മെയ് 5 ലോക കാര്‍ട്ടൂണിസ്റ്റ് ദിനം; ദേശീയ കാര്‍ട്ടൂണ്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

cartoonഹാസ്യ ചക്രവര്‍ത്തിയായ കുഞ്ചന്‍ നമ്പ്യാരുടേയും, കാര്‍ട്ടൂണ്‍ കുലപതി ശങ്കറിന്റെയും നാടായ കേരളം ദേശീയ കാര്‍ട്ടൂണ്‍ മേളയായ ‘കാരിട്ടൂണ്‍ 2017’ന് വേദിയാവുകയാണ്. ലോക കാര്‍ട്ടൂണിസ്റ്റ് ദിന(മെയ്5) ത്തോടനുബന്ധിച്ചാണ് കാരിട്ടൂണ്‍ 2017 (കാര്‍ട്ടൂണ്‍ മേള) സംഘടിപ്പിക്കുന്നത്. മെയ് 4 മുതല്‍ 8 വരെ ഐറണാകുളം ഡര്‍ബാര്‍ ഹാള്‍ കലാ കേന്ദ്രത്തിലാണ് പരിപാടികള്‍.

ഫലിതത്തിനപ്പുറം ഗൗരവപൂര്‍വ്വമായ സമസ്യകളെ കൂടി അവതരിപ്പിക്കാനും വ്യാഖ്യാനിക്കാനും കാര്‍ട്ടൂണിസ്റ്റിന് കഴിയുമെന്ന് ശങ്കര്‍ മുതല്‍ ഒ.വി. വിജയനും, കുട്ടിയും, അബുവും ഉള്‍പ്പെടെയുള്ള പ്രതിഭകള്‍ തെളിയിച്ചതാണല്ലോ. ദേശഭാഷാ ഭേദങ്ങള്‍ക്കപ്പുറം ചിരിയും ചിന്തയും പങ്കിടുന്ന ഒരു വേദിയാണ് ലളിതകലാ അക്കാദമി ഈ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. കാര്‍ട്ടൂണ്‍ ക്യാമ്പിനുപുറമെ യശഃശരീരനായ ശങ്കറിന്റെ തെരഞ്ഞെടുത്ത കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം സഞ്ചരിക്കുന്ന ചിത്രശാലയില്‍ ലളിതകലാ അക്കാദമി “കാരിട്ടൂണ്‍” നടക്കുന്ന രാജേന്ദ്ര മൈതാനിയില്‍ ഒരുക്കുന്നുണ്ട്. കൂടാതെ മെയ് 6ന് ‘വരയുടെ അതിര്‍വരമ്പ്’ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.

നഗരത്തില്‍ ആറു വേദികളിലാണ് പരിപാടികള്‍. ദര്‍ബാര്‍ ഹാള്‍ മൈതാനി, രാജേന്ദ്ര മൈതാനി, ദര്‍ബാര്‍ ഹാള്‍ ഗാലറി, എറണാകുളം പ്രസ് ക്ലബ്ബ് ആര്‍ട്ട് ഗാലറി, കുട്ടികളുടെ പാര്‍ക്ക്, നാണപ്പ ആര്‍ട്ട് ഗാലറി എന്നിവയാണ് വേദികള്‍. സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജി.സി.ഡി.എ. നാണപ്പ ആര്‍ട്ട് ഗാലറി തുടങ്ങിയവയുടെ സഹകരണം മേളയുടെ വിവിധ പരിപാടികള്‍ക്കുണ്ട്.

കേരള സംസ്ഥാന രൂപവത്കരണത്തിന്റെ 60 വര്‍ഷം തികയുന്നതിന്റെ പശ്ചാത്തലത്തില്‍ കലാകൈരളിക്ക് പ്രണാമം അര്‍പ്പിച്ച് 60 കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുക്കുന്ന തത്സമയ ചിത്രരചനയായ ‘വരദക്ഷിണ’യോടെയാണ് മേളയുടെ തുടക്കം. ദര്‍ബാര്‍ ഹാള്‍ മൈതാനിയില്‍ മേയ് നാലിന് വൈകീട്ട് അഞ്ചിനാണ് പരിപാടി. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മേള ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കാര്‍ട്ടൂണ്‍ അക്കാദമി സ്ഥാപക ചെയര്‍മാന്‍ യേശുദാസന്‍ അധ്യക്ഷനായിരിക്കും.

മേയ് അഞ്ചിന് രാജേന്ദ്ര മൈതാനിയില്‍ രാവിലെ 11.00 ന് 1000 കാര്‍ട്ടൂണുകളുടെയും കാരിക്കേച്ചറുകളുടെയും മെഗാ പ്രദര്‍ശനം ആരംഭിക്കും. ഇതായിരിക്കും കാരിട്ടൂണിന്റെ മുഖ്യ വേദി. വൈകീട്ട് മൂന്നിന് സിനിമാ താരം ‘സലിംകുമാറും ട്രോളര്‍മാരും’ എന്ന പരിപാടി നടക്കും. ആറു മണിക്ക് ഡല്‍ഹി മെഹ്ഫില്‍ ഇസാമയുടെ സംഗീത പരിപാടി. കുട്ടികളുടെ പാര്‍ക്കില്‍ വൈകീട്ട് 3.30 ന് കുട്ടിച്ചിരിക്കൂട്ടത്തില്‍ ചിത്രകഥകളിലൂടെ പ്രശസ്തനായ മോഹന്‍ദാസ് കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ എത്തും. മേയ് ആറിന് വൈകീട്ട് മൂന്നിന് ‘കാര്‍ട്ടൂണിന്റെ അതിര്‍വരമ്പ്’ എന്ന സെമിനാറില്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ മോഡറേറ്ററായിരിക്കും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ സി. ഗൗരീദാസന്‍ നായര്‍, എം.ജി. രാധാകൃഷ്ണന്‍, മനോജ് ദാസ് എന്നിവര്‍ പങ്കെടുക്കും.

ആറു മണിക്ക് ലോക കാര്‍ട്ടൂണ്‍ ചരിത്രത്തെപ്പറ്റി കാര്‍ട്ടൂണിസ്റ്റ് പ്രശാന്ത് കുല്‍ക്കര്‍ണി ഒരുക്കിയ വീഡിയോ പ്രദര്‍ശനം. കുട്ടികളുടെ പാര്‍ക്കില്‍ വൈകീട്ട് 3.30 ന് കാര്‍ട്ടൂണിസ്റ്റ് വേണു കുട്ടികള്‍ക്കൊപ്പമെത്തും. മേയ് ഏഴ് രാവിലെ 10.00 ന് രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന ‘വരയും വനിതകളും’ സംവാദം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. ഒപ്പം വനിതാ കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുക്കുന്ന ചര്‍ച്ച നടക്കും. വൈകീട്ട് നാലിന് ‘മിനി സ്‌ക്രീനിലെ കോമഡിപ്പടക്കങ്ങള്‍’ സംവാദം. പി.സി. ജോര്‍ജ് എം.എല്‍.എ.യും ചാനലുകളിലെ രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടികളുടെ അവതാരകരും എത്തും. വൈകീട്ട് ആറിന് തേവര എസ്.എച്ച്. കോളേജ് വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ട്.

കാരിട്ടൂണിന്റെ ഭാഗമായി ദര്‍ബാര്‍ ഹാള്‍ ഗാലറിയില്‍ ആരംഭിച്ച ലോക കാര്‍ട്ടൂണ്‍ പ്രദര്‍ശനം മേയ് എട്ട് വരെ തുടരും. 30 രാജ്യങ്ങളില്‍ നിന്നുള്ള 86 കാര്‍ട്ടൂണിസ്റ്റുകളുടെ 100 രചനകളാണ് പ്രദര്‍ശനത്തില്‍. പരേഷ് നാഥ് (ഖലീജ് ടൈംസ്), സുഭാനി (െഡക്കാന്‍ ക്രോണിക്കിള്‍) എന്നിവരുള്‍പ്പെടെ 21 കാര്‍ട്ടൂണിസ്റ്റുകളാണ് എത്തുന്നത്. മേളയുടെ ഭാഗമായി രാജേന്ദ്ര മൈതാനിയില്‍ ലളിതകലാ അക്കാദമിയുടെ മൂവിങ് ഗാലറിയില്‍ ശങ്കറിന്റെ ഒറിജിനല്‍ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനവുമുണ്ട്. കാര്‍ട്ടൂണ്‍ രംഗത്തെ ആചാര്യന്മാരുടെ രചനകള്‍ എറണാകുളം പ്രസ് ക്ലബ്ബ് ഹാളില്‍ മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കും. ശങ്കര്‍, അബു, കുട്ടി, ഒ.വി. വിജയന്‍, യേശുദാസന്‍ എന്നിങ്ങനെ പ്രശസ്തരുടെ മാസ്റ്റര്‍പീസുകള്‍ ആയിരിക്കും ഗാലറിയില്‍ എട്ടു വരെ പ്രദര്‍ശിപ്പിക്കുക.

കുട്ടികളുടെ ക്ലാസില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കാം: 9847417254.

Categories: ART AND CULTURE