DCBOOKS
Malayalam News Literature Website

സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മ്മയെ നീക്കി

അലോക് വര്‍മ്മ, രാകേഷ് അസ്താന

ദില്ലി: സി.ബി.ഐ തലപ്പത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര നടപടി. സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ നീക്കി പകരം സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിന് ചുമതല നല്‍കി. സ്‌പെഷ്യല്‍ ഡയറക്ടറായ രാകേഷ് അസ്താനയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡയറക്ടറുടെ എല്ലാ ചുമതലകളും നാഗേശ്വര്‍ റാവുവിന് കൈമാറുന്നുവെന്നും അടിയന്തരമായി ചുമതലയേറ്റെടുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഇന്നലെ അര്‍ദ്ധരാത്രിയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

സി.ബി.ഐ നേതൃത്വത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോര് സര്‍ക്കാരിനും സി.ബി.ഐയ്ക്കും വലിയ തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. 2017-ലാണ് അലോക് വര്‍മ്മ ദില്ലി പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് എത്തുന്നത്. ഇതിനെതിരെ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന അസ്താന പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാവുന്നത്. കൈക്കൂലി കേസില്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെയുണ്ടായ സി.ബി.ഐ നടപടിയും ഏറെ ചര്‍ച്ചാവിഷയമായിരുന്നു.

Comments are closed.