ജിഎസ്ടി ഇനിയും കലങ്ങിത്തെളിയാനുണ്ടെന്ന് പ്രൊഫ. ബി എ പ്രകാശ്

gst-book

ഇനിയും കലങ്ങിത്തെളിയാനുണ്ട് ചരക്കുസേവനനികുതികളുടെ നടപ്പാക്കല്‍ എന്നും അതിന് കുറച്ചുനാള്‍ക്കൂടി വേണ്ടിവരുമെന്നും അങ്ങനെ കലങ്ങിത്തെളിയുമ്പോള്‍ വ്യാപാരിവ്യവസായികള്‍ക്കും പുതിയ സംരംഭകര്‍ക്കും പൊതുജനങ്ങള്‍ക്കുമായി മറ്റൊരു ജിഎസ്ടി പുസ്തകം കൂടി ഡോ ജോസ് സെബാസ്റ്റിയന്‍ തയ്യാറാക്കേണ്ടതുണ്ടെന്നും മുന്‍ എക്‌സ്പന്റിച്ചര്‍ കമ്മീഷന്‍ ചെയര്‍മാനായ പ്രൊഫ. ബി എ പ്രകാശ് അഭിപ്രായപ്പെട്ടു. ജിഎസ്ടി അറിയേണ്ടതെല്ലാം എന്ന പുസ്തകം കേരള വ്യാപാരിവ്യവസായി ഏകോപനസമിതി പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രനു നല്‍കിക്കൊണ്ട് അദ്ദേഹം പ്രകാശനം നിര്‍വ്വഹിച്ചു. ഏറ്റവും ലളിതമായി, കഴിയാവുന്നിടത്തോളം വ്യക്തതയോടെയാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളതെന്നും അതിനാല്‍ ഏവര്‍ക്കും പ്രയോജനകരമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാപാരിവ്യവസായികള്‍ മുഴുവന്‍ ജിഎസ്ടിയുടെ കാര്യത്തില്‍ തികഞ്ഞ അവ്യക്തതയിലാണെന്നും ഇങ്ങനെയൊരു പുസ്തകത്തിലൂടെ അവര്‍ക്ക് വ്യക്തതപകരാന്‍ കഴിയുന്നു എന്നതിനാല്‍ ഡോ ജോസ് സെബാസ്റ്റിയനും ഡി സി ബുക്‌സും അഭിനന്ദനമര്‍ഹിക്കുന്നുണ്ടെന്നും പെരിങ്ങമല രാമചന്ദ്രന്‍ പറഞ്ഞു. എക്‌സ്പന്റിച്ചര്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണായിരുന്ന ഡോ.മേരി ജോര്‍ജ് പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ചു. പുതിയ നികുതിവ്യവസ്ഥയെ ഇത്രയും ലളിതമായി വിവരിക്കാമെന്നുകാണിക്കുന്ന ഈ മനോഹര പുസ്തകം അക്കാദമിക് രംഗത്തുള്ളവര്‍ക്കും ഏറെ പ്രയോജനപ്പെടുമെന്ന് അവര്‍ പറഞ്ഞു. ഡോ ജോസ് സെബാസ്റ്റിയന്‍ മറുപടിയും നന്ദിയും പറഞ്ഞു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ഡി സി ബുക്‌സ്പുസ്തകമേളയിലാണ് പുസ്തകപ്രകാശനം നടന്നത്.