DCBOOKS
Malayalam News Literature Website

‘വിഭീഷണാ കടക്കു പുറത്ത്’

കടലിനക്കരെ വാനരസൈന്യം നിറഞ്ഞുനില്ക്കുന്നത് രാവണനറിഞ്ഞു. ലങ്കയില്‍ കടല്‍ കടന്നുവന്ന് മാരുതി ചെയ്ത രാക്ഷസദ്രോഹങ്ങള്‍ അപമാനകരമാണെന്നും രാവണന്‍ കരുതി. ഈ പശ്ചാത്തലത്തിലാണ് രാവണന്‍ രാജസഭ വിളിച്ചു ചേര്‍ത്തതും തുടര്‍കാര്യങ്ങള്‍ ആലോചിച്ചതും. ഈ സംഭവവികാസങ്ങളിലേക്ക് നയിച്ച കാര്യങ്ങള്‍ രാവണന്‍ ഇങ്ങനെ സംക്ഷേപിച്ചു; രാമപത്‌നിയായ സീതയെ താന്‍ കട്ടുകൊണ്ടുവന്നു. അവള്‍ തനിക്ക് വഴങ്ങുന്നില്ല. മയന്‍ മായയാല്‍ നിര്‍മ്മിച്ചതുപോലെ അപാരസൗന്ദര്യമാണവള്‍ക്ക്. അവള്‍ ഭര്‍ത്തൃമതിയായി ഭര്‍ത്താവിനെ ധ്യാനിച്ചിരിക്കുന്നു. അഗ്നിജ്വാല പോലെ അവള്‍ വിശുദ്ധയാണ്. രാമന് സീതയെ തിരികെ നല്കാനാവില്ല. രാമലക്ഷ്മണന്മാരെ കൊല്ലണം. അതിനുള്ള മാര്‍ഗ്ഗമെന്തെന്ന് ആലോചനാപൂര്‍വ്വം പറയുന്നതിനും അറിയുന്നതിനും വേണ്ടിയാണ് സഭ വിളിച്ചുചേര്‍ത്തത്.

ആറുമാസത്തെ ഉറക്കം കഴിഞ്ഞ് കുംഭകര്‍ണ്ണന്‍ ഉണര്‍ന്ന സമയമായിരുന്നു. അതുകൊണ്ട് കുംഭകര്‍ണ്ണനും സഭയില്‍ പങ്കെടുത്തിരുന്നു. സീതാപഹരണത്തിന് മുന്‍പ് തങ്ങളോട് ആലോചിക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്യാതിരുന്നത് ശരിയായില്ല. രാജാവിനും എന്തും ചെയ്യാനാകില്ലല്ലോ. എന്നാലും രാമലക്ഷ്മണന്മാരെ താന്‍ തന്നെ നിഗ്രഹിച്ചോളാം എന്നു കുംഭകര്‍ണ്ണന്‍ ഉറപ്പു നല്‍കി. തുടര്‍ന്നു സംസാരിച്ച മഹാപാര്‍ശ്വന്റെ വാക്കുകള്‍ രാവണന് സുഖകരമായിരുന്നു. സീത രാവണന്റെ അധീനതയിലായിരുന്നതുകൊണ്ട് രാവണന്‍ സീതയെ ആദ്യം അനുഭവിക്കുന്നതാണ് ഉചിതം. ബാക്കി എന്തു വന്നാലും തങ്ങള്‍ നോക്കിക്കൊള്ളാമെന്ന ഉറപ്പും നല്കി. ഇക്കാര്യം താന്‍ തന്നെ ആലോചിച്ചതാണെന്നും എന്നാല്‍ ബ്രഹ്മശാപം മൂലം ബലാല്‍സംഗം ചെയ്താല്‍ തന്റെ തല പൊട്ടിത്തെറിക്കുമെന്നും രാവണന്‍ മഹാപാര്‍ശ്വനോട് പറഞ്ഞു. പുഞ്ജികസ്ഥല എന്ന സ്ത്രീയെ രാവണന്‍ ബലാല്‍സംഗം ചെയ്തപ്പോള്‍ ബ്രഹ്മാവ് സ്വന്തം നിലയ്ക്ക് രാവണനെ ശപിക്കുകയായിരുന്നു. അന്നുമുതലാണ് രാക്ഷസന്മാര്‍ക്ക് വിഹിതമായ കര്‍മ്മം എന്നു രാവണന്‍ വിശ്വസിച്ചിരുന്ന ബലാല്‍സംഗത്തില്‍ നിന്നും രാവണന്‍ ഒഴിഞ്ഞുമാറിയത്. രാവണന്‍ മാന്യനായതുകൊണ്ടല്ല ജീവഹാനി ഭയന്നാണ് സീതയെ ബലാല്‍സംഗം ചെയ്യാതിരുന്നത്. ജീവഹാനി ഭയന്ന് ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്യാതിരിക്കുന്നത് ഒരുവന്റേയും യോഗ്യതായി കരുതാനുമാകില്ല.

തന്റെ ശക്തി മഹാസാഗരം പോലെ അപാരമാണെന്നും മനുഷ്യരായ രാമലക്ഷ്മണന്മാരെ തനിക്ക് വധിക്കാന്‍ കഴിയുമെന്നും രാമലക്ഷ്മണന്മാര്‍ വധിക്കപ്പെട്ട കാര്യമറിഞ്ഞാല്‍ സീതയുടെ മനം മാറുമെന്നും രാവണന്‍ ആഗ്രഹിച്ചിരുന്നു. എന്നിട്ടും വഴങ്ങിയില്ലെങ്കില്‍ സീതയെ വധിക്കാമെന്നും രാവണന്‍ നിശ്ചയിച്ചിരുന്നു. വിഭീഷണന്‍ സ്‌നേഹാദരപൂര്‍വ്വം രാവണനെ അതില്‍നിന്നും വിലക്കി. രാമലക്ഷ്മണന്മാരെ യുദ്ധത്തില്‍ ജയിക്കുക എന്നത് പ്രയാസമാണ്. സീതയെ രാമന് നല്കി പ്രശ്‌നം അവസാനിപ്പിക്കുകയാണ് രാക്ഷസവംശത്തിനും രാവണനും നല്ലത്. അപ്പോള്‍, സംഭാഷണത്തില്‍ ഇടപെട്ടുകൊണ്ട്, രാമന്‍ ഒരു ശത്രുവേ അല്ലെന്നും രാവണന് നിഷ്പ്രയാസം തോല്പിക്കാന്‍ കഴിയുമെന്നും പ്രഹസ്തന്‍ പറഞ്ഞു. വിഭീഷണനെ ഭയം ഗ്രസിച്ചിരിക്കുന്നു. അതുകൊണ്ടാണ് അവ്വിധം പറയുന്നത്. രാവണന്റെ വീരസാഹങ്ങള്‍ ഒന്നൊന്നായി എടുത്തുപറഞ്ഞ് രാമലക്ഷ്മണന്മാരെ അനായാസം വധിക്കാന്‍ കഴിയുമെന്ന് ഇന്ദ്രജിത്തും പറഞ്ഞു. രാവണന് സന്തോഷമായി.

ഈ ഘട്ടത്തില്‍ രാമന്‍ മൂലം രാവണന് നാശമുണ്ടാകുമെന്ന് ആവര്‍ത്തിച്ച വിഭീഷണന്‍ മറ്റൊന്നുകൂടി പറഞ്ഞു. രാവണന്‍ തന്റെ മൂത്ത സഹോദരനാണ്. എന്നാല്‍ ധര്‍മ്മിഷ്ഠനല്ല. രാജാവിന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ രാജ്യത്തിന്റെ താല്പര്യമായി കരുതരുത് എന്നതാണ് അടിസ്ഥാന രാജധര്‍മ്മവ്യവസ്ഥ. കാരണം രാജാവ് രാജ്യത്തിന്റെ വിധാതാവാണെങ്കിലും രാജാവല്ല രാജ്യം. ലങ്കാ മഹാരാജ്യത്തിനു വേണ്ടിയല്ല രാവണന്‍ സീതയെ അപഹരിച്ചത്. തന്നില്‍ സദാ നിലനിന്നിരുന്ന കാമവെറി മൂലമാണ് ആ ഹീന കൃത്യം ചെയ്തത്. രാജാവിന്റെ വ്യക്തിപരമായ കാമലഹരിയുടെ സംതൃപ്തി രാജ്യതാല്പര്യത്തിന്റെ ഭാഗമല്ല. രാജ്യതാല്പര്യത്തെ മുന്‍നിര്‍ത്തി എടുക്കേണ്ട തീരുമാനമായിരുന്നു എങ്കില്‍ അക്കാര്യം രാജസഭയില്‍ ചര്‍ച്ച ചെയ്യണമായിരുന്നു. വേറൊരുവന്റെ ഭാര്യയെ മോഷ്ടിച്ചെടുക്കേണ്ടത് ലങ്കാമഹാരാജ്യത്തിന്റെ ഉത്തമ താല്പര്യത്തിന് അനുപേക്ഷണീയമാണെന്നു സമര്‍ത്ഥിക്കാന്‍ രാവണനു പോലും കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് തങ്ങളോട് ആദ്യമേ ആലോചിക്കണമായിരുന്നു എന്ന കുംഭകര്‍ണ്ണന്റെ നിലപാട് പ്രസക്തമാകുന്നത്. എന്നാല്‍ രാവണന്‍ അതിനൊന്നും മിനക്കെട്ടില്ല.

പക്ഷേ, രാവണന്‍ തന്റെ വ്യക്തിതാല്പര്യങ്ങള്‍ രാജ്യതാല്പര്യങ്ങളാണ് എന്നാണ് കരുതിയിരുന്നത്. അതുകൊണ്ട്, രാവണന്‍ തന്റെ അടങ്ങാത്ത കാമസാഫല്യത്തിനായി നടത്തിയ പേക്കൂത്തുകളെല്ലാം ലങ്കാമഹാരാജ്യത്തിന്റെ ശ്രേയസ്സിനായി നടത്തിയതാണെന്ന് സഭാവാസികളെക്കൊണ്ട് പറയിപ്പിക്കാന്‍ രാവണന്‍ ശ്രമിച്ചിരുന്നു. അതില്‍ രാവണന്‍ വിജയിക്കുകയും ചെയ്തു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന ചൊല്ല് പ്രസക്തമാകുന്നതും ഈ പശ്ചാത്തലത്തിലാണ്. എത്ര ലളിതമായിട്ടാണ് മഹാപാര്‍ശ്വന്‍ പ്രശ്‌നപരിഹാരം പറയുന്നത് എന്നു നോക്കുക. ആദ്യമേ സീതയെ ബലാല്‍സംഗം ചെയ്യുക. അതിന് പ്രയാസവുമില്ല. കാരണം, സീത അപ്പോള്‍ രാവണന്റെ അധീനതയിലാണ്. രാവണന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ രാവണനിശ്ചയ പ്രകാരം സീത വധിക്കപ്പെടുകയും ചെയ്യും. പരദാരത്തെ മോഷ്ടിച്ചെടുക്കാനും, മോഷ്ടിക്കപ്പെട്ട സ്ത്രീയ ബലാല്‍സംഗം ചെയ്യാനും ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ അവളെ കൊല്ലാനും ഒരു രാജാവിന് ഉപദേശം നല്കുന്ന മന്ത്രിമാരും ഉപദേശകരും രാജാവിന്റെ മാത്രമല്ല, രാജ്യത്തിന്റേയും ശത്രുക്കളാണ്. കാമാന്ധനായ രാവണന് ഇക്കാര്യം പക്ഷേ തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. രാജാവ് എന്താണോ ആഗ്രഹിക്കുന്നത് ആ ആഗ്രഹത്തിനൊത്ത് ശരി തെറ്റുകള്‍ നോക്കാതെ ചിന്തിക്കുന്നതും പറയുന്നതുമാണ് ശരി എന്നു കരുതി ഉപദേശം നല്കുന്നവരാണ് ഏത് ഭരണാധികാരിയേയും കഷ്ടകാലത്തിലെത്തിക്കുന്ന ഇഷ്ടം പറയുന്ന ബന്ധുക്കള്‍. അവര്‍ സത്യം പറയുന്ന ശത്രുവിനെക്കാള്‍ അപകടകാരികളാണ്.

തന്റെ ഇഷ്ടത്തെ മാറ്റിവെച്ചുകൊണ്ട് ജനഹിതത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവനാണ് ധര്‍മ്മനിഷ്ഠനായ രാജാവ്. ഇഷ്ടവും ഹിതവും രണ്ടു കാര്യങ്ങളാണ്. പ്രേയസ്സുണ്ടാകുന്നതാണ് ഇഷ്ടം. ശ്രേയസ്സു നല്കുന്നതാണ് ഹിതം. പ്രേയസ്സ് എന്നാല്‍ ഇന്ദ്രിയങ്ങളും മനസ്സും പ്രദാനം ചെയ്യുന്ന സുഖദുഃഖങ്ങള്‍ എന്നാണര്‍ത്ഥം. ഒരുവന്‍ തന്റെ മുഴുവന്‍ കര്‍മ്മശേഷിയേയും ഇഷ്ടാനിഷ്ടപ്രേരണയാല്‍ അവനവന്റെ കാമപൂരണത്തിനായി വിനിയോഗിക്കുന്നതാണ് പ്രേയസ്‌കരമായ ജീവിതം. തന്റെ മുഴുവന്‍ കര്‍മ്മശേഷിയും പ്രപഞ്ചത്തിലെ പ്രതിഭാസ ജാലങ്ങള്‍ക്ക് എല്ലാം സുഖം പകരണം എന്ന ലക്ഷ്യത്തോടെ സമര്‍പ്പിക്കുന്നതാണ് ശ്രേയസ്‌കരമായ കര്‍മ്മം. പ്രേയസ്സ് ഒരു വ്യക്തിയുടെ മാത്രം സുഖത്തെയാണ് പ്രദാനം ചെയ്യുന്നത്. തന്റെ മാത്രം സുഖത്തിനുവേണ്ടി ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും വിധേയനായി പ്രവര്‍ത്തിക്കുന്നവന്‍ പ്രേയസ്സിനുവേണ്ടി നിലകൊള്ളുന്നു. സീതയെ കാമിക്കുക എന്നത് ലങ്കയുടെ ആവശ്യമായിരുന്നില്ല. രാവണന്റെ വ്യക്തിപരമായ ഇഷ്ടത്തിന്റെ പൂര്‍ത്തീകരണം മാത്രമായിരുന്നു. രാജാവിന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെ രാജ്യത്തിന്റെ ഇഷ്ടാനിഷ്ടങ്ങളായി വ്യാഖ്യാനിക്കുന്നത് അധര്‍മ്മമാണ്. രാജാവായ രാവണന്‍ ഈ അധര്‍മ്മം ചെയ്യുന്നു എന്നതുകൊണ്ടാണ് രാവണനോട് അദ്ദേഹം മൂത്ത സഹോദരനാണെന്നും എന്നാല്‍ ധര്‍മ്മനിഷ്ഠനല്ല എന്നും പറഞ്ഞത്.

സ്വാഭാവികമായും അതികാമിയായ രാവണന് വിഭീഷണന്റെ ഹിതോപദേശം അസ്വീകാര്യമായിരുന്നു. രാവണന്‍ വിഷം കലര്‍ന്ന ആഹാരം പോലെ വിഭീഷണന്റെ വാക്കുകളെ തിരസ്‌കരിച്ചു. മാത്രമല്ല, മറ്റാരെങ്കിലുമായിരുന്നു അവ്വിധം പറഞ്ഞിരുന്നതെങ്കില്‍ തല കാണുമായിരുന്നില്ല എന്ന് രാവണന്‍ നേരെ തന്നെ പറഞ്ഞു. മാത്രമല്ല, ലങ്കയില്‍ നിന്നും പരുഷ വാക്കുകളോടെ പുറത്താക്കുയും ചെയ്തു. ശത്രു എന്ന വാക്കിന് രാവണന്‍ നല്കിയിരുന്ന നിര്‍വ്വചനം തന്റെ ഇഷ്ടത്തിനൊപ്പം നില്ക്കാത്തവര്‍ എന്നാണ്. സഹോദരന്‍ എന്ന ഔദാര്യം കൊണ്ടാണ് വെട്ടികൊല്ലാതിരുന്നത്. വിയോജിക്കുന്നവരെല്ലാം ശത്രുക്കളാണെന്നു കരുതുന്ന മനോവൈകല്യം രാവണനുണ്ടായിരുന്നു. ശത്രു വധ്യനാണെന്നും രാവണന്‍ കരുതിയിരുന്നു. അതുകൊണ്ടാണല്ലോ തന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ സീതയെ കൊന്നുതിന്നുമെന്ന് രാവണന്‍ വധിച്ചത്. രാവണന്റെ കഴിവും വീര്യവും ഉപയോഗിച്ചത് രാവണനു വേണ്ടി മാത്രമായിരുന്നു. അപ്പോള്‍, രാവണന്റെ കരുത്തിന്റെ ഗുണഭോക്താക്കളായിരുന്നല്ലോ രാക്ഷസവംശം എന്ന ചോദ്യം സ്വാഭാവികം. രാവണന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന രാക്ഷസവംശജരെ മാത്രമെ അദ്ദേഹം സംരക്ഷിക്കുകയുള്ളൂ. പരദാരാപഹരണം ശ്രേയസ്‌കരമല്ല എന്നു മാത്രമല്ല അത് രാക്ഷസവംശത്തെ പാടെ നശിപ്പിക്കുമെന്നും പറഞ്ഞു എന്നതാണ് വിഭീഷണന്റെ കുറ്റം. ഏത് തെറ്റിലും തന്നോടൊപ്പം നിന്ന് തെറ്റിന് സാധൂകരണം നല്കുന്നവന്‍ മിത്രം. തെറ്റ് തിരുത്തണമെന്നു പറയുന്നവന്‍ ശത്രു. ഈ നിലപാട് അധര്‍മ്മമാണ്. രാവണന്‍ ഈ നിലപാട് സ്വീകരിച്ചതുകൊണ്ടാണ് രാവണന്‍ ധര്‍മ്മനിഷ്ഠനല്ല എന്നു വിഭീഷണന്‍ പറഞ്ഞത്. മഹാസമുദ്രത്തെപോലെ അപാരമായ ശക്തി രാവണനുണ്ട് എന്നു രാവണന്‍ പറയുന്നത് ശരിയാണ്. എന്നാല്‍ ആ ശക്തി മുഴുവന്‍ തന്റെ കാമപൂരണത്തിന് മാത്രമായി രാവണന്‍ വിനിയോഗിക്കുകയും ചെയ്തു. ഒരുവന്‍ അവന്റെ കര്‍മ്മശേഷിയെ മുഴുവന്‍ അവന്റെ കാമപൂരണത്തിന് മാത്രമായി വിനിയോഗിക്കുന്നത് അധര്‍മ്മാണ്. അതുകൊണ്ടാണ് രാവണന്‍ ധര്‍മ്മശാലിയല്ലെന്ന് വിഭീഷണന്‍ പറഞ്ഞത്.

Comments are closed.