DCBOOKS
Malayalam News Literature Website

കൊച്ചിയിലും തൃശ്ശൂരും എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്നു

പ്രതീകാത്മകചിത്രം

കൊച്ചി:സംസ്ഥാനത്ത് രണ്ട് എ.ടി.എം കൗണ്ടറുകള്‍ തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്നു. തൃശൂര്‍ കൊരട്ടിയിലും തൃപ്പൂണിത്തുറയ്ക്കടുത്ത് ഇരുമ്പനത്തുമാണ് എടിഎം കൗണ്ടറുകള്‍ തകര്‍ന്ന് വന്‍മോഷണം നടത്തിയത്. അതേസമയം കോട്ടയം ജില്ലയിലെ മോനിപ്പള്ളിയിലും വെമ്പള്ളിയിലും എ.ടി.എം കൗണ്ടറുകളില്‍ മോഷണശ്രമം നടന്നിട്ടുണ്ട്. എന്നാല്‍ ഇവിടെ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ല. എ.ടിഎം തകര്‍ത്ത് പണമെടുക്കുന്ന സംഭവം സംസ്ഥാനത്ത് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് കൊരട്ടി പ്രസിന് മുന്‍വശത്തുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയോട് ചേര്‍ന്നുള്ള എടിഎം കൗണ്ടറില്‍ കവര്‍ച്ച നടന്നത്. സിസിടിവി ക്യാമറയില്‍ സ്പ്രേ പെയിന്റ് അടിച്ച ശേഷമാണ് മോഷണം നടത്തിയിരിക്കുന്നത് രാവിലെ ബാങ്ക് തുറക്കാന്‍ എത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. 10,86000 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ബാങ്ക് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്. എ.ടി.എം മെഷീന്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ചാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്.

തൃപ്പൂണിത്തുറ ഇരുമ്പനത്തെ എസ്ബിഐ കൗണ്ടറും ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് തകര്‍ത്തത്. ഇവിടെ നിന്ന് 25 ലക്ഷം രൂപയാണ് കവര്‍ച്ച ചെയ്തിരിക്കുന്നത്. ഇരുമ്പനത്തെ എടിഎം കൗണ്ടറില്‍ നിന്ന് അവസാനമായി പണം പിന്‍വലിച്ചത് രാത്രി 11.30ഓടെയാണ്. ഇതിന് ശേഷമാകാം മോഷണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷട്ടര്‍ അടച്ചിട്ട ശേഷമായിരുന്നു മെഷീന്‍ തകര്‍ത്ത് എടിഎമ്മിനുള്ളിലെ പണം കവര്‍ന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കൗണ്ടറുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

സമാനസ്വഭാവമുള്ള മോഷണമായതിനാല്‍ കവര്‍ച്ചക്ക് പിന്നില്‍ ഒരേസംഘമാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവസ്ഥലങ്ങളില്‍ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും തെളിവുകള്‍ ശേഖരിക്കാനെത്തിയിരുന്നു.

 

Comments are closed.