ചീഡയും കാപ്പിയും പുസ്തകങ്ങളും

 

cheeda-1
മലയാളികളുടെ ‘സമയംകൊല്ലി’ നേരങ്ങളിലെ ഇഷ്ട വിഭവമാണ് ചീഡ. വൈകുന്നേരങ്ങളിലെ ചായ സമയത്തും , പാടത്തും ,പാറമ്പത്തും , സ്കൂളുകളിലും , ഓഫിസുകളിലും എന്നുവേണ്ട ചുമ്മാ സൊറ പറഞ്ഞിരിക്കാനും കൂട്ടിന് ചീഡയുണ്ടെങ്കിൽ ഒരു രസം വേറെയാണ്. കുറച്ചു പുസ്തകങ്ങളും ‘കറുമുറാ’ന്ന് കടിച്ചു കൊറിക്കാൻ കുറച്ചു ചീഡയുമുണ്ടെങ്കിൽ ഇരുന്ന ഇരുപ്പിൽ പൊക്കിക്കൊണ്ട് പോയാൽ പോലും അറിയില്ല. അത്രയ്ക്ക് രുചിയുള്ള ഒരു ചെറുകടിയാണ് ചീഡ.

ചീഡ പലരുടേയും ഇഷ്ട ഭക്ഷണമാണെങ്കിലും വീട്ടിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു ചെറുകടിയല്ല. കൂടുതലും ഓണം , വിഷുകാലങ്ങളിലാണ് കേരളത്തിലെ വീടുകളിൽ ചീഡയുടെ വരവും ചിലവും. ഓണത്തിന് വീട്ടിൽ ഉണ്ടാക്കുന്ന ചിപ്സിനും , ഉണ്ണിയപ്പത്തിനും ശർക്കര വരട്ടിക്കും കൂടെയാണ് തെക്കൻ കേരളക്കാർക്ക് പ്രിയങ്കരനായ ചീഡയും ഉണ്ടാക്കുന്നത്. മലബാർ മേഖലകളിലും അടുത്ത കാലത്തതായി ഈ വിഭവത്തിന്റെ രുചിയറിഞ്ഞു വരുന്നവരുണ്ട്.

cheeda-insidചീഡ

അരിപ്പൊടി : 2 കപ്പ്‌
ഉഴുന്നു പൊടി : 1ടേബിൾസ്പൂണ്‍
തേങ്ങ ചിരവിയത് : 2 ടേബിൾസ്പൂണ്‍
കുരുമുളക് : 1/2 ടീസ്പൂണ്‍
വെണ്ണ : 1/2 ടേബിൾസ്പൂണ്‍
ജീരകം : 1/2 ടീസ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

എണ്ണ വറുക്കാൻ ആവശ്യത്തിന്

 

ഇനി ചീഡ ഉണ്ടാക്കുന്നതെങ്ങിനെ എന്ന് നോക്കാം

തേങ്ങ ചിരവിയതും കുരുമുളകും ജീരകവും കൂടി അരക്കുക. വെള്ളം ചേർക്കാതെ കട്ടിയായി അരക്കണം, ഒരുപാടു അരയണമെന്നില്ല. അരിപ്പൊടി ഒരു പാനിൽ ഇട്ട് എണ്ണയില്ലാതെ വറുക്കുക, ഒരു രണ്ടു മൂന്നു മിനിട്ട് വറുക്കണം, നിറം മാറാൻ പാടില്ല. ഉഴുന്ന് ഒരു പാനിലിട്ടു നിറം മാറാതെ വറുത്ത് പൊടിച്ചെടുക്കുക. മാർക്കറ്റിൽ നിന്നു വാങ്ങിയാലും മതി

ഒരു പരന്ന പാത്രത്തിൽ ചലിച്ചു വെച്ച അരിപ്പൊടിയും ഉഴുന്നുപൊടിയും അരച്ചു വെച്ച തേങ്ങയും വെണ്ണയും ഉപ്പും ഇട്ട് കൈ കൊണ്ട് നന്നായി കലർത്തി ആവശ്യത്തിന് വെള്ളം ചേർത്ത് കുഴച്ചു വെക്കുക. അതിൽ നിന്നും കുറേശ്ശെ എടുത്തു ചെറിയ ഉരുളകളാക്കി ഒരു പാത്രത്തിൽ പരത്തിയിടുക. ഇതിലുള്ള ഈർപ്പം വലിയാനാണ് ഇങ്ങിനെ ചെയ്യുന്നത്. ഒരു പത്തു മിനിട്ടു കഴിഞ്ഞാൽ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കുറേശ്ശെ ഉരുളകൾ ചൂടായ എണ്ണയിലിട്ട് ഇളം ബ്രൌണ്‍ നിറത്തിൽ വറുത്തു കോരുക. ആറിയ ശേഷം ഒരു വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചു വെക്കാം.

Categories: COOKERY