DCBOOKS
Malayalam News Literature Website

ഹനുമാന്റെ ഭാഷാശുദ്ധി; രാമായണത്തിന്റെയും

സന്യാസവേഷത്തിലാണ് ഹനുമാന്‍ രാമലക്ഷ്മണന്മാരെ കാണാനെത്തുന്നത്. ഋശ്യമൂകാചലത്തില്‍ നടന്ന ഈ കൂടിക്കാഴ്ചയില്‍ സ്വന്തം രൂപം മറച്ചുവെക്കാനും കാരണമുണ്ട്. ബാലിയെ പേടിച്ചാണ് ബാലികേറാമലയായ ഋശ്യമൂകാചലത്തെ സുഗ്രീവനും നാല് അമാത്യന്മാരും അഭയം പ്രാപിച്ചത്. പകതീരാത്ത മനസ്സുണ്ടായിരുന്ന ബാലി, പലരെ പല വേഷത്തില്‍ പറഞ്ഞുവിട്ട് സുഗ്രീവനെ വധിക്കാനായി ശ്രമിച്ചുകൊണ്ടിരുന്നു. ബാലി അയച്ച ചാരന്മാരാണോ രാമലക്ഷ്മണന്മാര്‍ എന്ന സംശയം ഉണ്ടായിരുന്നതുകൊണ്ടാണ് ആ വേഷം താന്‍ സ്വീകരിച്ചതെന്ന് ഹനുമാന്‍ തന്നെ രാമലക്ഷ്മണന്മാരോട് വിശദീകരിക്കുകയും ചെയ്തു.

ഹനുമാന്‍ രാമനെ ആകര്‍ഷിക്കുന്നത് ഭാഷാശുദ്ധികൊണ്ടാണ്. വാളോങ്ങി എത്തുന്ന വൈരിയെപ്പോലും സന്തുഷ്ടനാക്കുന്ന ഭാഷാശുദ്ധി എന്നാണ് ശ്രീരാമന്‍ അതിനെ വിശേഷിപ്പിച്ചത്. നാലുവേദങ്ങളും ഹൃദിസ്ഥമാക്കിയവന്റെ ഭാവശുദ്ധിയുണ്ടായിരുന്നു ആ ഭാഷാ പ്രയോഗങ്ങള്‍ക്ക്. ഒരൊറ്റ അപശബ്ദം പോലും ഇല്ലാത്തവിധം വ്യാകരണശുദ്ധിയുണ്ടായിരുന്നു. സുസ്പഷ്ടമായ ഉച്ചാരണം. മുഖാവയവങ്ങള്‍ കൊണ്ട് ഗോഷ്ടികള്‍ കാണിക്കാതെ സംസാരിച്ചു. വശ്യമായ ഭാഷാപ്രയോഗത്തിലൂടെ ഹനുമാന്‍ ശ്രീരാമഹൃദയത്തിലാണ് സ്ഥാനം ഉറപ്പിച്ചത്. ഹനുമാനും ശ്രീരാമനും തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്റെ തുടക്കം അങ്ങനെയായിരുന്നു. ദേവനും ഭക്തനും തമ്മില്‍ ഇതുപോലൊരു ബന്ധം സങ്കല്പിക്കാന്‍ പോലുമാകില്ല.

ഉപനിഷദ് ഋഷികള്‍ പ്രാര്‍ത്ഥിച്ചിരുന്നത് ‘അവതു വക്താരം’ എന്നാണ്. വാക്ക് വക്താവിനെ രക്ഷിക്കണമെന്നു സാരം. ഒരുവന്‍ പറയുന്ന ഭാഷ അവന് രക്ഷാകവചം തീര്‍ക്കണം. അത്തരമൊരു രക്ഷാകവചമാണ് ഹനുമാന്‍ പറയുന്ന വാക്കുകള്‍ തീര്‍ക്കുന്നത് എന്നതുകൊണ്ടാണ് വാളോങ്ങിയെത്തുന്ന വൈരിയെപ്പോലും സന്തുഷ്ടനാക്കുന്ന ഭാഷ എന്ന് രാമന്‍ ഹനുമാന്റെ ഭാഷയെ വിശേഷിപ്പിക്കുന്നത്. ഹനുമാന്‍ സത്യം മാത്രം പറയുന്നവനാണ് എന്ന് അവകാശപ്പെടുന്നുണ്ട്. അശോകവനിയിലെത്തി രാമസന്ദേശം സീതയെ അറിയിക്കുമ്പോള്‍ ഭയചകിതയായ സീത ഹനുമാനെ സംശയിച്ചു. സംശയം സ്വാഭാവികമാണ്. രാക്ഷസര്‍ മായാവിദ്യ അറിയുന്നവരാണ്. രാവണനാണെങ്കില്‍ ഇക്കാര്യങ്ങളിലെല്ലാം ചതുരനുമാണ്. അതുകൊണ്ട് രാവണന്‍ മായാവിദ്യകൊണ്ട് തന്നെ മോഹിപ്പിക്കുകയാണെന്നാണ് ഹനുമാനെ കണ്ടപ്പോള്‍ സീതയ്ക്ക് തോന്നിയത്. അപ്പോഴാണ് അസത്യം എന്ത് എന്ന് തനിക്കറിയില്ല. പൊളിവചനം താന്‍ അന്നുവരെ പറഞ്ഞിട്ടില്ല എന്നും ഹനുമാന്‍ പറഞ്ഞത്.

മനഃശുദ്ധി, കര്‍മ്മശുദ്ധി, ഹൃദയശുദ്ധി, ആത്മശുദ്ധി എന്നിവയെല്ലാം ഉള്ളവന് മാത്രമേ ഭാഷാശുദ്ധി കൈവരിക്കാനാകൂ. ശുദ്ധമായ നേര്‍ഭാഷ ഉപയോഗിക്കാനുള്ള കഴിവ് അസാമാന്യമായ ജീവിത ശുദ്ധി പ്രദാനം ചെയ്യുന്നതാണ്. ഹനുമാന്‍ ഋജുവായ ഭാഷയാണ് ഉപയോഗിച്ചത് എന്നു രാമന്‍ നിരീക്ഷിക്കുന്നുണ്ട്. വക്താവിന് ഒന്നും മറച്ചും വെക്കാനില്ലാതെ വരുമ്പോഴാണ് ഭാഷ നേര്‍വഴിയില്‍ നീങ്ങുന്നത്. ഭാഷ കലുഷിതവും അവ്യക്തവും ആകുക എന്നാല്‍ ജീവിതവും അപ്രകാരം തന്നെ ആയിരിക്കും എന്നാണര്‍ത്ഥം. സുതാര്യവും സുവ്യക്തവുമായ ജീവിതം നയിക്കുന്ന ഒരുവന്റെ ഭാഷ അതാര്യവും അവ്യക്തവും ആകില്ല; തീര്‍ച്ച.

സത്യവും അസത്യവും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാതെ വരുമ്പോഴാണ് ജീവിതം കലുഷിതമാകുന്നത്. കാലുഷ്യം കലരുന്ന ജീവിതം നയിക്കുന്ന ഒരുവന് ചെയ്യേണ്ടതും ചെയ്യരുതാത്തതും തിരിച്ചറിയാന്‍ കഴിയില്ല. അത്തരം ഒരു അവസ്ഥയില്‍ മനസ്സില്‍ വ്യക്തതയുണ്ടാകില്ല. അവ്യക്തമായ മനസ്സോടെ ചെയ്യുന്ന കര്‍മ്മവും സുതാര്യമാകില്ല. സുതാര്യമല്ലാത്ത കര്‍മ്മം അവ്യക്തവും അപൂര്‍ണ്ണവും ആയിരിക്കും. അത്തരം കര്‍മ്മങ്ങള്‍ അസംതൃപ്തിയായിരിക്കും ഏതൊരുവനും പ്രദാനം ചെയ്യുന്നത്. അസംതൃപ്തന്റെ ജീവിതംപോലെ ഭാഷയും അവ്യക്തമാകും. അവ്യക്തമായ ഭാഷ അനുഭവവിനിമയം അസാദ്ധ്യമാക്കും. സ്വാഭാവികമായും പറയുന്നവന്‍ ഒന്നും കേള്‍ക്കുന്നവന്‍ മറ്റൊന്നുമാകും ധരിക്കുക. അതുകൊണ്ട് സത്യാസത്യങ്ങള്‍ ഇടകലര്‍ന്ന ഭാഷ, ഭാഷയുടെ ഉപയോഗത്തെ തന്നെ അപ്രസക്തമാക്കി മാറും.

അതുകൊണ്ട് ഭാഷ സുതാര്യമാകണമെങ്കില്‍ ഭാഷ സത്യത്തിന്റെ പ്രകാശിതഭാവമായി മാറണം. സത്യപ്രകാശമായ ഭാഷയാണ് ഭാഷാപ്രയോഗത്തില്‍ മിതത്വം ഉണ്ടാക്കുന്നത്. ഭാഷ സാരവത്തായി തീരണമെങ്കില്‍ ഒരുമാത്ര പോലും അധികവും കുറവും ഉണ്ടാകരുത്. ഭാഷയില്‍ ഒരു മാത്രയാണെങ്കില്‍ അതുപോലും അധികമുണ്ടാകുന്നതും കുറവുണ്ടാകുന്നതും അപശബ്ദമാണ്. ഹനുമാന്റെ ഭാഷയില്‍ അപശബ്ദമില്ല എന്നാണ് രാമന്‍ നിരീക്ഷിച്ചത്. അപശബ്ദം എന്നാല്‍ അസാധുവായ വാക്ക് എന്നും അര്‍ത്ഥമുണ്ട്. സത്യത്തിന്റെ, വസ്തുതകളുടെ, അനുഭവത്തിന്റെ പിന്‍ബലമില്ലാതായാല്‍ വാക്ക് അസാധുവാകും. സത്യം, വസ്തുത, അനുഭവം, ഇവയോട് ഒത്തുപോകാത്ത വാക്ക് കളവായിരിക്കും. അത്തരം വാക്കുകള്‍ ഭാഷാപ്രയോഗത്തില്‍ അവ്യക്തത വരുത്തും. അനുഭവത്തെ സുവ്യക്തമാക്കാന്‍ അലങ്കാരങ്ങള്‍ ഉപയോഗിക്കാമെന്നല്ലാതെ അലങ്കാര പ്രയോഗവൈഭവം കാണിക്കാന്‍ അലങ്കാരങ്ങള്‍ ഭാഷയില്‍ ഉപയോഗിക്കുന്നത് സത്യം മറച്ചു വെക്കുന്നതുപോലെ കുറ്റകരമാണ്.

വാക്കില്‍ മിതത്വമുണ്ടായിരുന്ന വാഗ്മിയായിരുന്നു ഹനുമാന്‍. വിവേകശക്തിയാണ് ജീവിതത്തിലാദ്യം ഭാഷയിലായാലും മിതത്വം പ്രദാനം ചെയ്യുന്നത്. വേണ്ടതും വേണ്ടാത്തതും തിരിച്ചറിയുന്നതാണ് വിവേകം. സത്യവും അസത്യവും തിരിച്ചറിയുന്നതും വിവേകശക്തി കൊണ്ടാണ്. സത്യാസത്യങ്ങളെ തിരിച്ചറിയുകയും സത്യത്തെ കൈക്കൊള്ളുകയും അസത്യത്തെ വര്‍ജ്ജിക്കുകയും ചെയ്യുക എന്നതാണ് സുതാര്യമായ ജീവിതലക്ഷണം. സത്യത്തിന്റെ നിത്യസാക്ഷ്യമായ ജീവിതമാണ് സുതാര്യമായ ജീവിതം. അതായത്, സത്യസാക്ഷാത്കൃതമായ ജീവിതമാണ് സുതാര്യജീവിതമെന്നു സാരം. സത്യത്തെ അനുഭവിച്ചവന്‍ അസത്യത്തെ ഭാഷയില്‍ ആവിഷ്‌കരിക്കുമ്പോഴാണ് ഭാഷ സുതാര്യമാകുന്നത്. ഒരുവന്‍ അനുഭവിച്ചു ബോദ്ധ്യമായ സത്യം. അത് എത്രയ്ക്ക് തുച്ഛമായാലും ആ സത്യം ആവിഷ്‌കരിക്കപ്പെടുമ്പോഴാണ് ഭാഷ ശുദ്ധമായിത്തീരുന്നത്. അനുഭവിച്ച് ബോദ്ധ്യമാകാത്ത കാര്യം ഭാഷയില്‍ ആവിഷ്‌കരിക്കുന്നത് കള്ളസാക്ഷ്യം പറയുന്നതുപോലെ കുറ്റകരമാണ്. പക്ഷേ, എഴുത്തില്‍ കള്ളസാക്ഷ്യം പറയുന്നവരെ ശിക്ഷിക്കാന്‍ നിയമമില്ല എന്നതും നേരുതന്നെ.

ഹനുമാന്റെ ഭാഷ ശുദ്ധമാണ് എന്നു രാമന്‍ നിരീക്ഷിച്ചപ്പോള്‍ ശ്രീരാമന്‍ യഥാര്‍ത്ഥത്തില്‍ സാക്ഷ്യപ്പെടുത്തുന്നത് ഹനുമാന്റെ ജീവിതവിശുദ്ധി തന്നെയാണ്. സംശുദ്ധമായ ജീവിതം എന്നാല്‍ സത്യസാക്ഷാത്കൃതമായ ജീവിതം എന്നു സാരം. സത്യനിഷ്ഠമായ ജീവിതത്തിന് മാത്രമെ വിശ്വാസ്യതയുള്ളു. ഏതെങ്കിലും ഒരാള്‍ സത്യമേ പറയില്ല എന്നാണ് ബോദ്ധ്യമെങ്കില്‍ അയാള്‍ അവിശ്വസ്തനായിരിക്കും. അയാള്‍ പറയുന്നതും ചെയ്യുന്നതും ഒരാളും വിശ്വസിക്കുകയില്ല. ഒരു സമൂഹത്തിലെ ഒരാളും സത്യം പറയില്ല എന്നാണ് അവസ്ഥയെങ്കില്‍ ആ സമൂഹത്തില്‍ ഒരു മനുഷ്യനും ജീവിക്കാനാകില്ല. കാരണം, കുടിവെള്ളം എന്നു പറഞ്ഞ് ഒരുവന്‍ നല്കുന്നത് വിഷവെള്ളമല്ല എന്നതിന് ഒരുറപ്പും ഉണ്ടാകില്ല. ഇതുതന്നെയാണ് സത്യസാക്ഷ്യമല്ലാത്ത ഭാഷ ഉപയോഗിക്കുമ്പോഴും സംഭവിക്കുന്നത്. അസത്യഭാഷണം അവിശ്വസനീയമായിരിക്കും എന്നു മാത്രമല്ല, അസത്യഭാഷണം മാത്രം പറയുന്ന മനുഷ്യര്‍ ജീവിക്കുന്ന ഒരു സമൂഹത്തില്‍ ഭാഷാധര്‍മ്മം തന്നെ അപ്രസക്തമായിതീരും. അതുകൊണ്ട്, ഒരു സമൂഹത്തിന് ഭാഷാശുദ്ധിയുണ്ട് എന്നു പറഞ്ഞാല്‍ ആ സമൂഹത്തില്‍ ജീവിതം സുസാദ്ധ്യമാണ് എന്നുകൂടി അര്‍ത്ഥമുണ്ട്.

ശ്രീരാമന് ഹനുമാനില്‍ വിശ്വാസം വളര്‍ന്നത് അങ്ങനെയാണ്. അതുകൊണ്ട് സുഗ്രീവനെക്കുറിച്ചും ബാലിയെക്കുറിച്ചും ഹനുമാന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രീരാമന് വിശ്വസനീയമായി തോന്നുകയും ചെയ്തു. ഹനുമാന്റെ ചുമലിലേറി സുഗ്രീവ സന്നിധിയിലേക്ക് പോകാന്‍ ശ്രീരാമന്‍ തയ്യാറാകുന്നതും ഈ വിശ്വാസ്യത കൊണ്ടാണ്. ശ്രീരാമ-സുഗ്രീവ സഖ്യം ഉറപ്പിക്കുന്നതും ഹനുമാന്‍ തന്നെയാണ്. അഗ്നിയെ സാക്ഷിയാക്കി രാജ്യഭ്രഷ്ടരാക്കപ്പെട്ടവരും, ഭാര്യാപഹരണത്തിന് ഇരയാക്കപ്പെട്ടവരുമായ രണ്ട് പേര്‍ നശിക്കാത്ത സ്‌നേഹപാശത്താല്‍ ദൃഢബദ്ധരാകുന്നതും ഹനുമല്‍ സന്നിധിയില്‍ത്തന്നെ. ആദ്യരംഗത്ത് അവതരിക്കപ്പെടുമ്പോള്‍ തന്നെ നിറസാന്നിദ്ധ്യമായി തീരുന്ന രാമായണകഥാപാത്രവും ഹനുമാന്‍ തന്നെ. അതിനു കാരണമായത് രാമന്‍ പറയുന്നതുപോലെ സത്യത്തിന്റെ അഗ്നിസാക്ഷ്യമായ ഭാഷ തന്നെയാണ്. വാളെടുത്തുവരുന്ന വൈരിയെ പോലും നിരായുധനാക്കാന്‍ കഴിയുന്ന മഹിമ ഭാഷയ്ക്ക് ഉള്ളതുകൊണ്ടു കൂടിയാണ് വാല്മീകി രാമായണം ആദികാവ്യമായത്.

Comments are closed.