DCBOOKS
Malayalam News Literature Website

‘ഖാനിത്താത്ത്’; ഫസീല മെഹറിന്റെ ശ്രദ്ധേയമായ നോവല്‍

2018-ലെ ഡി സി നോവല്‍ സാഹിത്യ പുരസ്‌കാരത്തിനുള്ള പരിഗണനാപട്ടികയില്‍ ഇടംനേടിയ ഫസീല മെഹറിന്റെ ഖാനിത്താത്ത് എന്ന കൃതിയെക്കുറിച്ച് നിധിന്‍ മുരളി എഴുതിയ വായനാനുഭവം.

പുസ്തകത്തെ പറ്റി പറയുന്നത്തിനു മുന്‍പ് എന്റെ രണ്ട് കൂട്ടുകാരുടെ ജീവിത കഥകള്‍ പറയാം.

മുസ്‌ലിം മതത്തില്‍ ജനിച്ച ഒരു കൂട്ടുകാരി. നന്നായി പഠിക്കും. എം.ബി.ബി.എസിന് നാലാം വര്‍ഷം പഠിക്കുന്നു. സാമ്പത്തികമായി നല്ല ഭദ്രതയുള്ള കുടുംബം. അങ്ങനെയിരിക്കെ അവള്‍ക്കു ഒരു വിവാഹാലോചന വരുന്നു. പയ്യന്‍ തിരുവന്തപുരം ടെക്‌നോപാര്‍ക്കില്‍ ഒരു കമ്പനിയില്‍ ജോലിചെയ്യുന്നു. പയ്യനും സാമ്പത്തികഭദ്രതയുള്ള കുടുംബം. യാഥാസ്ഥിതികരായ മുസ്‌ലിം കുടുംബങ്ങളാണ് രണ്ടും. അങ്ങനെ അവനുമായി അവളുടെ കല്യാണം ഉറപ്പിക്കുന്നു. വിവാഹത്തിന് ശേഷം അവളുടെ പഠിത്തം അനുവദിക്കില്ല എന്നു ആദ്യമേ പറയുന്നു. അവള്‍ എതിര്‍ത്തു നോക്കിയെങ്കിലും ‘കുടുംബ മഹിമ’,’കുലമഹിമ’,’സാമ്പത്തിക ഭദ്രത’ എന്നൊക്കെ ഊള കാരണം പറഞ്ഞ് അവളെ ആ പയ്യന് നിക്കാഹ് ചെയ്തു കൊടുക്കുന്നു. അങ്ങനെ നാലാം വര്‍ഷത്തെ പരീക്ഷ പോലും എഴുതുവാനാകാതെ അവള്‍ വീട് എന്ന തടവറയില്‍ ആകുന്നു. ജീവിതത്തില്‍ പാറിപ്പറന്നുനടന്ന ആ പെണ്‍കുട്ടി നാലു ചുമരുകള്‍ക്കും, കല്യാണത്തിന് ശേഷം ആദ്യമായി ഉപയോഗിക്കുന്ന പര്‍ദ്ദ എന്ന വസ്ത്രത്തിലേക്കും ഒതുങ്ങുന്നു. വീടിന്റെ അടുത്തുള്ള ആളുകളെ പോലും അവള്‍ക്കു അറിയില്ല. മീന്‍ വില്‍ക്കാന്‍ വരുന്ന കച്ചവടക്കാരനു പോലും ഗേറ്റിനു മുകളില്‍ കൂടിയാണ് മല്‍സ്യം വാങ്ങുന്നതിന്റെ കാശ് കൊടുക്കുന്നത്. സ്വയം എല്ലാ വിഷമങ്ങളും സ്വപ്നങ്ങളും ഉള്ളില്‍ ഒതുക്കി ജീവിക്കുന്നു.

ഇനി മറ്റൊരു പെണ്‍കുട്ടി 22 വയസ്സ്. 17 വയസുള്ളപ്പോള്‍ വിവാഹം. 3 വയസുള്ള ഒരു ആണ്‍കുട്ടിയുടെ അമ്മ. ഭര്‍ത്താവുമായി അത്ര സ്വരചേര്‍ച്ച ഇല്ലാതായി, അവള്‍ ഇപ്പോള്‍ എല്‍.എല്‍.ബിക്ക് പഠിക്കുന്നു. അവളുടെ ചെറുപ്പം മുതല്‍ ഉള്ള ഐ.എ.എസ് എന്ന സ്വപ്നത്തിന് വേണ്ടി പഠിക്കുന്നു. നന്നായി +2 വരെ പഠിച്ചു, പെട്ടന്നു വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹം ചെയ്യുന്നു. അവളുടെ സ്വപ്നങ്ങള്‍ക്കു കരിനിഴല്‍ വീഴുന്നു. പിന്നീട് എല്ലാം പൊട്ടിച്ചെറിഞ്ഞ് അവള്‍ അവളുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെടുന്നു. തന്റെ മകളുടെ അവസ്ഥക്ക് കാരണം താനാണന്ന് കരുതി പശ്ചാതാപത്തില്‍ കഴിയുന്ന അവളുടെ ഉപ്പ.

മേല്‍പ്പറഞ്ഞത് ചെറിയ രണ്ടു ഉദാഹരണങ്ങള്‍ മാത്രമാണ്. ഇതുപോലെ ഒന്നുരണ്ടു പേരെ കൂടി എന്റെ സുഹൃത്തുക്കളില്‍ കാണാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. എല്ലാ മുസ്‌ലിം കുടുംബങ്ങളും ഇങ്ങനെയാണ് എന്നല്ല പറഞ്ഞു വരുന്നത്. ഒരു 60-70 ശതമാനത്തോളം ഇങ്ങനെയാണ്. ഈ രണ്ട് ഉദാഹരണത്തില്‍ കൂടി നിങ്ങള്‍ക്ക് ഈ ബുക്കിനെ പറ്റി ഒരു ഗ്രാഹ്യം കിട്ടി കാണുമല്ലോ?

ഇനി പുസ്തകത്തെ പറ്റി പറയാം. 2018-ലെ ഡി സി സാഹിത്യ പുരസ്‌ക്കാരത്തിനു പരിഗണിക്കപ്പെട്ട അഞ്ച് നോവലുകളില്‍ ഒന്നാണ് ഈ പുസ്തകം. പുസ്തകത്തിന്റെ പേര്, മുഖചിത്രം എന്നിവകൊണ്ടു കൗതുകം തോന്നി. വിഷാദം തോന്നുന്ന, അല്ലെങ്കില്‍ ആശയറ്റ, അല്ലെങ്കില്‍ മനസില്‍ തറഞ്ഞു കയറുന്ന നോട്ടവുമായി ആ കണ്ണുകള്‍ ആരുടെയാണ്? ആ കണ്ണുകളില്‍ കൂടി എന്താണ് അവള്‍ക്കു പറയാന്‍ ഉള്ളത്? അങ്ങനെ ഒരു കൗതുകം കൊണ്ട് വാങ്ങി ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്ത പുസ്തകമാണ് ‘ഖാനിത്താത്ത്‘.

‘ഖാനിത്താത്ത്’ എന്ന വാക്കിന്റെ അര്‍ത്ഥം ‘അനുസരണയുള്ളവള്‍’ എന്നാണ്. ഖുര്‍ആനിലെ നാലാം അധ്യായത്തിലെ 34-ആം സൂക്തത്തില്‍ നല്ലവരായ സ്ത്രീകളുടെ ഒന്നാമത്തെ ലക്ഷണം എന്നു പറയുന്നത് ‘അനുസരണയുള്ളവള്‍’ ആയിരിക്കണം എന്നാണ് .

ഇതു നാദിറയുടെ കഥയാണ്. നമ്മുടെ ഇന്നത്തെ സമൂഹത്തില്‍ പുരുഷ മേല്‍കോയ്മയുടെ ഇരയായി, അല്ലെങ്കില്‍ ഒരു മതത്തിന്റെ അടിമയായി, ജീവിക്കുന്ന ഒരുകൂട്ടം മുസ്ലിം സ്ത്രീകളുടെ കേവലം ഒരു പ്രതിനിധി മാത്രമാണ് നാദിറ. ഒരു പക്ഷേ കഥാകൃത്തിന് നേരിട്ട് അനുഭവമുള്ള ആരുടെയോ കഥ ആണെന്നു തോന്നുന്നു ഇത്. കോളേജില്‍ പഠിക്കാനുള്ള ആഗ്രഹവുമായി 17-ാമത്തെ വയസ്സില്‍ വിവാഹിതയാകുന്ന നാദിറ. ആദ്യ രാത്രിയില്‍ തന്നെ എഞ്ചിനീയര്‍ ആയ അവളുടെ ഭര്‍ത്താവ് അഷ്‌കര്‍ കൊടുക്കുന്ന മോഹന വാഗ്ദാനം ‘നിനക്കു പഠിക്കാന്‍ ഇഷ്ടം ഉണ്ടേല്‍ പഠിക്കാന്‍’.

പക്ഷേ അതുവെറും വാഗ്ദാനം മാത്രം ആയി. അതിനെ ചോദ്യം ചെയ്ത അവള്‍ക്ക് പക്ഷേ ഒന്നും നേടാന്‍ സാധിക്കുന്നില്ല. തുടര്‍ന്നു ആദ്യ പ്രസവത്തില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന പൊറുക്കാനാവാത്ത ‘തെറ്റ്’ അവള്‍ ചെയ്യുന്നു. കുടുംബത്തില്‍ ആദ്യത്തേത് ആണ്‍കുഞ്ഞ് ആയിരിക്കണം എന്ന മതത്തിന്റെ അന്ധവിശ്വാസങ്ങളെ തൊല്ലി അവളെ പഴിചാരുന്ന ഭര്‍ത്താവും വീട്ടുകാരും.

മാനസിക പീഡനം തുടരുമ്പോള്‍ അവള്‍ തന്‍ഹ എന്ന തന്റെ പെണ്‍കുഞ്ഞിനേയും കൊണ്ട് സ്വന്തം വീട്ടിലേക്ക് വരുന്നു. ഇതിനിടയില്‍ ആണ്‍കുട്ടി ഉണ്ടാകാന്‍ വേണ്ടി അവളെ ഒരു ഉസ്താദിന്റെ അടുക്കല്‍ കൊണ്ടുപോകുന്നതും അയാളുടെ മരുന്നുകള്‍ കഴിപ്പിക്കുന്നതും നാദിറയെ പോലെ വായിക്കുന്ന ഏതൊരാള്‍ക്കും ദേഷ്യം തോന്നും. അങ്ങനെ എല്ലാം സഹിച്ചു വീട്ടില്‍ വരുന്ന അവള്‍ വീണ്ടും പഠിക്കാന്‍ തീരുമാനിക്കുന്നു. തന്റെ മകള്‍ക്ക് വേണ്ടി അവള്‍ കഷ്ടപ്പെട്ട് പഠിക്കുന്നു.

എന്നാല്‍ ഏതൊരു വിവാഹിതയായ സ്ത്രീക്കും അത്ര പെട്ടെന്ന് എല്ലാം ഉപേക്ഷിച്ചു വരാന്‍ കഴിയില്ലല്ലോ. മുസ്‌ലിം മതപ്രകാരം മൂന്നു വട്ടം ഭര്‍ത്താവ് തലാഖ് ചൊല്ലാതെ അവള്‍ക്ക് ബന്ധം ഉപേക്ഷിക്കാന്‍ കഴിയില്ല.
എന്നാല്‍ അവള്‍ നിയമപരമായി തന്നെ മുന്നോട്ടു നീങ്ങുന്നു, 1939- ലെ മുസ്‌ലിം വിവാഹമോചന നിയമം അനുസരിച്ച്. സ്ത്രീയ്ക്കുള്ള നീതി ഉറപ്പു വരുത്തുവാന്‍കൂടി രൂപ കല്പന ചെയ്തിട്ടുള്ളതാണ് മുസ്‌ലിം വിവാഹമോചന നിയമങ്ങള്‍ എന്ന് നോവലിസ്റ്റ് നമുക്കു കാട്ടിത്തരുന്നു.

ഒടുവില്‍ നിയമത്തില്‍ പറയുന്ന നാലാമത്ത രീതി ‘ഫസഖ് ‘ വഴി അവള്‍ ആ ബന്ധം വേര്‍പെടുത്തുന്നു. ഭാര്യയ്ക്കുള്ള അവകാശങ്ങള്‍ നിഷേധിച്ച് പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന ഭര്‍ത്താവിനോടുള്ള ബന്ധം അവസാനിപ്പിക്കാന്‍ അവള്‍ക്കുള്ള മാര്‍ഗ്ഗമാണ് ഫസ്ഖ്. ഭര്‍ത്താവ് ഭാര്യയ്ക്കുള്ള വിവാഹമോചനം നിഷേധിക്കുമ്പോള്‍ അവള്‍ക്ക് ഈ രീതി പ്രയോഗിക്കാം. അങ്ങനെ ബന്ധം വേര്‍പ്പെടുത്തി പഠിച്ചു ഒരു ടീച്ചര്‍ ആയ അവള്‍ തന്റെ മകളുമായി ജീവിക്കുന്നത് വളരെ ലളിതമായി എന്നാല്‍ തീവ്രമായി ഫസീല മെഹര്‍ എന്ന എഴുത്തുകാരി നമുക്കു കാണിച്ചു തന്നിരിക്കുന്നു.

മുസ്‌ലിം സമുദായത്തിലെ ദാമ്പത്യസംഘര്‍ഷങ്ങളെ, സ്ത്രീവിരുദ്ധ നിലപാടുകളെ, മതത്തിന്റെ പേരിലുള്ള കപട സദാചാരവാദങ്ങളെ, പ്രതികരിക്കേണ്ട കാര്യങ്ങളില്‍ പ്രതികരിക്കാതെ അകമേയും പുറമേയും ആണിനേയും മതത്തിനേയും അനുസരിക്കുക മാത്രം ചെയ്യുന്ന മുസ്‌ലിം സ്ത്രീകളെ, നിയമങ്ങളെ സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ചു വ്യാഖ്യാനിക്കുന്ന പുരുഷാധിപത്യ സമൂഹത്തെയൊക്കെ കാണിച്ചുതരുന്ന നോവലാണ് ‘ഖാനിത്താത്ത്‘.

ഇസ്‌ലാമിനുള്ളിലെ സ്ത്രീക്ക് അനുകൂലമായ നിയമങ്ങള്‍ കൃത്യമായി പഠിച്ച് നോവലില്‍ എഴുതുവാന്‍ ഫസീല എന്ന എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട്. ശരിക്കും അതിലും അവരുടെ ധൈര്യത്തിലും കൈയ്യടി അര്‍ഹിക്കുന്നു. നവോത്ഥാനം നമ്മുടെ കുടുംബങ്ങളില്‍ നിന്നും തന്നെ ആദ്യം ഉണ്ടാകട്ടെ. പഠിക്കാനും മറ്റ് സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനും ഓരോ പുരുഷനും അവര്‍ക്ക് ഒരു തുണയാകണം. വളര്‍ന്നു വരുന്ന തലമുറ എങ്കിലും പാറിപ്പറന്നു ജീവിക്കട്ടെ.

Comments are closed.