DCBOOKS
Malayalam News Literature Website

ശാരദാ ചിട്ടിതട്ടിപ്പ്: പൊലീസ് കമ്മീഷണര്‍ സി.ബി.ഐ അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീംകോടതി

ദില്ലി: ശാരദാ ചിട്ടിഫണ്ട് തട്ടിപ്പു കേസില്‍ സി.ബി.ഐ അന്വേഷണത്തോട് സഹകരിക്കാന്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ചോദ്യം ചെയ്യലിനായി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഷില്ലോങ്ങിലെ സി.ബി.ഐ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകണം. അതേസമയം പൊലീസ് കമ്മീഷണറെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസ് അടുത്ത വാദത്തിനായി ഫെബ്രുവരി 20-ലേക്ക് മാറ്റി.

കോടതിയലക്ഷ്യ ഹര്‍ജിയുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍, ഡി.ജി.പി, ബംഗാള്‍ സര്‍ക്കാര്‍ എന്നിവര്‍ക്ക് നോട്ടീസ് അയക്കുമെന്ന് കോടതി അറിയിച്ചു. കോടതിയലക്ഷ്യ കേസില്‍ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും ഫെബ്രുവരി 19-ന് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 20-നകം നോട്ടീസിന് മറുപടി നല്‍കണം. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ മറുപടി പരിശോധിച്ച് ഇവര്‍ക്കെതിരായ ഹര്‍ജിയില്‍ തീരുമാനമെടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അതേസമയം സുപ്രീം കോടതി വിധി ധാര്‍മ്മികവിജയമാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചു. കോടതിവിധിയെ സ്വാഗതം ചെയ്യുന്നു. അന്വേഷണത്തോടു സഹകരിക്കില്ലെന്നു പറഞ്ഞിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments are closed.