DCBOOKS
Malayalam News Literature Website

‘ഞാന്‍ എന്നിലേക്ക് നടത്തിയ സൂക്ഷ്മസഞ്ചാരങ്ങളുടെ രേഖാചിത്രങ്ങളാണ് ഈ നോവല്‍’

ബുദ്ധ എന്ന പുതിയ നോവലിന്റെ എഴുത്തനുഭവത്തെക്കുറിച്ച് രചയിതാവ് ചന്ദ്രശേഖര്‍ നാരായണന്‍

ബുദ്ധ’ എനിക്ക് എന്നിലേക്കുള്ള യാത്രയായിരുന്നു. എനിക്ക് അന്യനിലേക്കും അന്യതയിലേക്കും സഞ്ചരിക്കണമെങ്കില്‍ വളരെ എളുപ്പമാണ്. അതിനുള്ള എല്ലാ സൗകര്യങ്ങളും സാദ്ധ്യതകളും ഇവിടെയുണ്ട്. എന്നാല്‍ എനിക്ക് എന്നിലേയ്‌ക്കൊന്നുപോയിവരണമെങ്കില്‍ ഇവിടെ യാതൊരു മാര്‍ഗ്ഗങ്ങളും നിലവിലില്ല. ഒരര്‍ത്ഥത്തില്‍ നാം നമുക്ക് അന്യനാണ്. നമുക്ക് നമ്മെ അറിയില്ല. ഇനി അല്പമെങ്കിലും അറിയാമെങ്കില്‍തന്നെ അവനവന്റെ ബാഹ്യരൂപത്തെ മാത്രമാണ്, അതും കണ്ണാടിയുള്ളതുകൊണ്ട്. ഈ ബാഹ്യരൂപത്തിനപ്പുറത്തുള്ള ഒരു ഉണ്മ നമുക്കുണ്ടെന്നുള്ളത് ആരും ചിന്തിക്കാറേയില്ല. പിന്നെയല്ലേ അവിടേയ്ക്ക് സഞ്ചരിക്കുന്നത്! അതിനാദ്യം വേണ്ടത് നാം ഈ ശരീരം മാത്രമല്ല എന്ന ബോധമാണ്. ശരീരത്തിനപ്പുറത്തും നമ്മളെ നിലനിര്‍ത്തുന്ന ഒരു സ്വത്വമുണ്ടെന്ന് നാം കണ്ടെത്തേണ്ടിയും അനുഭവിക്കേണ്ടിയുമിരിക്കുന്നു. ബോധം, ബുദ്ധി, മനസ്സ്, പഞ്ചേന്ദ്രിയങ്ങള്‍, അതിന്റെ വിഷയങ്ങളായ ശബ്ദസ്പര്‍ശരൂപഗന്ധാദികളായ ഗുണങ്ങള്‍ അങ്ങനെയങ്ങനെ ഒരുപാട് കാര്യങ്ങള്‍ അദൃശ്യരായി നമുക്കൊപ്പമുണ്ട്. നമ്മളറിയാത്ത നമ്മുടെ ഒരദൃശ്യസാന്നിദ്ധ്യം നമ്മോടുകൂടെ സദാ ചലിക്കുന്നുണ്ട്.

ബുദ്ധ എനിക്ക് ബുദ്ധനിലേക്കുള്ള യാത്രയായിരുന്നു. ബുദ്ധനെന്നാല്‍ ഈ പ്രകൃതി. പ്രകൃതിയനുസാരിയായിത്തീരുന്നതോടെ ബുദ്ധനായിത്തീരും. ബുദ്ധനെന്നാല്‍ ബുദ്ധിതന്നെ. ബുദ്ധിയുടെ രൂപത്തിലാണ് ഞാന്‍ നിങ്ങളിലുള്ളതെന്ന് ഗീതയില്‍ കൃഷ്ണന്‍ പറയുന്നു. ദൈവത്തിന്റെ സിംഹാസനം തേടി പുറത്തലയുന്ന മനുഷ്യരെക്കുറിച്ച് കബീര്‍ദാസും നാരായണഗുരുവും പറയുന്നുണ്ട്. ബുദ്ധനിലേക്കുള്ള യാത്രയെന്നാല്‍ എനിയ്‌ക്കെന്നിലേക്കുള്ള യാത്രതന്നെയാണ്.

ഇത്തരുണത്തില്‍ ഓര്‍മ്മ വരുന്ന ഒരു ചെറിയ സെന്‍ബുദ്ധിസ്റ്റ് കഥയുണ്ട്:

മരിക്കാന്‍ കിടക്കുന്നൊരാളോട് ഗുരു പറഞ്ഞു: “ഞാന്‍ നിനക്കു വഴി കാണിക്കട്ടെ?”
‘ഞാന്‍ വന്നതൊറ്റയ്ക്ക്, പോകുന്നതുമൊറ്റയ്ക്ക്. അതിനു നിങ്ങളെന്തു സഹായിക്കാന്‍?”

അയാള്‍ചോദിച്ചു.”വന്നുവെന്നും ഇനി പോകുന്നുവെന്നുമാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ അതൊരു മതിഭ്രമം മാത്രം. വരവും പോക്കുമില്ലാത്ത ഒരു വഴിയുള്ളത് ഞാനൊന്നു കാണിച്ചുതരട്ടെ?”
അതുകേട്ടതോടെ അയാളുടെ ബോധം തെളിഞ്ഞു. ഒരു മന്ദഹാസത്തോടെ അയാള്‍ ജീവന്‍ വെടിയുകയും ചെയ്തുവത്രെ!

പ്രത്യക്ഷത്തിലെടുക്കുമ്പോള്‍ ബുദ്ധ ഒരു കഥയായിട്ടു തോന്നാം. ചെറിയ ക്ലാസ്സുകളിലെ സാമൂഹ്യപാഠപുസ്തകങ്ങളില്‍ നിന്നും ഊട്ടിയുറപ്പിക്കപ്പെട്ട ഒരു ചരിത്രസംഭവം. കേട്ടുകേട്ട് പഴകിച്ച, സ്വന്തം രാജ്യവും കുടുംബവും ഉപേക്ഷിച്ച ഒരു പാവം രാജകുമാരന്റെ കഥ. വാമൊഴികളുടെ വടവൃക്ഷശിഖിരങ്ങളില്‍ തൂങ്ങിയാടി എത്രയോ കേട്ട വാക്കുകളാണിതെല്ലാം. യഥാര്‍ത്ഥത്തില്‍ നമ്മുടെ പൂര്‍വ്വസൂരികള്‍ ഇത്തരത്തിലുള്ള തത്ത്വജ്ഞാനികളുടെ ജീവിതങ്ങള്‍ കഥാരൂപേണ നമുക്ക് പകര്‍ന്നു തന്നത് വെറുതെ കേട്ട് രസിക്കുന്നതിനുവേണ്ടിയാണോ? അല്ലേയല്ല. നമുക്ക് നമ്മളെ മനസ്സിലാക്കുന്നതിനും തിരിച്ചറിയുന്നതിനും വേണ്ടിയാണത്. നമുക്ക് നമ്മുടെ പൂട്ടുകള്‍ സ്വയം തുറക്കാനുള്ള താക്കോലുകളാണത്.

നോവലില്‍ ഒരിടത്ത് ബുദ്ധന്‍ തന്റെ പ്രിയശിഷ്യനായ ആനന്ദനോടു പറയുന്നു: ‘നിരീക്ഷണാത്മകനായ മനുഷ്യന്‍ സ്വന്തം ജീവിതത്തിന്റെ അധിപനായിത്തീരുന്നു. സ്വന്തം വെളിച്ചത്തിലാണവന്‍ ജീവിതം നയിക്കുക. എല്ലാറ്റിനേയും മാറിനിന്ന് നിരീക്ഷിക്കുന്നു. നിരീക്ഷണം ചെയ്യുമ്പോള്‍ കലപിലകൂട്ടുന്ന മനസ്സുപോലും അതിന്റെ കലപിലകുറക്കുന്നത് കാണാം. മനസ്സ് മനുഷ്യന്റെ നിത്യശത്രുവാണ്. മനസ്സിനെ താരതമ്യപ്പെടുത്തുമ്പോള്‍ പുറത്തുള്ള ശത്രുക്കള്‍ എത്രയോ ദുര്‍ബലരാണെന്നുകാണാം. പക്ഷേ, ഈ ശത്രുവിനെ കണ്ടെത്തണമെങ്കില്‍ നാം നമ്മളിലേക്ക് സഞ്ചരിക്കേണ്ടിയിരിക്കുന്നു.

ബുദ്ധന്റെ എല്ലാ യാത്രകളും സൂക്ഷ്മാര്‍ത്ഥത്തില്‍ തന്നിലേക്കു തന്നെയുള്ള യാത്രകളായിരുന്നു. ബുദ്ധന്‍ ജീവിതത്തിന്റെ സത്യമെന്താണെന്ന് കണ്ടെത്തിയതുതന്നെ പുറത്തേക്കുള്ള യാത്രകളിലൂടെയായിരുന്നില്ല. തന്നിലേക്കുതന്നെയുള്ള അതിസൂക്ഷ്മസഞ്ചാരങ്ങളിലൂടെയായിരുന്നത്. അതുകൊണ്ടുതന്നെ പുറത്തേക്ക് നോക്കാനല്ല ബുദ്ധന്‍ നമുക്ക് പഠിപ്പിച്ചു തരുന്നത്. നാം തന്നെ നമ്മുടെ വെളിച്ചമായി മാറാനാണ്. അങ്ങനെ സ്വയം ഒരു ബുദ്ധനായിത്തീരാനും.

Comments are closed.