ചതയം നക്ഷത്രത്തില്‍ ജനിച്ചാല്‍..

chathayam

നക്ഷത്രഗണനയില്‍ 24-ാമത്തെ നക്ഷത്രമാണ് ചതയം. വരുണന്‍ നക്ഷത്രദേവത. വട്ടത്തില്‍ 100 നക്ഷത്രങ്ങളുണ്ട്. മദ്ധ്യാകാശത്തില്‍ വരുമ്പോള്‍ എടവരാശിയില്‍ 4നാഴിക 9 വിനാഴിക ചെല്ലും. ഉദയം കുംഭത്തില്‍ 8-ാമത് ഭാഗത്തില്‍. പ്രചേതസ്സ്, ശതതാരകം, വരുണ പര്യായങ്ങള്‍ ഇവയെല്ലാം ചതയത്തിന്റെ പര്യായങ്ങളാണ്. ചതയം അസുരഗണവും, സ്ത്രീയോനിയുമാണ്. ആകാശം ഭൂതവും, സദാശിവന്‍ ദേവതയും പെണ്‍കുതിര മൃഗവുമാണ്. കടമ്പ് വൃക്ഷവും മയില്‍ പക്ഷിയുമാണ്. സംഹാരനക്ഷത്രഗണത്തില്‍ പെട്ടതാണ് ചതയം. ഊണ്‍ നാളാകയാല്‍ എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും കൊള്ളാം. പ്രതിഷ്ഠാകലശങ്ങള്‍ക്കു കൊള്ളില്ല. രഥം, വാഹനം, ജലവാഹനങ്ങള്‍ മുതലായവ ഉണ്ടാക്കാനും നൂതന വാഹന ഗജശ്വാദികളില്‍ കയറുവാനും വാസ്തുകര്‍മ്മത്തിനും യുദ്ധത്തിനും കൊള്ളാം. കുംഭരാശിയില്‍പ്പെട്ട ഈ നക്ഷത്രം കുംഭക്കൂറാണ്.

ഈ നക്ഷത്രത്തില്‍ ജനിച്ചാല്‍ നല്ല വാഗ്മിയും ധൂര്‍ത്തനും ആയിരിക്കും. വന്ദ്യതയും സത്ഗുണങ്ങളും ധനവും ഉള്ളവനും ശത്രുക്കളെ ജയിക്കുന്നവനും വിഷമപ്രകൃതിയുള്ളവനും പിശുക്കനും വിസ്താരമുള്ള കണ്ണുള്ളവനും വ്യസനനും സാഹസികത്വവും ഉള്ളവനും ആയിത്തീരും. ചതയക്കാര്‍ക്ക് അതിസാഹസികതയും രൂക്ഷഭാഷണവും, വിഷമപ്രകൃതവും ഉണ്ടായിരിക്കും. ശത്രുക്കളെ ജയിക്കും. ദു:ഖസ്വഭാവം എപ്പോഴും നിഴലിക്കും. എത്രയുണ്ടായാലും ഒന്നുമില്ലാത്തവനെപ്പോലെമാത്രമേ പെരുമാറുകയുള്ളൂ. പൊതുവേ സ്വതന്ത്രചിന്താഗതിയും അദ്ധ്വാനശീലവും ഉണ്ട്. എന്നാല്‍ പല കാര്യങ്ങളിലും വല്ലാതെ അലസത കാണിച്ചുകളയും. ആന്തരികമായി ധീരത ഒരുപാടുള്ളതിനാല്‍ ശത്രുക്കളെ പരാജയപ്പെടുത്താന്‍ സമര്‍ത്ഥരുമായിരിക്കും. ആത്മസംയമനശീലമുണ്ടെങ്കിലും ചിലപ്പോള്‍ പരുഷമായി സംസാരിക്കാനും മടിക്കില്ല. പലതും ഒളിച്ചുവെച്ചും ആവശ്യമുള്ളതുമാത്രം വെളിപ്പെടുത്തിയും പ്രവര്‍ത്തിക്കുമെന്നത് ഒരു പ്രത്യേകതയാണ്. എന്നാല്‍ ആര്‍ക്കും സംരക്ഷണം നല്‍കുവാനും തയ്യാറാകും. ജീവിതത്തിന്റെ ആദ്യകാലത്ത് പലവിധ ക്ലേശവും അനുഭവിക്കേണ്ടിവരും. ക്രമേണ അഭിവൃദ്ധി പ്രാപിക്കും. സ്വന്തം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി എന്ത് ത്യാഗവും സഹിക്കുവാന്‍ സന്നദ്ധനാണ്. ലോകപരിജ്ഞാനം ഉണ്ടായിരിക്കും. ആളെ തിരിച്ചറിഞ്ഞ് പെരുമാറുന്നതിലും സുഖദു:ഖങ്ങളെ സമചിത്തതയോടെ ദര്‍ശിക്കുന്നതിലും പ്രത്യേക കഴിവ് പ്രദര്‍ശിപ്പിക്കും.

ചതയത്തിന്റെ ഒന്നാം കാലില്‍ ജനിച്ചാല്‍സത്ഗുണസമ്പന്നനും നിത്യസഖിയും ശ്രീമാനും ഉദാരനും സത്യസന്ധനും ഗോക്കള്‍ ബ്രാഹ്മണര്‍ എന്നിവരെ പൂജിക്കുന്നവരും ആകും. രണ്ടാംകാലില്‍ ജനിച്ചാല്‍ പിശുക്കനും ജനദ്വേഷിയും മത്സരബുദ്ധിയും ക്ലേശ്ശസഹനും ക്രൂരപ്രവര്‍ത്തിചെയ്യുന്നവനും ധനികനും ക്ഷുധിതനും മോഹശീലനും ആകും. നാലാം കാലില്‍ ജനിച്ചാല്‍ സ്‌നേഹമില്ലാത്തവനും സ്വജനശത്രുവും എപ്പോഴും സത്പ്രവര്‍ത്തി ചെയ്യുന്നവനും അഭിമാനിയും സുഖിയും ആകും.

നക്ഷത്രപക്ഷമനുസരിച്ച് രാഹുദശയാണ് ആദ്യം. നാമനക്ഷത്രഗണനയില്‍ ഗോ,ദ, ദി ദു എന്നീ അക്ഷരങ്ങളാണ്. ഇവ ആദ്യക്ഷരമായവയുടെ നാമനക്ഷത്രമാണ്.

Categories: ASTROLOGY