അല്ലയോ എന്ന് പരീക്ഷിച്ചറിയുക എളുപ്പമല്ല, മാരുതി പറഞ്ഞു. വാക്കുകള്‍ കൊണ്ട് അകം മറയ്ക്കുന്നവനെ മനസ്സിലാക്കാനാകില്ല. അതുകൊണ്ട് കുറഞ്ഞ സമയത്തിനുള്ളില്‍ ഒരുവനെ ചോദ്യം ചെയ്തുകൊണ്ട് അവന്‍ ചാരനാണോ അല്ലയോ എന്നു തിരിച്ചറിയുക എന്നത് അപ്രായോഗിമാണെന്ന് മാരുതി വിശദീകരിച്ചു. ദുഷിപ്പില്ലാത്തതും തെളിമയുള്ളതുമായ വാക്കുകളാണ് വിഭീഷണന്‍ ഉപയോഗിച്ചത്. മുഖം പ്രസാദാത്മകവുമാണ്. അതുകൊണ്ട് വിഭീഷണന്റെ മനസ്സില്‍ തിന്മയില്ല എന്ന് അനുമാനിക്കാം. മനസ്സില്‍ തിന്മയില്ലാത്തവന്‍ ചതിക്കില്ല. ആകയാല്‍ വിഭീഷണന് അഭയം നല്കി സ്വീകരിക്കാമെന്നു തന്നെയാണ് തന്റെ അഭിപ്രായമെന്നും മാരുതി പറഞ്ഞു.

മൂത്ത സഹോദരനും ചക്രവര്‍ത്തിയുമായ രാവണനെ ധിക്കരിച്ച് നന്മ പ്രതീക്ഷിച്ച് ചെന്ന വിഭീഷണനെ സ്വീകരിക്കുമെന്ന കാര്യത്തില്‍ സുഗ്രീവന്‍ വിമുഖനായിരുന്നു. രാക്ഷസരാജാവായ രാവണന്റെ നേര്‍അനുജനില്‍ നിന്നും രാക്ഷസീയമല്ലാത്ത നന്മകള്‍ പ്രതീക്ഷിക്കാന്‍ യാതൊരു കാരണവും ഇല്ല എന്നായിരുന്നു സുഗ്രീവന്റെ സുചിന്തിതമായ അഭിപ്രായം. ഈ അഭിപ്രായത്തിന്റെ യുക്തിഘടന പരിശോധിക്കേണ്ടതാണ്. രാക്ഷസകുല ജാതനായ രാവണനില്‍ കാണുന്നതുപോലെയുള്ള രാക്ഷസീയത അതേ കുലത്തില്‍ രാവണന്റെ നേര്‍ അനുജനായി ജനിച്ച വിഭീഷണനിലും ഉണ്ടാകും എന്ന നിഗമനമാണ് ഈ യുക്തി ഘടന പ്രദാനം ചെയ്യുന്നത്. അതായത്, ജന്മമഹിമയാണ് കര്‍മ്മമഹത്വത്തിന്റെ ആധാരം എന്ന തത്ത്വത്തെയാണ് ഈ യുക്തിഘടന സാധൂകരിക്കുന്നത്. അതുപ്രകാരം നല്ലകുലജാതരെല്ലാം നല്ല കര്‍മ്മം ചെയ്യുന്നവരാകുകയും ചീത്ത കുലജാതരെല്ലാം തിന്മചെയ്യുന്നവരാകുകയും ചെയ്യും. ഈ വാദഗതി ശരിയല്ല എന്നതാണ് അനുഭവസാക്ഷ്യം.

ജന്മമഹിമയല്ല, കര്‍മ്മമഹത്വമാണ് വ്യക്തികളുടെ നന്മതിന്മകളെ നിശ്ചയിക്കുന്നത്. ജന്മമഹിമ എത്രയുണ്ടെങ്കിലും കര്‍മ്മമഹിമ അവകാശപ്പെടാനില്ലാത്തവന്‍ ഹീനനാണ്. രഘുവംശ രാജാക്കന്മാരില്‍ തന്നെയാണ് കല്മഷപാദനും അഗ്നിവര്‍ണ്ണനും ജനിച്ചത്. ഏകപത്‌നിവ്രതക്കാരനായ അജനും ബഹുപത്‌നീരതനായ ദശരഥനും ഉണ്ടായത്. ജന്മകുല മഹിമയായിരുന്നു മാനദണ്ഡമെങ്കില്‍ അജനും അഗ്നിവര്‍ണ്ണനും ഒരേ കുലത്തില്‍ ജനിക്കുക എന്നത് അയുക്തികമാണ്. അതുകൊണ്ട് കുലജന്മമഹിമകളെ ആശ്രയിച്ചില്ല ഏതൊരുവനും അവന്‍ ചെയ്യുന്ന കര്‍മ്മമഹിയെ ആശ്രയിച്ചാണ് യോഗ്യനോ അയോഗ്യനോ ആയി തീരുന്നത്. ആയതിനാല്‍, രാക്ഷസകുലജാതനും രാവണ സഹോദരനുമായിതിനാല്‍ വിഭീഷണന് നന്മ ചെയ്യാന്‍ കഴിയില്ലെന്നും അക്കാര്യം കൊണ്ട് അയാള്‍ അസ്വീകാര്യനുമാണ് എന്നു കരുതുന്ന സുഗ്രീവയുക്തി അനുഭവ വിരുദ്ധവും അസ്വീകാര്യവുമാണ്.

സ്വന്തം സഹോദരന്‍ തിന്മചെയ്യുന്നവനായതുകൊണ്ട് നന്മയെകരുതി മൂത്ത സഹോദരനെ ഉപേക്ഷിച്ചു വന്നവന്‍ അസ്വീകാര്യനാണെന്നു വാദിച്ച സുഗ്രീവനും സ്വന്തം ചേട്ടനെ ഉപേക്ഷിച്ചു ചെന്നവനാണ് എന്ന കാര്യം മറന്നു. ബാലി അധര്‍മ്മം ചെയ്യുന്നവനാണെന്നും അധര്‍മ്മം ചെയ്ത ബാലി വധ്യനാണെന്നും ഉറച്ചു വിശ്വസിക്കുകയും ബാലിവധത്തിലൂടെ രാജ്യം നേടുകയും ചെയ്ത സുഗ്രീവനാണ് ചേട്ടനായ രാവണന്റെ സ്വഭാവം അനുജനായ വിഭീഷണനിലും ഉണ്ടാകുമെന്ന് വാദിച്ചത് എന്നതും രസകരം തന്നെ. താന്‍ പറയുന്ന യുക്തി തനിക്ക് എതിരെ ഉപയോഗിച്ചിരുന്നു എങ്കില്‍ ബാലിയെ പേടിച്ച് ഋശ്യമൂകാചല ഗുഹയില്‍ തന്നെ സുഗ്രീവന് കഴിയേണ്ടി വന്നേനെ. മനുഷ്യരുടെ കാര്യമിതാണ്. അപരനെ വിധിക്കാനായി ഉപയോഗിക്കുന്ന തത്ത്വം തനിക്കും ബാധകമാണെന്ന കാര്യം സൗകര്യപൂര്‍വ്വം മറക്കും. വിഭീഷണന് ബാധകമായി സുഗ്രീവന്‍ കണ്ടെത്തിയ തത്ത്വം തനിക്കും ബാധകമാണെന്ന് കരുതാത്ത സുഗ്രീവന്‍ ഇക്കാര്യത്തില്‍ യുക്തി ബോധവും ധര്‍മ്മബോധവും ഇല്ലാത്തവനാണ് എന്നും കരുതാവുന്നതാണ്.

എന്തായാലും സുഗ്രീവയുക്തിയും വാഗദതിയും ശ്രീരാമന് അസ്വീകാര്യമായിരുന്നു. അതുകൊണ്ട് രാമന്‍ പറഞ്ഞു: തന്നെ ആശ്രയിക്കുന്നവന്‍ ആരായിരുന്നാലും താന്‍ അഭയം നല്കുക തന്നെ ചെയ്യും. ആര്‍ത്തനായി അഭയം തേടിയെത്തുന്നവനെ കയ്യൊഴിയുന്നത് അധര്‍മ്മമാണ്. വിഭീഷണനല്ല രാവണന്‍ തന്നെ വന്നാലും താന്‍ അഭയം നല്കുമെന്നും രാമന്‍ സന്ദേഹത്തിന് ഇടം നല്കാതെ പറഞ്ഞു. മാത്രമല്ല, തന്നെ ചതിച്ചു തോല്പിക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും രാമന്‍ പറഞ്ഞു. ആശ്രയം തേടിയെത്തുന്ന ആര്‍ത്തരെ നന്മതിന്മകള്‍ വിവേചനപൂര്‍വ്വം പരീക്ഷിച്ചറിഞ്ഞതിനുശേഷം മാത്രമെ അഭയം നല്കാവൂ എന്ന തത്ത്വം സ്വീകരിച്ചാല്‍ ആര്‍ത്തരായ ആര്‍ക്കും അഭയമേകാനാകില്ല. കാരണം, ആശ്രയം തേടിയെത്തുന്ന ഓരോരുത്തരേയും സ്വപരീക്ഷണങ്ങളിലൂടെ മാത്രമേ അഭയമേകൂ എന്നത് അപ്രായോഗികമാണ്. അത്തരമൊരവസ്ഥ ആര്‍ത്തരായവര്‍ക്ക് അഭയം ലഭിക്കാത്ത അന്തരീക്ഷം ഉണ്ടാക്കും. ആര്‍ത്തരായവര്‍ക്ക് അഭയം ലഭിക്കാതിരിക്കുന്ന അവസ്ഥ അധര്‍മ്മം തന്നെ. വിശന്നു വലഞ്ഞ് ആഹാരം ചോദിച്ചെത്തുന്നവന് യഥാര്‍ത്ഥത്തില്‍ വിശപ്പുണ്ടോ എന്ന് അറിഞ്ഞതിനുശേഷം മാത്രമേ താന്‍ ആഹാരം നല്കൂ എന്നു കരുതുന്നവന് ഫലത്തില്‍ ആര്‍ക്കും ആഹാരം നല്‌കേണ്ടി വരില്ല. വിശന്നുവരുന്ന ഒരാള്‍ക്കും ആഹാരം നല്‌കേണ്ട എന്നു തീരുമാനിക്കുന്നവര്‍ക്ക് തീര്‍ച്ചയായും അതൊരു ന്യായീകരണമായി ഉപയോഗിക്കാമെങ്കിലും അത് ഒരിക്കലും ശരിയല്ല എന്ന കാര്യവും മറക്കരുത്.

അതുകൊണ്ട് ധര്‍മ്മനിഷ്ഠനായ രാമന്‍ തന്നെ ആശ്രയിക്കുന്ന ആര്‍ക്കും അഭയം നല്‍കും. അതിന്റെ ലാഭനഷ്ടങ്ങള്‍ കണക്കാക്കാറുമില്ല. കേവല ധര്‍മ്മത്തെ ആസ്പദമാക്കി കര്‍മ്മം ചെയ്യുന്ന ഋഷി തുല്യനായ ഒരാള്‍ക്ക് വ്യക്തിപരമായ ലാഭനഷ്ടങ്ങളല്ല പരിഗണനാവിഷയം. രാജ്യത്യാഗത്തില്‍ കാണിച്ച ധര്‍മ്മനിഷ്ഠ തന്നെയാണ് വളരെ സുപ്രധാനമായ ഒരു കര്‍മ്മസന്നിധിയില്‍ വിഭീഷണന് അഭയം നല്കുന്നതിലൂടെ രാമന്‍ നിര്‍വ്വഹിച്ചത്. ലങ്കയേയും ബന്ധുമിത്രാദികളെയും വെടിഞ്ഞ് താന്‍ രാമനെ അഭയം പ്രാപിക്കുന്നു എന്നു വിഭീഷണനും രാവണനെ വധിച്ച് വിഭീഷണനെ ലങ്കയുടെ രാജാവാക്കുമെന്ന് രാമനും പറഞ്ഞു. രാമരാവണ യുദ്ധത്തില്‍ യഥാശക്തി താന്‍ രാമനെ സഹായിക്കാമെന്നും വിഭീഷണന്‍ പ്രതിജ്ഞ ചെയ്തു. അതിനെ തുടര്‍ന്നാണ് രാമന്‍ വിഭീഷണനെ ലങ്കയുടെ രാജാവായി അഭിഷേകം ചെയ്തത്. രാമസേനയുടെ ആത്മവിശ്വാസ വര്‍ദ്ധനയ്ക്ക് വിഭീഷണന്റെ ചേരിമാറ്റം ഉത്തേജകമായി എന്നതും സത്യം.

Comments are closed.