DCBOOKS
Malayalam News Literature Website

‘പ്രതിബന്ധങ്ങളെ എഴുത്ത് കൊണ്ട് നേരിടൂ, എസ്. ഹരീഷിന് സര്‍ക്കാരിന്റെ പിന്തുണ’; മുഖ്യമന്ത്രി

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സാഹിത്യകാരന്റെ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേര്‍ക്കുള്ള കടന്നാക്രമണങ്ങള്‍ അനുവദിക്കില്ല. നിര്‍ഭയമായ അന്തരീക്ഷത്തിലേ സര്‍ഗ്ഗാത്മകത പുലരൂ. അതിനെ ഞെരുക്കുന്ന ഒന്നിനോടും വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

മീശ നോവലിന്റെ രചയിതാവ് എസ്. ഹരീഷ് വിവാദങ്ങളില്‍ അസ്വസ്ഥ ചിത്തനാകരുത്. ശക്തമായും ധീരമായും എഴുത്തിന്റെ വഴിയില്‍ മുന്നോട്ടു പോവുക എന്നതാണ് വിവാദ സ്രഷ്ടാക്കള്‍ക്ക് അദ്ദേഹം നല്‍കേണ്ട ഉചിതമായ മറുപടി എന്നു കരുതുന്നു. എഴുത്ത് ഉപേക്ഷിക്കരുതെന്നും പ്രതിബന്ധങ്ങളെ എഴുത്തിന്റെ ശക്തി കൊണ്ടു മറികടക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരണം ആരംഭിച്ചിരുന്ന നോവല്‍, സ്ത്രീകളുടെ ക്ഷേത്രദര്‍ശനത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് ഹരീഷിനും കുടുംബത്തിനും നേരെയുണ്ടായ സൈബര്‍ അധിക്ഷേപങ്ങളെ തുടര്‍ന്നാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ദലിത് ജാതിജീവിതം ആവിഷ്‌ക്കരിക്കുന്ന നോവലാണ് മീശ.

Comments are closed.