തിരക്കഥ സാഹിത്യമല്ലെന്ന് സി വി ബാലകൃഷ്ണന്‍

cv

തിരക്കഥ സാഹിത്യമല്ല അതിനാല്‍ തിരക്കഥ പ്രസിദ്ധീകരിക്കുകയോ അതിന് അവാര്‍ഡ് നല്‍കുകയോ ചെയ്യേണ്ടതില്ലെന്ന് എഴുത്തുകാരന്‍ സി വി ബാലകൃഷ്ണന്‍. കോട്ടയം സി എം എസ് കോളജില്‍ കോളിന്‍സ് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പുസ്തകം എഴുതുന്നതും സിനിമ നിര്‍മ്മിക്കുന്നതുമായ പ്രക്രിയ രണ്ടാണ്. അതില്‍ തിരക്കഥ ഒരു ഘട്ടം മാത്രമാണ്. സാഹിത്യം സിനിമയ്ക്ക് മുമ്പേ വന്നിരുന്നുവെന്നും ചരിത്രം നോക്കുമ്പോള്‍ സിനിമയ്ക്കുമുമ്പേ പൗഢി കരസ്ഥമാക്കിയെന്ന് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യബന്ധിതമായല്ല സിനിമ തുടങ്ങുന്നത്. മഹത്തായ സാഹിത്യ രചനകളോട് സിനിമയ്ക്ക് ബന്ധമില്ല. സാഹിത്യത്തിന്റെ അടിസ്ഥാന ഘടകം വാക്കാണ്. എഴുത്തുകാരന്‍ അവന്റെ ആശയങ്ങള്‍ വാക്കുകള്‍ക്കൊണ്ട് ചിട്ടപ്പെടുത്തുന്നു. അത് അമൂര്‍ത്തമാണ്. വായനക്കാരന്‍ അത് അവന്റെ ബോധത്തിനനുസരിച്ച് ദൃശ്യവത്ക്കരിക്കുന്നു. ഓരോ വായനക്കാരനും അത് വ്യത്യസ്തമായാണ് ഉള്‍ക്കൊള്ളുന്നത്. അദ്ദേഹം പറഞ്ഞു.

സിനിമയെ സംബന്ധിച്ചിടത്തോളം മൂര്‍ത്തത അവതരിപ്പിക്കുന്ന മാധ്യമമാണ്. അതിലെ കാലം വര്‍ത്തമാനകാലം മാത്രമാണ്. സാഹിത്യത്തില്‍ ഭൂതവര്‍ത്തമാനകാളങ്ങള്‍ സമന്വയിപ്പിക്കണം. ഖസാക്കിന്റെ ഇതിഹാസത്തില്‍ രവി ബസ്സിറങ്ങുന്ന സ്ഥലം അപരിചിതമായി തോന്നിയില്ല. ഇത് സിനിമയില്‍ ദൃശ്യവത്ക്കരിക്കുക അസാധ്യമാണ്. സിനിമ വാക്കുകള്‍ക്കെതിരായാണുണ്ടായതെന്നും സി വി ബാലകൃഷ്ണന്‍ പറഞ്ഞു.

ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ റോയി സാം അധ്യക്ഷത വഹിച്ചു. മലയാള വിഭാഗം അധ്യക്ഷന്‍ ഡോ ബാബു ചെറിയാന്‍ മിനി സഖറിയ എന്നിവര്‍ സംസാരിച്ചു.

Categories: Editors' Picks, MOVIES