DCBOOKS
Malayalam News Literature Website

പ്രളയ ദുരിതാശ്വാസം: കേരളത്തിന് 3,048 കോടി രൂപയുടെ കേന്ദ്രസഹായം

ദില്ലി: പ്രളയദുരന്തത്തില്‍ പെട്ട കേരളത്തിന് 3,048 കോടി രൂപയുടെ അധികസഹായം അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് സഹായം അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു സമിതി. 5,000 കോടി രൂപയുടെ സഹായമാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.

രാജ്‌നാഥ് സിങ്ങിനു പുറമേ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, കൃഷിമന്ത്രി രാധാമോഹന്‍ സിങ് എന്നിവരും ഉന്നതതല യോഗത്തില്‍ പങ്കെടുത്തിരുന്നു. കേരളം, നാഗാലാന്‍ഡ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതിദുരന്തത്തിന്റെ ആഘാതം വിലയിരുത്താനായിരുന്നു യോഗം ചേര്‍ന്നത്. പ്രകൃതിദുരന്തങ്ങള്‍ സംബന്ധിച്ച ഉന്നതതല സമിതിയോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്തു കേരളത്തിന് സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ ധനസഹായം നല്‍കാന്‍ തീരുമാനമായത്. ദേശീയ ദുരിതാശ്വാസനിധിയില്‍ നിന്നാണ് അധികധനം നല്‍കുക.

ഓഗസ്റ്റില്‍ പ്രളയം ഉണ്ടായ സമയത്ത് കേന്ദ്രം കേരളത്തിന് 600 കോടി രൂപ അനുവദിച്ചിരുന്നു. ലോകബാങ്കിന്റെയും ഐക്യരാഷ്ട്രസംഘടനയുടെയും കീഴിലുള്ള ഏജന്‍സികളുടെയും സൂചിക പ്രകാരം കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി 31,000 കോടി രൂപ ആവശ്യമാണ്.

Comments are closed.